ലുധിയാന: പഞ്ചാബിൽ അസിസ്റ്റൻറ് പൊലീസ് കമ്മീഷണർ കോവിഡ്-19 ബാധിച്ച് മരിച്ചു. ഈ മാസം 12ന് കോവിഡ് ബാധ സ്ഥിരീകരിച്ച, ലുധിയാന നോർത്ത് എസിപി അനിൽ കോഹ്ലിയാണ് മരിച്ചത്. ഇതോടെ പഞ്ചാബിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16ആയി ഉയർന്നു.

എസിപിക്ക് കോവിഡ് ബാധിച്ചത് എവിടെനിന്നാണെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ജോലിയുടെ ഭാഗമായി 10 മണിക്കൂറോളം നഗരത്തിലെ തിരക്കേറിയ പ്രദേശങ്ങളിൽ എസിപി സമയം ചിലവഴിച്ചിരുന്നു. കോവിഡിനെത്തുടർന്ന് പഞ്ചാബിൽ കർഫ്യൂ പ്രഖ്യാപിച്ച ശേഷവും ലുധിയാന പച്ചക്കറി മാർക്കറ്റ് അടക്കമുള്ള തിരക്കേറിയ പ്രദേശങ്ങൾ അദ്ദേഹം ഡ്യൂട്ടിയുടെ ഭാഗമായി സന്ദർശിച്ചിരുന്നു.

Also Read: കോവിഡ്-19: കണക്കുകളിൽ തിരുത്തൽ വേണ്ടിവരുമെന്ന് ലോകാരോഗ്യസംഘടന

ഈ മാസം എട്ടിനായിരുന്നു 52 കാരനായ അനിൽ കോഹ്ലിയെ രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ലുധിയാനയിലെ എസ് പിഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ചയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാവുകയായിരുന്നുവെന്ന് എസ് പിഎസ് ആശുപത്രി സൂപ്രണ്ട് ഡോക്ടർ രാജീവ് കുന്ദ്ര അറിയിച്ചു. ” അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുകയും അത് ഹൃദയാഘാതത്തിലേക്ക് നയിക്കുകയുമായിരുന്നു” – ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

എസിപിക്ക് പ്ലാസ്മ ചികിത്സയ്ക്കായി ദാതാവിനെ കണ്ടെത്തിയിരുന്നുവെന്നും എന്നാൽ അതിനിടയിലാണ് അദ്ദേഹം മരിച്ചതെന്നും ജില്ലയിലെ കോവിഡ്-19 നോഡൽ ഓഫിസർ എഡിസിപി സച്ചിൻ ഗുപ്ത പറഞ്ഞു.

Also Read: കോവിഡ്-19: സമ്പൂർണ അടച്ചുപൂട്ടൽ രോഗവ്യാപനത്തെ പ്രതിരോധിച്ചെന്ന് കേന്ദ്രം

അതേസമയം, ലുധായാന പൊലീസിലെ ഒരു എഎസ്ഐക്ക് വെള്ളിയാഴ്ച കോവിഡ് പൊസിറ്റീവ് സ്ഥിരീകരിച്ചു. ഇതുവരെ നഗരത്തിൽ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എഎസ്ഐക്കും മരിച്ച എസിപിക്കും പുറമേ ഒരു സ്റ്റേഷൻ ഹൗസ് ഓഫിസർക്കും എസിപിയുടെ ഗൺമാനുമാണ് കോവിഡ് പോസിറ്റീവ് ഫലം ലഭിച്ചത്.

ഗൺമാനും സ്റ്റേഷൻ ഹൗസ് ഓഫിസർക്കും എസിപിയുമായുള്ള നേരിട്ടുള്ള സമ്പർക്കത്തെത്തുടർന്നാണ് വെെറസ് ബാധയുണ്ടായതെന്നാണ് കരുതുന്നത്. സ്റ്റേഷൻ ഹൗസ് ഓഫിസറുമായുള്ള സമ്പർക്കത്തിൽ നിന്നാണ് എഎസ്ഐക്ക് രോഗം ബാധിച്ചതെന്നാണ് ഡോക്ടർമാർ അറിയിച്ചത്.

പഞ്ചാബിൽ ഇതുവരെ 16 പേരാണ് കോവിഡ്-19 ബാധിച്ച് മരിച്ചത്. 202 പേർക്ക് സംസ്ഥാനത്ത് രോഗ ബാധ കണ്ടെത്തി. രാജ്യത്ത് ഇതുവരെ 488 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 14795 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗ ബാധിതർ. 3323 പേർക്ക് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചു.ഇതിൽ 201 പേർ മരണപ്പെട്ടു. ഡൽഹിയിൽ 1707 പേർക്കും മദ്ധ്യപ്രദേശിൽ 1355 പേർക്കും തമിഴ് നാട്ടിൽ 1323 പേർക്കും ഗുജറാത്തിൽ 1272 പേർക്കും രാജസ്ഥാനിൽ 1229 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

Read More: Ludhiana ACP dies of coronavirus, Punjab toll rises to 16

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook