scorecardresearch
Latest News

കോളേജുകളിൽ ഓൺലൈൻ പരീക്ഷ: നിർദേശിക്കുന്നത് മൂന്നു വഴികൾ, എല്ലാം ക്യാമറയ്ക്ക് മുന്നിൽ

ക്യാമറയ്ക്ക് പുറത്തേക്ക് നീങ്ങിയാൽ പരീക്ഷ റദ്ദാക്കുമെന്ന് മുന്നറിയിപ്പ് നൽകും

കോളേജുകളിൽ ഓൺലൈൻ പരീക്ഷ: നിർദേശിക്കുന്നത് മൂന്നു വഴികൾ, എല്ലാം ക്യാമറയ്ക്ക് മുന്നിൽ

ന്യൂഡൽഹി: കോവിഡ് – 19നെത്തുടർന്ന് മാറ്റിവച്ച, സെമസ്റ്റർ, വാർഷിക പരീക്ഷകൾ ഓൺലൈനായി നടത്തുന്നതിന് മൂന്ന് മാർഗങ്ങൾ നിർദേശിച്ച് യുജിസി വിദഗ്ദ്ധ സമിതി. കോളേജുകളുടെ പ്രവര്‍ത്തനവും പരീക്ഷകളും എങ്ങനെ പുനരാരംഭിക്കാമെന്നത് പഠിക്കുന്നതിനായാണ് യുജിസി ഏഴംഗ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചത്. പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നത് സെപ്റ്റംബറിലേക്ക് നീട്ടണമെന്ന് സമിതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. വർഷാന്ത്യ പരീക്ഷകളും സെമസ്റ്റർ പരീക്ഷകളും ജൂലൈയിൽ നടത്തിയാൽ മതിയെന്നും കഴിയുമെങ്കിൽ ഓൺലൈനായി നടത്തണമെന്നും സമിതി റിപ്പോർട്ടിൽ നിർദേശിക്കുന്നു.

സാധാരണ എഴുത്തു പരീക്ഷ, എൻട്രൻസ് പരീക്ഷകളിലേതിന് സമാനമായ മൾട്ടിപ്പിൾ ചോയ്സ് പരീക്ഷ, പ്രോജക്ട് അല്ലെങ്കിൽ കേസ് സ്റ്റഡിയെ അടിസ്ഥാനമാക്കിയുള്ള പരീക്ഷ എന്നിവയാണ് ഓൺലൈൻ പരീക്ഷയ്ക്കായി വിദഗ്ദ്ധ സമിതി മുന്നോട്ടുവയ്ക്കുന്ന മാർഗങ്ങൾ. ഇതിൽ ഏത് തരത്തിലുള്ള പരീക്ഷയാണെങ്കിലും വെബ് ക്യാമറ വഴി നീരീക്ഷണമുണ്ടാവുമെന്നും സമിതി വ്യക്തമാക്കി.

Also Read: വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾ: മന്ത്രി ട്വിറ്റർ ലൈവിൽ മറുപടി പറയും

ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യീണിവേഴ്സിറ്റി (ഇഗ്നോ) വൈസ് ചാൻസലർ നാഗേശ്വർ റാവു അധ്യക്ഷനായ വിദഗ്ദ സമിതിയുടെ നിർദേശങ്ങൾ യുജിസി പരിശോധിച്ച് വരികയാണ്. ഈ ആഴ്ചയോടെ ഇക്കാര്യത്തിൽ പുതിയ മാർഗനിർദേശങ്ങൾ യുജിസി പുറത്തിറക്കുമെന്നാണ് കരുതുന്നത്.

പരീക്ഷ മോഡൽ 1

ഗൂഗിൾ ക്ലാസ്റൂം ആപ്ലിക്കേഷന്റെ സഹായത്തോടെയുള്ള എഴുത്തു പരീക്ഷയാണ് വിദഗ്ദ്ധ സമിതി മുന്നോട്ട് വയ്ക്കുന്ന ആദ്യ മാർഗം. ഗൂഗിൾ ക്ലാസ്റൂമിലെ ക്വിസ് അസൈൻമെന്റ് ഓപ്ഷൻ ഉപയോഗിച്ച് വിദ്യാർഥികൾ ഉത്തരക്കടലാസുകൾ അപ് ലോഡ് ചെയ്യണം. വാല്യുവേഷൻ നടത്തുന്ന അദ്ധ്യാപകർ ഇത് പരിശോധിക്കും.

ഒന്നര മണിക്കൂറാണ് പരീക്ഷയ്ക്ക് അനുവദിക്കുന്ന പരമാവധി സമയം. വിദ്യാർഥികൾ ക്യാമറയും ശബ്ദവും ഓൺ ചെയ്ത് ഗൂഗിൾ മീറ്റ് ആപ്ലിക്കേഷൻ വഴിയുള്ള വീഡിയോ കോൺഫറൻസിൽ ചേരണം.

Also Read: ചീഫ്‌ജസ്റ്റിസായി ചുമതലയേല്‍ക്കാന്‍ 2000 കിലോമീറ്റര്‍ റോഡ് യാത്ര ചെയ്ത് ജഡ്ജിമാര്‍

വിദ്യാർഥികൾ ഉത്തരങ്ങൾ ഫോൺ വഴിയോ ഇൻറർനെറ്റിൽ നിന്നോ കോപ്പിയടിക്കുന്നുണ്ടോ എന്ന കാര്യം ഇൻവിജിലേറ്റർമാർ നിരീക്ഷിക്കും. ഇതിനായി ഗൂഗിൾ മീറ്റിൽ നിന്നുള്ള വീഡിയോയും ശബ്ദവും തത്സമയം പരിശോധിക്കും.

ഗൂഗിൾ ക്ലാസ് റൂം വഴിയാണ് ചോദ്യക്കടലാസ് വിദ്യാർഥികൾ ഡൗൺലോഡ് ചെയ്യേണ്ടത്. വെള്ളക്കടലാസിലാണ് ഉത്തരങ്ങളെഴുതേണ്ടത്. അത് ഫോട്ടോയെടുത്തോ സ്കാൻ ചെയ്തോ അപ് ലോഡ് ചെയ്യാം.

പരീക്ഷ മോഡൽ 2

ഓൺലൈൻ പ്രോക്ടറിങ് സംവിധാനം വഴിയാണ് മൾട്ടിപ്പിൾ ചോയ്സ് പരീക്ഷ നിരീക്ഷിക്കുക. വെബ് കാം അല്ലെങ്കിൽ മൊബൈൽ ക്യാമറയിൽ നിന്നുള്ള വീഡിയോയും ഓഡിയോയും പരിശോധിക്കുന്നതിനുള്ള സോഫ്റ്റ് വെയർ ഓൺലൈൻ പ്രോക്ടർ സംവിധാനത്തിലുണ്ടാവും. ജിമാറ്റ് , ജിആർഇ പരീക്ഷകൾ ഇത്തരത്തിൽ നടത്തിയിരുന്നു.

വിദ്യാർഥികളോട് അവരുടെ റൂമിന്റെ ദൃശ്യം മുഴുവനായി കാണിക്കാൻ ഇൻവിജിലേറ്റർമാർ ആവശ്യപ്പെടും. ക്യാമറയ്ക്ക് പുറത്തേക്ക് വിദ്യാർഥി നീങ്ങിയാൽ അവരുടെ പരീക്ഷ റദ്ദാക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്യും.

പരീക്ഷ മോഡൽ 3

വിദ്യാർഥികളോട് ഒരു വിഷയത്തിൽ കേസ് സ്റ്റഡി, അല്ലെങ്കിൽ പ്രോജക്ട് തയ്യാറാക്കാൻ പറയും. രണ്ടുമണിക്കൂറിനുള്ളിൽ ഇത് പൂർത്തിയാക്കുകയും ഇതിന്റെ റിപ്പോർട്ട് നൽകുകയും വേണം.

Also Read: മതത്തിന്റെ അതിർവരമ്പുകൾ അപ്രസക്തമെന്ന് കൊറോണ ഓർമിപ്പിക്കുന്നതായി അരവിന്ദ് കേജ്‌രിവാൾ

കടലാസിൽ എഴുതിയ റിപോർട്ട് സ്കാൻ ചെയ്തോ ഫോട്ടോ എടുത്തോ അയക്കുകയാണ് വേണ്ടത്. ഇതിനൊപ്പം ഓൺലൈൻ പ്രസന്റേഷനും വിദ്യാർഥികൾ ചെയ്യണം. പ്രോജക്ടിനെക്കുറിച്ച് പരീക്ഷാ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയും വേണം.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Coronavirus lockdown models for online college exams all with web cam