ന്യൂഡൽഹി: കോവിഡ്-19 രോഗബാധയെത്തുടർന്ന് രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സ്വദേശത്തേക്ക് തിരിച്ചെത്താൻ സുരക്ഷിതമല്ലാത്ത മാർഗങ്ങൾ ആശ്രയിച്ച് ഇതര സംസ്ഥാന തൊഴിലാളികൾ. ചരക്കു ലോറികളിൽ തിങ്ങി നിറഞ്ഞും സർവീസ് അവസാനിച്ച് തിരിച്ചുപോവുന്ന ട്രെയിൻ റേക്കുകളിൽ കയറിയും നാട്ടിലെത്താൻ ശ്രമിക്കുകയാണ് രാജസ്ഥാനും ഉത്തർപ്രദേശും അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികൾ.
ഉത്തർ പ്രദേശ് സർക്കാർ ഉദ്യോഗസ്ഥരാണ് തൊഴിലാളികൾ ട്രെയിൻ റാക്കുകളിൽ തിങ്ങി നിറഞ്ഞ് യാത്രചെയ്യുന്നതായി റെയിൽവേയെ അറിയിച്ചത്. സർവീസ് അവസാനിപ്പിച്ച് തിരുവനന്തപുരത്തുനിന്ന് ഗൊരഖ്പൂരിലേക്ക് കൊണ്ടുവന്ന ട്രെയിൻ റാക്കിൽ യാത്ര ചെയ്ത തൊഴിലാളികളിൽ ഭൂരിപക്ഷവും ഝാൻസി റെയിൽവേ സ്റ്റേഷനിലിറങ്ങിയതായും ഉത്തർ പ്രദേശ് സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചു. ഏത് സ്റ്റേഷനിൽ നിന്നാണ് യുപിയിലേക്കുള്ള തൊഴിലാളികൾ കോച്ചുകളിൽ കയറിയതെന്ന് വ്യക്തമല്ല.
Also Read: കോവിഡ്-19: വായ്പകള്‍ക്ക് മൂന്ന് മാസത്തെ മൊറട്ടോറിയം; പലിശ നിരക്കുകള്‍ ആര്‍ബിഐ വെട്ടിക്കുറച്ചു
തിരുവനന്തപുരത്തു നിന്നു യാത്ര തിരിച്ച റാക്ക് എറണാകുളത്തും നിർത്തിയിരുന്നു. എന്നാൽ ഈ സ്റ്റേഷനുകളിൽ നിന്ന് റാക്കുകളിൽ ആരും കയറാൻ സാധ്യതയില്ലെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു. റാക്ക് യുപിയിലെത്തുന്നത് വരെയുള്ള സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ റെയിൽവേ പരിശോധിക്കും. 300ലധികം തൊഴിലാളികൾ ട്രെയിൻ റാക്കിലുണ്ടായിരുന്നതായാണ് കണക്കാക്കുന്നത്.
ഒഴിഞ്ഞ റാക്കുകളിൽ നാട്ടിലെത്തിക്കാൻ ആവശ്യപ്പെട്ട് തൊഴിലാളികൾ തുടർച്ചയായി ബന്ധപ്പെടുന്നുണ്ടെന്ന് ഡിവിഷനൽ മാനേജർമാർ റെയിൽവേ മന്ത്രാലയത്തെ അറിയിച്ചിരുന്നു. റെയിൽവേ ഉദ്യോഗസ്ഥരും മന്ത്രി പീയൂഷ് ഗോയലും പങ്കെടുത്ത വീഡിയോ കോൺഫറൻസ് ചർച്ചയിലും ഈ വിഷയം ചർച്ചയായി. തുടർന്ന് റാക്കുകളുടെ നീക്കം റെയിൽവേ അവിസാനിപ്പിക്കുകയും ചെയ്തു.
Read Also: 2020-ല്‍ ജിഡിപി വളര്‍ച്ച 2.5 മാത്രം; ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് മൂഡീസ് വെട്ടിക്കുറച്ചു
രാജസ്ഥാൻ സ്വദേശികളായ 300ഓളം തൊഴിലാളികൾ തിങ്ങിനിറഞ്ഞ് യാത്ര ചെയ്യുന്ന ചരക്കു ലോറി മഹാരാഷ്ട്രയിലെ യവത്മാലിൽ പൊലിസ് കണ്ടെത്തിയിരുന്നു. തെലങ്കാന അതിർത്തിയോട് ചേർന്ന ചെക്പോസ്റ്റിലെ വാഹന പരിശോധനയിലാണ് ലോറിയിൽ തൊഴിലാളികൾ തിങ്ങിനിറഞ്ഞ് യാത്രചെയ്യുന്നതായി കണ്ടെത്തിയതെന്ന് യവത്മാൽ ജില്ലാ പൊലീസ് സൂപ്രണ്ട് എം രാജ് കുമാർ പറഞ്ഞു.
ഹെെദരാബാദിൽ നിന്ന് രാജസ്ഥാനിലെ വിവിധ സ്ഥലങ്ങളിലേക്ക് പോവുന്ന നിർമാണ തൊഴിലാളികളായിരുന്നു കൂടുതലായും ട്രക്കിലുണ്ടായിരുന്നതെന്നും രാജ് കുമാർ അറിയിച്ചു. പരിശോധനകളെ മറികടന്ന് ഹെെദരാബാദിൽ നിന്ന് മഹാരാഷ്ട്ര അതിർത്തിവരെ ട്രക്ക് എത്തിച്ചേർന്നതെങ്ങനെയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read in English: 300 migrants found crammed in two trucks, thousands in a railway train