മുംബൈ: മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ ജൂലൈ 31 വരെ നീട്ടാൻ ഉദ്ധവ് താക്കറെ സർക്കാർ തീരുമാനിച്ചു. അതേസമയം, കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുളള പ്രദേശങ്ങളിൽ ലോക്ക്ഡൗൺ ഇളവുകൾ തീരുമാനിക്കാൻ മുൻസിപ്പാലിറ്റികൾക്ക് അധികാരം നൽകി. വർക്ക് ഫ്രം ഹോം കഴിയുന്നിടത്തോളം പ്രോത്സാഹിപ്പിക്കണമെന്നും സംസ്ഥാന സർക്കാർ നിർദേശിച്ചിട്ടുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 5,496 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 156 പേർ മരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 1,64,626 ആയി ഉയർന്നു.70,670 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
മുംബൈയിലാണ് രോഗവ്യാപനം അതിരൂക്ഷമായത്. മുംബൈയിൽ മാത്രം 73,747 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയിൽ പ്രതിദിന രോഗികളുടെ എണ്ണം 2,000 കടന്നിട്ടുണ്ട്. കൊറോണ ബാധിച്ച് മുംബൈയിൽ മരിച്ച പൊലീസുകാരുടെ എണ്ണം 38 ആയി.
Read Also: കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ചിനു നേരെ ഭീകരാക്രമണം; നാലു തോക്കുധാരികളടക്കം 10 പേർ കൊല്ലപ്പെട്ടു
അതേസമയം, ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത് 20,000 ത്തോളം കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,459 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 5,48,318 ലക്ഷമായി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 380 ആണ്. ഇതോടെ ആകെ മരണം 16,475 ആയി. കഴിഞ്ഞ ദിവസം 19,906 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇപ്പോൾ 2,10,120 പേർ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയാണ്. 3,21,722 പേർ ഇതുവരെ രോഗമുക്തി നേടി. രോഗമുക്തി നേടിയവരുടെ എണ്ണം ഉയരുന്നത് മാത്രമാണ് രാജ്യത്തിനു ആശ്വാസം നൽകുന്ന കണക്ക്.