കൊച്ചി: കോവിഡ്-19 രോഗവ്യപാനത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികളെ തിരിച്ചെത്തുക്കുന്നതിന് വന്ദേ ഭാരത്, സമുദ്ര സേതു ദൗത്യങ്ങൾക്ക് കേന്ദ്രസർക്കാർ രൂപം നൽകിയിരിക്കുകയാണ്. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ഈ മാസം 7 മുതൽ 13 വരെ 64 വിമാനങ്ങളിലായി പ്രവാസികളെ രാജ്യത്ത് തിരിച്ചെത്തിക്കും. 1990ൽ ഗൾഫ് യുദ്ധകാലത്ത് കുവൈത്തിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിച്ചതിനു ശേഷം ഇതാദ്യമായാണ് സമാനമായ തരത്തിൽ ഇത്രയും വലിയൊരു പദ്ധതി ഇന്ത്യ ആവിഷ്കരിച്ച് നടപ്പാക്കാനൊരുങ്ങുന്നത്.

പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായും വിദേശ രാജ്യങ്ങളിലകപ്പെട്ട ഇന്ത്യക്കാർ അതത് രാജ്യങ്ങളിലെ എംബസികളുമായി ബന്ധപ്പെടണമെന്നും വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ പറഞ്ഞു. ഘട്ടം ഘട്ടമായാണ് പ്രവാസികളെ രാജ്യത്ത് തിരിച്ചെത്തിക്കുക. മാർച്ച് പകുതിയോടെയാണ് രാജ്യത്ത് വിമാന സർവീസുകൾ നിർത്തിവച്ചത്. പ്രവാസികളെ തിച്ചെത്തിക്കുന്നതിനായി വ്യാഴാഴ്ച മുതൽ വിമാനങ്ങൾ വീണ്ടും പറന്നുയരും.

Read More | നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് 14 ദിവസം നിർബന്ധിത ക്വാറന്റെെൻ; കേന്ദ്ര നിർദേശം ഇങ്ങനെ

ഇതിനൊപ്പം പ്രവാസികളെ കടൽ മാർഗം തിരിച്ചെത്തിക്കുന്നതിന് സമുദ്ര സേതു പദ്ധതിക്കും ഇന്ത്യ രൂപം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നാവിക സേനയുടെ ജലാശ്വ, മകർ എന്നീ കപ്പലുകൾ ഈ മാസം എട്ടിന് മാലിയിലുള്ള പ്രവാസികളെ തിരിച്ചെത്തിക്കും. കോവിഡ് രോഗബാധയില്ലെന്ന് ഫലം ലഭിച്ചവരെ മാത്രമാണ് തിരിച്ചെത്തിക്കുകയെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.

വന്ദേ ഭാരത് ദൗത്യം

15,000 പ്രവാസി ഇന്ത്യക്കാരെയാണ് വന്ദേ ഭാരത് ദൗത്യം വഴി ആദ്യ ഘട്ടത്തിൽ തിരിച്ചെത്തിക്കുന്നത്. 12 രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികളെ ഈ മാസം ഏഴു മുതൽ 64 വിമാനങ്ങളിലായാണ് ആദ്യഘട്ടത്തിൽ തിരിച്ചെത്തിക്കുക. ദൗത്യം പൂർണമായും അവസാനിച്ചാൽ 1990ൽ കുവൈത്തിലുള്ള ഇന്ത്യൻ പ്രവാസികളെ തിരിച്ചെത്തിച്ചതിനേക്കാളും വലിയ ദൗത്യമാവുമിത്. 1.7 ലക്ഷം ഇന്ത്യക്കാരെയാണ് 1990ൽ കുവൈത്തിൽ നിന്ന് തിരിച്ചെത്തിച്ചത്.

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, തിരുച്ചിറപ്പള്ളി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, അഹമ്മദാബാദ്, ഡൽഹി, ലക്‌നൗ, അമൃത്സർ, ശ്രീനഗർ വിമാനത്താവളങ്ങൾ വഴിയാണ് ആദ്യഘട്ടത്തിൽ പ്രവാസികളെ നാട്ടിൽ തിരിച്ചെത്തിക്കുക. തുടർന്നുള്ള ഘട്ടങ്ങളിൽ കണ്ണൂർ അടക്കം രാജ്യത്തെ മറ്റു വിമാനത്താവളങ്ങളും പരിഗണിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിൽനിന്നുള്ള സൂചന.

ഏതെല്ലാം രാജ്യങ്ങളിൽ നിന്ന്

ആദ്യഘട്ടത്തിൽ യുഎഇയിൽ നിന്ന് 10 വിമാനങ്ങളിലായാണ് പ്രവാസികളെ തിരിച്ചെത്തിക്കുക. യുഎസിലേക്കും ബ്രിട്ടണിലേക്കും 10 വീതം വിമാനങ്ങൾ അയക്കും. അഞ്ച് വീതം വിമാനങ്ങളിലായാണ് സൗദി അറേബ്യയിൽ നിന്നും സിംഗപ്പൂരിൽ നിന്നുമുള്ള പ്രവാസികളെ തിരിച്ചെത്തിക്കുക.

ഖത്തറിൽ നിന്ന് രണ്ട് വിമാനങ്ങളിലായും പ്രവാസികളെ തിരിച്ചെത്തിക്കും. ബംഗ്ലാദേശിൽ നിന്നും മലേഷ്യയിൽ നിന്നും ഏഴ് വിമാനങ്ങളിലായും കുവൈത്തിൽ നിന്നും ഫിലിപ്പീൻസിൽ നിന്നും അഞ്ച് വിമാനങ്ങളിലായും പ്രവാസികളെ തിരിച്ചെത്തിക്കും. ഒമാനിലേക്കും ബഹ്റൈനിലേക്കും രണ്ട് വീതം വിമാനങ്ങളും അയക്കും.

Read Moreമദ്യം സംസ്ഥാനങ്ങളുടെ ചാകരയാകുന്നത് എങ്ങനെ?

ഏറ്റവും കൂടുതൽ വിമാനങ്ങൾ കേരളത്തിലേക്കാണ് മടങ്ങിയെത്തുന്നത്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കായി 15 വിമാനങ്ങൾ ഗൾഫ് രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തും.


ഡൽഹിയിലേക്കും തമിഴ്നാട്ടിലേക്കും 10 വീതം വിമാനങ്ങളാണ് തിരിച്ചെത്തുക. മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളിലേക്ക് ഏഴ് വീതവും, ഗുജറാത്തിലേക്ക് അഞ്ചും കർണാടകയിലേക്കും ജമ്മു കശ്മീരിലേക്കും മൂന്നു വീതവും വിമാനങ്ങൾ തിരിച്ചെത്തും. പഞ്ചാബ്, ഉത്തർ പ്രദേശ് സംസ്ഥാനങ്ങളിലേക്ക് ഓരോ വിമാനങ്ങളും തിരിച്ചെത്തും. പ്രതിദിനം 2000 പ്രവാസികളാവും തിരിച്ചെത്തുക.

വിമാനങ്ങൾ

എയർ ഇന്ത്യയുടെയും, എയർ ഇന്ത്യ എക്സ്പ്രസിന്റെയും വിമാനങ്ങളാണ് പ്രവാസികളെ തിരിച്ചെത്തിക്കാനുപയോഗിക്കുക. യുഎഇയിൽ നിന്നാണ് കേരളത്തിലേക്കുള്ള ആദ്യ വിമാനങ്ങൾ. ഇതിൽ ആദ്യ വിമാനം വ്യാഴാഴ്ച അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തും. അന്നേ ദിവസം ദുബായിൽ നിന്ന് കോഴിക്കോട്ടേക്കാണ് രണ്ടാമത്തെ വിമാനം.

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലായി ആദ്യത്തെ അഞ്ചുദിവസം എത്തിച്ചേരുക 2250 പേരാണ്.

ഗൾഫ് രാജ്യങ്ങൾക്ക് പുറമേ മലേഷ്യയിൽ നിന്നും കേരളത്തിലേക്ക് വിമാന സർവീസുണ്ട്. ക്വാലാലംപൂരിൽ നിന്ന് കൊച്ചിയിലേക്കാണ് വിമാന സർവീസ്. ദുബായിൽ നിന്ന് ചെന്നൈയിലേക്കും വിമാന സർവീസുണ്ട്.

വിമാന ടിക്കറ്റ് നിരക്ക്

15,000 രൂപയാണ് അബുദാബി, ദുബായ് വിമാനത്താവളങ്ങളിൽ നിന്ന് കൊച്ചിയിലേക്കും കോഴിക്കോട്ടേക്കുമുള്ള നിരക്ക്. ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്ക് 17,000 രൂപയും കോഴിക്കോട്ടേക്ക് 16,000 രൂപയും ഈടാക്കും. ദോഹയിൽ നിന്ന് കൊച്ചിയിലേക്ക് 16000 രൂപയും തിരുവനന്തപുരത്തേക്ക് 17,000 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

കുവൈത്തിൽ നിന്ന് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് 19,000 രൂപയാണ് ടിക്കറ്റ് നിരക്ക്. ധാക്കയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിന് 12,000 രൂപയാണ് ടിക്കറ്റ് നിരക്ക്. ക്വാലാലംപൂർ- കൊച്ചി വിമാനത്തിന് 15,000 രൂപയാണ് ടിക്കറ്റ് നിരക്ക്.

സിംഗപ്പൂർ- ബെംഗളൂരു (15,000), മസ്കറ്റ്-ചെന്നൈ (14,000), ക്വലാലംപൂർ- ചെന്നൈ (14,000), ദോഹ-ചെന്നൈ (15,000), ദുബായ്-ചെന്നൈ (15,000), ക്വലാലംപൂർ-തിരുച്ചിറപ്പള്ളി (15,000), എന്നിങ്ങനെയാണ് ദക്ഷിണേന്ത്യയിലെ മറ്റു വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകളുടെ ടിക്കറ്റ് നിരക്ക്. ലണ്ടനിൽ നിന്നുള്ള വിമാനങ്ങൾക്ക് 50,000 രൂപയാണ് ടിക്കറ്റ് നിരക്ക്. ധാക്കയിൽ നിന്ന് ഡൽഹിയിലേക്ക് 12,000 രൂപയും.

സമുദ്ര സേതു

വിമാനങ്ങൾക്ക് പുറമേ കപ്പലുകൾ വഴിയും പ്രവാസികളെ രാജ്യത്ത് തിരിച്ചെത്തിക്കും. ഇതിനായി ഇന്ത്യൻ നാവിക സേനയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് ഓപ്പറേഷൻ സമുദ്ര സേതു. ദൗത്യത്തിന്റെ ഒന്നാംഘട്ടത്തിന്റെ ഭാഗമായി മാലദ്വീപിലെ മാലി തുറമുഖത്തേക്ക് നാവികസേനയുടെ ജലാശ്വ, മകർ എന്നീ കപ്പലുകൾ യാത്ര തിരിച്ചു.

വെള്ളിയാഴ്ചയാണ് മാലിയിലെ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ആരംഭിക്കുക. ഒരു യാത്രയിൽ 1000 പേരെ തിരിച്ചെത്തിക്കാനാവുമെന്ന് നാവിക സേന അറിയിച്ചു. കൊച്ചി തുറമുഖത്താണ് ഇവരെ തിരിച്ചെത്തിക്കുക. കൊച്ചിയിൽ നിന്ന് ദുബായിലേക്കും കപ്പൽ അയച്ചതായി പ്രതിരോധ മന്ത്രാലയം വക്താവ് അറിയിച്ചതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു.

Flight Plan for Return of I… by Express Web on Scribd

Read MoreIndia gears up for Vande Bharat, Samudra Setu missions: Everything you need to know

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook