ന്യൂഡൽഹി: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശനമായി ലോക്ക്‌ഡൗൺ നടപ്പിലാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രത്തിന്റെ നിർദേശം. 75 ജില്ലകൾ പൂർണമായും അടച്ചിടാൻ ഞായറാഴ്ച കേന്ദ്രം നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് നടപടികൾ കർക്കശമാക്കാനും നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാനുമുളള കേന്ദ്രത്തിന്റെ ഉത്തരവ്.

ഇന്ത്യയിലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 415 പേരിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒറ്റ രാത്രിക്കുള്ളിൽ 65 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിൽ നിരവധി സംസ്ഥാനങ്ങൾ ഇതിനോടകം പൂർണ അടച്ചിടലിലേക്ക് നീങ്ങിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി അറിയിച്ചു.

Also Read: കോവിഡ്-19: സംസ്ഥാനത്തെ ബാറുകൾ അടച്ചിടും, ബിവറേജസ്​ ഔട്‌ലെറ്റുകളിൽ കടുത്ത നിയന്ത്രണം

‘ലോക്ക്ഡൗണുകള്‍ സംസ്ഥാനങ്ങള്‍ കര്‍ശനമായി തന്നെ നടപ്പാക്കണം. ലംഘിക്കുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കണം’, കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയ ഉത്തരവിൽ പറയുന്നു. നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് ഇന്ത്യൻ പീനൽ കോഡിന്റെ 188-ാം വകുപ്പ് പ്രകാരം ആറു മാസം വരെ ജയിൽ ശിക്ഷയും 1000 രൂപ പിഴയും ഈടാക്കും.

ലോക്ക്‌ഡൗണിനെ ജനങ്ങൾ വേണ്ടത്ര ഗൗരവത്തോടെ കാണുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ‘ലോക്ക്ഡൗണിനെ പലയാളുകളും ഗൗരത്തിലെടുക്കുന്നില്ല. നിര്‍ദേശങ്ങള്‍ പാലിക്കൂ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും രക്ഷിക്കൂ. സംസ്ഥാന സര്‍ക്കാരുകളോട്‌ നിയമം കൃത്യമായി നടപ്പിലാക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുകയാണ്’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

Also Read: കോവിഡ്-19: സുപ്രീം കോടതിയും കേരള ഹൈക്കോടതിയും അടച്ചു

കേരളത്തിൽ കോവിഡ് വ്യാപനം കണക്കിലെടുത്ത് കാസര്‍ഗോഡ് ജില്ല പൂര്‍ണമായും അടച്ചിടാന്‍ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. ഇതിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍- കാസര്‍ഗോഡ് ജില്ലാ അതിര്‍ത്തിയിലെ എല്ലാ പാതകളും അടച്ചു. ഹൈവേ ഒഴികെയുള്ള പാതകളാണ് അടച്ചത്. ഹൈവേയില്‍ കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook