ന്യൂഡൽഹി: കോവിഡ്-19 ലോക്ക്ഡൗണിനെത്തുടർന്ന് വിദ്യാഭ്യാസ രംഗത്ത് തുടരുന്ന അനിശ്ചിതത്വങ്ങൾ സംബന്ധിച്ച് രാജ്യത്തെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾക്ക് ട്വിറ്റർ ലൈവിൽ മറുപടി നൽകുമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി വികസന മന്ത്രി രമേശ് പൊക്രിയാൽ നിഷാങ്ക്. ലോക്ക്ഡൗണിനെത്തുടർന്ന് മാറ്റിവച്ച പരീക്ഷകൾ സംബന്ധിച്ചും സ്കൂൾ, കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നു തുറക്കും എന്നിതിനെക്കുറിച്ചുമെല്ലാം രാജ്യത്ത് അനിശ്ചിതത്വം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് മന്ത്രി ട്വിറ്ററിൽ വിദ്യാർഥികളോടും മാതാപിതാക്കളോടും സംവദിക്കുമെന്ന്  അറിയിച്ചത്.

ട്വിറ്റർ ലൈവിൽ മന്ത്രിയോട് നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനാവും. ഒപ്പം എജുക്കേഷൻ മിനിസ്റ്റർ ഗോസ് ലൈവ് (#EducationMinisterGoesLive) എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് സ്വന്തം ട്വിറ്റർ അക്കൗണ്ട് വഴിയും മന്ത്രിയോടുള്ള ചോദ്യങ്ങൾ ചോദിക്കാം.

Also Read: ഇന്ത്യയിൽ മേയ് പകുതിയ്ക്ക് ശേഷം പുതിയ കോവിഡ് കേസുകൾ ഉണ്ടാകില്ല: പഠനം

കോവിഡ്-19 ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് വിദ്യാർഥികൾകക്കും മാതാപിതാക്കൾക്കുമിടയിലുണ്ടായ ആശങ്കകൾ പരിഹരിക്കുന്നതിനാണ് ട്വിറ്റർ ലൈവിലൂടെ അവരുമായി സംവദിക്കാൻ തീരുമാനിച്ചതെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. മന്ത്രിയുടെ പേഴ്സണൽ ട്വിറ്റർ ഹാൻഡിൽ (@DrRPNishank) വഴിയായിരിക്കും ലൈവിൽ വിദ്യാർഥികളുമായി സംവദിക്കുക.

അക്കാദമിക് വിഷയങ്ങൾക്കു പുറമെ കോവിഡ്-19 കാരണമുള്ള അനിശ്ചിതത്വം വിദ്യാർഥികളിലുണ്ടാക്കിയ മാനസിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടും മന്ത്രിയുമായി സംസാരിക്കാനാവും.

ഇപ്പോൾ തന്നെ ട്വിറ്ററിൽ വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും സംശയങ്ങൾ ധാരാളമായി വരുന്നുണ്ട്. സ്കൂൾ ഫീസ് വർധിപ്പിക്കുമോ എന്ന ചോദ്യമാണ് ചിലർ ചോദിക്കുന്നത്. ലോക്ക്ഡൗൺ കാരണം നാട്ടിൽ പോയവർക്ക് അടുത്തു തന്നെ പരീക്ഷാ സെന്ററുകൾ ലഭിക്കുമോ എന്ന് ചിലർ ചോദിക്കുന്നു. അഞ്ച് വയസ്സുള്ള കുട്ടിയെ എങ്ങനെ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുപ്പിക്കാമെന്നും ചില മാതാപിതാക്കൾ ചോദിക്കുന്നു.

ദേശീയ തലത്തിലെ മത്സരപ്പരീക്ഷകളുടെ പുതുക്കിയ തീയ്യതികൾ എപ്പാഴാണ്, കോളേജ് പ്രവേശനത്തിനുള്ള സമയം എപ്പോഴാണ് തുടങ്ങിയ സംശയങ്ങളാണ് വിദ്യാർത്ഥികൾ കൂടുതലായി ചോദിക്കുന്നത്. മെഡിക്കൽ, എൻജിനീയറിങ് എൻട്രൻസ് പരീക്ഷകൾ, പുതിയ അദ്ധ്യയന വർഷം തുടങ്ങുന്നതുമായി ബന്ധപ്പെട്ട യുജിസി സമിതിയുടെ നിർദേശങ്ങൾ തുടങ്ങിയ സംബന്ധിച്ചുള്ള സംശയങ്ങളും വിദ്യാർഥികൾ ചോദിക്കുന്നു.

തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിക്കാണ് ചോദ്യങ്ങൾക്ക് ഉത്തരവുമായി മന്ത്രി ട്വിറ്റർ ലൈവിൽ വരുന്നത്.

രാജ്യത്തെ കോളേജുകളിലെ പുതിയ അധ്യയന വർഷം സെപ്റ്റംബറിൽ തുടങ്ങിയാൽ മതിയെന്ന് യുജിസി നിയോഗിച്ച ഏഴംഗ സമിതി കഴിഞ്ഞ ദിവസം ശുപാർശ ചെയ്തിരുന്നു. കോളേജുകളുടെ പ്രവര്‍ത്തനവും പരീക്ഷകളും എങ്ങനെ നടത്താമെന്നത് പഠിക്കുന്നതിനായാണ് യുജിസി ഏഴംഗ സമിതിയെ നിയോഗിച്ചത്. വർഷാന്ത്യ പരീക്ഷകളും സെമസ്റ്റർ പരീക്ഷകളും ജൂലൈയിൽ നടത്തിയാൽ മതിയെന്നും കഴിയുമെങ്കിൽ ഓൺലൈനായി നടത്തണമെന്നും സമിതി റിപ്പോർട്ടിൽ നിർദേശിക്കുന്നു.

Also Read: കോവിഡ്-19: മേയ് മൂന്നിന് ശേഷവും ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾ

ജൂലൈ പകുതിയോടെയാണ് കോളേജുകളിൽ അധ്യയന വർഷം തുടങ്ങിയിരുന്നത്. എന്നാൽ പുതിയ അധ്യയന വർഷം തുടങ്ങുന്നത് സെപ്റ്റംബറിലേക്ക് നീട്ടാനാണ് സമിതിയുടെ ശുപാർശ. സമിതിയുടെ നിർദേശം യുജിസി പരിഗണനയിലാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം യുജിസിയുടേത് ആയിരിക്കും.

മെഡിക്കൽ എൻജിനീയറിങ് പ്രവേശന പരീക്ഷകൾ നടത്താൻ നിശ്ചയിച്ചിരുന്ന തീയതിയും നീണ്ടുപോകാൻ സാധ്യതയുണ്ട്. ഇതിന് സുപ്രീം കോടതിയുടെ അനുമതി ആവശ്യമാണ്. നിലവിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചേക്കാനാണ് സാധ്യത.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook