ന്യഡൽഹി: കോവിഡ്-19 രോഗബാധയെത്തുടർന്ന് രാജ്യം അടച്ചുപൂട്ടലിലേക്ക് പോയതോടെ കൂട്ട പലായനം ചെയ്ത് ഡൽഹിയിലെ ഇതര സംസ്ഥാന തൊഴിലാളികൾ. സുരക്ഷിതത്വമില്ലാതെ, വാഹനങ്ങളിൽ തിങ്ങിഞെരുങ്ങി യാത്ര ചെയ്താണ് തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് മടങ്ങുന്നത്.

ഡൽഹിയിൽനിന്ന് ഉത്തർപ്രദേശിലെ വിവിധ സ്ഥലങ്ങളിലേക്ക് പോവുന്നതിനായി നൂറുകണക്കിന് പേരാണ് ഇന്ന് ആനന്ദ് വിഹാർ ബസ് ടെർമിനലിലെത്തിയത്. ഡൽഹി ഉത്തർപ്രദേശ് അതിർത്തിയിലും നിരവധിപേർ വാഹനങ്ങൾക്കായി കാത്തുനിന്നു.

ഫോട്ടോ: പ്രവീൺ ഖന്ന

 

ഡൽഹിയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും യുപിയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള ബസ്സുകൾ തിങ്ങി നിറഞ്ഞ അവസ്ഥയിലാണ്. ഈ വാഹനങ്ങളുടെ മുകളിൽ കയറിയടക്കം ആളുകൾ യാത്രചെയ്യുന്നുമുണ്ട്. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച സുരക്ഷിത അകലം പാലാക്കാനാവാതെ കുട്ടികളടക്കമുള്ള കുടുംബാംഗങ്ങളെയും കൂട്ടി ആയിരക്കണക്കിന് തൊഴിലാളികളാണ് സ്വന്തം നാടുകളിലേക്ക് മടങ്ങുന്നത്. ഭക്ഷണമില്ലാതെ 100 കണക്കിന് കിലോമീറ്ററുകളോളം നടന്നും തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്ന അവസ്ഥയുണ്ട്.

ഫോട്ടോ: പ്രവീൺ ഖന്ന

അതേസമയം, നഗരത്തിൽ നിന്നുള്ള പലായനം തുടരുന്നത് കോവിഡ് രോഗവ്യാപനം വർധിക്കാൻ കാരണമാവുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മുന്നറിയിപ്പ് നൽകി. നഗരത്തിലെ ഇതര സംസ്ഥാന തൊഴിലാളികളക്കം എലല്ലാവരും 21 ദിവസത്തെ ലോക്ക്ഡൗണിനോട് സഹകരിക്കണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു.

Also Read: ‘വെെറസ് ഞങ്ങളെ കൊന്നില്ലെങ്കിലും ഈ യാത്ര അത് ചെയ്തേക്കാം’; കഷ്ടതകൾ വിശദീകരിച്ച് തൊഴിലാളികൾ

തൊഴിലാളികൾ ഡൽഹി വിടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് എംഎൽഎമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായുള്ള നടപടികൾ അവർ സ്വീകരിക്കും. ലോക്ക്ഡൗൺ നടപടി രോഗവ്യാപനം തടയാൻ അനിവാര്യമാണെന്നും കെജ്രിവാൾ പറഞ്ഞു. നഗരത്തിൽ ഭക്ഷണം ലഭ്യമാക്കുന്നതിനായി 800 കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും ആർക്കും ഭക്ഷണം ലഭിക്കാതെ വരുന്ന അവസ്ഥയുണ്ടാവില്ലെന്നും കെജ്രിവാൾ വ്യക്തമാക്കി.

അതേസമയം ഹരിയാനയിൽ, മടങ്ങിപ്പോവുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണവും മരുന്നും താമസ സൗകര്യവും ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകി. തൊഴിലാളികളെ നിരീക്ഷിക്കാനും ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശമുണ്ട്. ഇവർക്ക് വെെദ്യ പരിശോധന ആവശ്യമാണെങ്കിൽ അതിനായി പ്രത്യേക മെഡിക്കൽ ക്യാംപുകൾ തയ്യാറാക്കുമെന്നും ഹരിയാന സർക്കാർ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook