ന്യൂഡൽഹി: ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി ഇതര സംസ്ഥാന തൊഴിലാളികൾക്ക് അവർ നിലവിൽ കഴിയുന്ന സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യുന്നതിന് കേന്ദ്രസർക്കാർ അനുമതി നൽകും. കോവിഡ്-19 വ്യാപനത്തെത്തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ നാളെ മുതൽ ഭാഗിക ഇളവനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി വ്യവസായ സ്ഥാപനങ്ങളുടെയും നിർമ്മാണ രംഗത്തയും പ്രവർത്തനങ്ങൾ പുനരാരംഭിക്കും.
നിലവിൽ ഏത് സംസ്ഥാനത്താണോ തൊഴിലാളികൾ കഴിയുന്നത് ആ സംസ്ഥാനത്തിനകത്ത് പൊതു ഗതാഗത സംവിധാനങ്ങൾ വഴി തൊഴിലാളികൾക്ക് യാത്രചെയ്യാം. എന്നാൽ സംസ്ഥാന അതിർത്തിക്കപ്പുറത്തേക്ക് യാത്ര ചെയ്യാനാവില്ല. ഇതുസംബന്ധിച്ച മാർഗ്ഗ നിർദേശങ്ങളും കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. സാമൂഹിക അകലത്തിനുള്ള മാനദണ്ഡങ്ങൾ പാലിക്കണം, തൊഴിലാളികൾക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഭക്ഷണം ലഭ്യമാക്കണം എന്നിവയടക്കമുള്ള നിർദേശങ്ങളാണ് സർക്കാർ മുന്നോട്ട് വച്ചിട്ടുള്ളത്.
ലോക്ക്ഡൗൺ കഴിയുന്ന മേയ് മൂന്ന് വരെ അന്തർ സംസ്ഥാന യാത്രകൾ അനുവദിക്കില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. തൊഴിലിടങ്ങളിലേക്ക് തിരിച്ചു പോവുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന അധികൃതർ വഴി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. തൊഴിലാളികൾക്ക് ഏത് തരം ജോലികൾ ചെയ്യാൻ കഴിയുമെന്ന് മനസ്സിലാക്കാൻ സ്കിൽ മാപ്പിങ് നടത്തണമെന്നും മന്ത്രാലയം ആവശ്യപ്പട്ടു.
“നിലവിൽ താമസിക്കുന്ന സംസ്ഥാനത്തിനകത്തുള്ള തൊഴിലിടത്തേക്ക് തിരിച്ചുപോവുന്നതിനായി ചില കുടിയേറ്റ തൊഴിലാളികൾ താൽപര്യമറിയിച്ച സംഭവത്തിൽ അവരിൽ രോഗലക്ഷണങ്ങളില്ലാത്തവർക്ക് ജോലി സ്ഥലങ്ങളിലേക്ക് ഗതാഗത സംവിധാനം ലഭ്യമാക്കും. ബസ് മാർഗമുള്ള യാത്രക്കിടെ അവർ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തും. യാത്ര ചെയ്യുന്ന വാഹനം ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശ പ്രകാരം അണുവിമുക്തമാക്കിയതാണോ എന്നും പരിശോധിക്കും” – ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട മാർഗനിർദേശങ്ങളിൽ പറയുന്നു.
Also Read: കോവിഡ്-19: വ്യവസായ സ്ഥാപനങ്ങള് തുറക്കാം, പക്ഷേ നിയന്ത്രണങ്ങൾ പാലിക്കണം
നാളെ മുതലാണ് ആഭ്യന്തര വകുപ്പിന്റെ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വരുന്നത്. കോവിഡ്-19 ലോക്ക്ഡൗണിനെത്തുടർന്ന് നിരവധി ഇതര സംസ്ഥാന തൊഴിലാളികൾ ജോലിസ്ഥലങ്ങളിൽ നിന്നുമാറി താൽക്കാലിക ക്യാംപുകളിലും അഭയ കേന്ദ്രങ്ങളിലും കഴിയുന്നുണ്ട്.
കോവിഡ് രോഗബാധ കൂടുതലായി കണ്ടെത്തിയ ഹോട്ട്സ്പോട്ട് മേഖലകൾക്ക് പുറത്താണ് നാളെ മുതൽ നിർമ്മാണപ്രവർത്തനങ്ങളും വ്യവസായങ്ങളും പുനരാരംഭിക്കുന്നതിന് അനുമതിയുളളത്. വ്യവസായ, നിർമ്മാണ, ഉൽപാദന മേഖലകളിലും കൃഷിയിലും തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ജോലികളിലും ഇതര സംസ്ഥാന തൊഴിലാളികളെ ഇടപെടീക്കാമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. യാത്രക്കിടയിൽ തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷണം പ്രാദേശിക ഭരണ സ്ഥാപനങ്ങൾ ലഭ്യമാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
Read More: Centre allows movement of migrant labourers within state, issues guidelines