ന്യൂഡൽഹി: രാജ്യത്ത് കൊറോണ കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. വെള്ളിയാഴ്ച അർധരാത്രി മുതൽ മുംബൈ, നവി മുംബൈ, പൂനെ, നാഗ്പൂർ, പിൻപ്രി ചിൻച്വാദ് എന്നീ നഗരങ്ങളിൽ സിനിമ തിയേറ്ററുകളും ജിമ്മുകളും മാളുകളും അടച്ചിടാൻ മഹാരാഷ്ട്ര സർക്കാർ ഉത്തരവിട്ടു. രാജ്യത്ത് ഇതുവരെ 84 പേർക്കാണ് കോവിഡ്-19 വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.

പഞ്ചാബിൽ മാർച്ച് 31 വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. സ്കൂളുകളും കോളെജുകളുമുൾപ്പടെയുള്ള സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വിജയ് ഇന്ദർ സിംഗ്ല അറിയിച്ചു.

Also Read: ഇറ്റലിക്കാരനുൾപ്പെടെ കേരളത്തിൽ രണ്ടുപേർക്കു കൂടി കൊറോണ

കോവിഡ്-19 വൈറസ് ബാധയെ തുടര്‍ന്ന് ഗോവയിലും നിയന്ത്രണങ്ങൾ ശക്തമാണ്. ഗോവയിൽ പകർച്ചവ്യാധി തടയൽ നിയമം നടപ്പാക്കും. ഷിഗ്മോ ഫെസ്റ്റ് അടക്കം ആഘോഷ പരിപാടികൾ ഒഴിവാക്കാൻ സർക്കാർ നിർദ്ദേശം നൽകി കഴിഞ്ഞു. ഒമ്പതാം ക്ലാസ് വരെ സ്കൂളുകൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

കൊറോണ രൂക്ഷമായ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യ നിർത്തി വച്ചിട്ടുണ്ട്. സ്‌പെയിൻ, ഇറ്റലി, ഫ്രാൻസ്, ജർമനി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലേക്കുള്ള സർവീസുകളാണ് നിർത്തിയത് ഏപ്രിൽ 30 വരെയാണ് നിലവിൽ സർവ്വീസുകൾ നിർത്തി വച്ചിരിക്കുന്നത്.

Also Read: വീട്ടിലിരിക്കൂ, കൊലക്കുറ്റം ഒഴിവാക്കൂ; ഇറ്റലിക്കാര്‍ക്ക് ‘കൊറോണ ഓഫറു’മായി പോണ്‍ സൈറ്റ്

കേരളത്തിൽ പുതിയതായി രണ്ട് കേസുകൾ കൂടിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലാണ് രണ്ട് കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വർക്കലയിലെ റിസോർട്ടിൽ കഴിഞ്ഞ ഇറ്റലി പൗരനും യുകെയിൽ നിന്ന് മടങ്ങിയെത്തിയ തിരുവനന്തപുരം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook