ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് കൂടുതല്‍ സംസ്ഥാനങ്ങള്‍ അടച്ചുപൂട്ടലിലേക്ക്. പഞ്ചാബില്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പുലര്‍ച്ചെ ആറു മുതല്‍ ഒരാഴ്ചത്തേക്കാണ് (31വരെ) സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും സ്ഥാപനങ്ങളും കടകളും അടച്ചിടുകയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അവശ്യവസ്തുക്കളെയും സേവനങ്ങളെയും ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവയൊഴികെയുള്ള എല്ലാ സ്ഥാപനങ്ങളും അടച്ചിടാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഒഡീഷ സര്‍ക്കാര്‍ ഈ മാസം 29വരെ സംസ്ഥാനത്ത് അടച്ചിടല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് പഞ്ചാബിന്റെ നടപടി. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 3000 ഓളം പേരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടതിനു പിറകേയാണ് 29വരെ സംസ്ഥാനത്ത സ്ഥാപനങ്ങള്‍ അടച്ചിടാന്‍ ഒഡീഷ സര്‍ക്കാര്‍ ഉത്തരവിട്ടത്. വീടുകളില്‍ തന്നെ കഴിയണമെന്നും അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്നും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് കഴിഞ്ഞ ദിവസം ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
Also Read: തിരുവനന്തപുരവും എറണാകുളവും ഉള്‍പ്പെടെ 75 ജില്ലകള്‍ പൂര്‍ണമായും അടച്ചിടാന്‍ നിര്‍ദേശം
പഞ്ചാബില്‍ നേരത്തെ ഏഴ് ജില്ലകളില്‍ ഭാഗിക അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചിരുന്നു. വൈറസ് വേഗത്തില്‍ വ്യാപിക്കുന്നതിനാല്‍ അടച്ചുപൂട്ടല്‍ അനിവാര്യമാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. സംസ്ഥാനത്ത് ഇതുവരെ വൈറസിന്റെ സമൂഹ വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ളവര്‍ പ്രതികരിച്ചു. ഒരു മരണമടക്കം 14 കോവിഡ് കേസുകളാണ് പഞ്ചാബില്‍ റിപ്പോര്‍ട്ട് ചെയ്തത്. വെള്ളിയാഴ്ച മാത്രം 11 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു.
പഞ്ചാബിനു പുറമേ കേന്ദ്രഭരണ പ്രദേശമായ ഛണ്ഡീഗഡിലും 31വരെ ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വരും. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, ഫാര്‍മസികള്‍, റേഷന്‍ കടകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ മാത്രമാണ് തുറന്നു പ്രവര്‍ത്തിക്കുക. ആറുപേര്‍ക്കാണ് ഛണ്ഡീഗഡില്‍ രോഗബാധ സ്ഥിരീകരിച്ചത്.
Also Read: ട്രെയിൻ ഗതാഗതം നിലയ്ക്കും; മാർച്ച് 31 വരെ പാസഞ്ചർ ട്രെയിനുകളും സർവീസ് നടത്തില്ല
അതേസമയം, കൊല്‍ക്കത്ത നഗരത്തിലെ എല്ലാ സ്ഥാപനങ്ങളും ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. മഹാരാഷ്ട്രയിൽ നഗരങ്ങളില്‍ 144-ാം വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നാളെമുതല്‍ 144-ാം വകുപ്പ് നിലവില്‍ വരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. എല്ലാ നഗരങ്ങളിലും സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ നാളെ മുതല്‍ അഞ്ച് ശതമാനം ജീവനക്കാര്‍ മാത്രമാാണ് ജോലിക്കെത്തുകയെന്നും താക്കറെ അറിയിച്ചു.
ഗുജറാത്തില്‍ ജനതാ കര്‍ഫ്യൂ 25 വരെ നീട്ടി. അഹമ്മബാദ്, വഡോദര, രാജ്‌കോട്ട്, സൂറത്ത് നഗരങ്ങളിലാണ് കര്‍ഫ്യൂ ദീര്‍ഘിപ്പിച്ചത്.
മാര്‍ച്ച് 31വരെ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളടക്കമുള്ള സ്ഥാപനങ്ങൾ അടച്ചിടാന്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. നഗരങ്ങളിലെ ബസ് സര്‍വീസുകള്‍ 29വരെ നിര്‍ത്തിവയ്ക്കാനും തീരുമാനിച്ചിരുന്നു.
Read In English: Coronavirus scare: Punjab government orders complete shutdown from tomorrow