ന്യൂഡൽഹി: കോവിഡ്-19 ഭീഷണിയുമായും ലോക്ക്ഡൗണുമായും ബന്ധപ്പെട്ട് കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികളിൽ വിശദീകരണം തേടി പ്രതിപക്ഷം. കോവിഡ് വ്യാപനം നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ എന്ത് പദ്ധതിയാണ് മുന്നോട്ട് വയ്ക്കുന്നുവെന്നും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയ പണത്തിന് എന്തുപറ്റിയെന്നും പ്രതിപക്ഷ കക്ഷി നേതാക്കൾ ചോദിക്കുന്നു. സിപിഎമ്മും കോൺഗ്രസ്സും അടക്കമുള്ള കക്ഷികളാണ് കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുന്നയിക്കുന്നത്.

ലോക്ക്ഡൗൺ 4.0, ലോക്ക്ഡൗൺ 5.0, എന്നിവ ഉണ്ടാവുമോ?

ലോക്ക്ഡൗൺ 3.0 എങ്ങനെയാണ് അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നതെന്നും കോവിഡ് വ്യാപനത്തെത്തുടർന്ന് രാജ്യത്തുണ്ടായ തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും എങ്ങനെ പരിഹരിക്കുമെന്നും രാജ്യത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് ആരാഞ്ഞു.

Read More: ഞായറാഴ്ച സമ്പൂർണ അവധി, ഉപാധികളോടെ അന്തർ ജില്ലാ യാത്ര; സംസ്ഥാന സർക്കാരിന്റെ ലോക്ക്ഡൗൺ ഇളവുകളും നിയന്ത്രണങ്ങളും

എന്നാണ് ലോക്ക്ഡൗണിന് അവസാനമുണ്ടാവുകയെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല വാർത്താ സമ്മേളനത്തിൽ ചോദിച്ചു. ഒരു ഉത്തരവ് ഇറക്കിയാണ് സർക്കാർ ലോക്ക്ഡൗൺ ദീർഘിപ്പിച്ചത്. ഇക്കാര്യത്തിൽ പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ രാജ്യത്തെ ജനങ്ങളെ അഭിമുഖീകരിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“ഇന്ത്യയിലെ ജനങ്ങളുടെ മൻ കി ബാത് (മനസ്സിലുള്ള കാര്യങ്ങൾ) കേൾക്കാൻ ആരുമുണ്ടായില്ല. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മൻ കി ബാത് നമ്മളും കേട്ടില്ല. ലക്ഷക്കണക്കിന് ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉത്കണ്ഠകൾക്കും ഉത്തരം പറയാൻ ആരുമില്ല”- സുർജെവാല പറഞ്ഞു.

“എന്താണ് ലോക്ക്ഡൗൺ 3.0 യുടെ ലക്ഷ്യം? എന്താണ് അതുകൊണ്ട് നടപ്പാക്കാനുദ്ദേശിക്കുന്നത്, അതിനുള്ള വഴികൾ എന്തെല്ലാമാണ്?.. ഭാവിയിൽ ലോക്ക്ഡൗൺ 4.0, ലോക്ക്ഡൗൺ 5.0, എന്നിവ ഉണ്ടാവുമോ? എന്നാണ് ഇതിനെല്ലാം അവസാനമാവുക?”- സുർജെവാല ചോദിച്ചു.

“മേയ് 17നു മുൻപ് കൊറോണ വൈറസും സാമ്പത്തിക മഹാമാരിയും കൈകാര്യം ചെയ്യാൻ എന്തെങ്കിലും മാർഗം കണ്ടെത്തിയിട്ടുണ്ടോ? രോഗവ്യാപനവും സാമ്പത്തിക പ്രതിസന്ധിയും കൈകാര്യം ചെയ്യാൻ കഴിയുന്ന തരത്തിൽ എന്ത് മുന്നേറ്റമാണ് ഈ കാലയളവിൽ സാധ്യമാവുക? 17 ലോക്ക്ഡൗൺ അവസാനിപ്പിക്കുന്നതിനേക്കായി കൃത്യമായ എന്ത് തന്ത്രമാണ് ആവിഷ്കരിക്കുക?”- സുർജെവാല ചോദിച്ചു.

സഹായനിധിയിലുള്ള കോടികളെവിടെ

ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകുന്നതല്ലാതെ സാമ്പത്തികപരമായ ഉത്തരവാദിത്തം കേന്ദ്രസർക്കാർ ഏറ്റെടുക്കുന്നില്ലെന്നത് അപലപനീയവും ഞെട്ടിപ്പിക്കുന്ന കാര്യവുമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു.

Read More: രാജ്യത്ത് പുതിയ പാർലമെന്റ് മന്ദിരം നിർമിക്കുന്നതിന് പരിസ്ഥിതി മന്ത്രാലയം വിദഗ്ദ്ധ സമിതിയുടെ അംഗീകാരം

“എന്തിനാണ് ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്ന് ട്രെയിൻ യാത്രക്കുള്ള പണം ഈടാക്കുന്നത്? ജനങ്ങളോട് പങ്കാളികളാവാൻ നിർബന്ധിക്കുന്ന, പ്രധാനമന്ത്രിയുടെ പേരിലുള്ള സഹായനിധിയിലുള്ള ആയിരക്കണക്കിന് കോടികളെവിടെ? എന്തിനാണ് ആ പണം ഉപയോഗിച്ചത്? ” യെച്ചൂരി ചോദിച്ചു.

” ടിക്കറ്റിനും ഭക്ഷണത്തിനുമുള്ള പണം ചിലവഴിക്കാൻ ട്രെയിനിൽ സ്വദേശങ്ങലിലേക്ക് പോവുന്ന ഇതര സംസ്ഥാന തൊഴിലാളികൾ നിർബന്ധിതരാവുകയാണ്. ബസ്സുകളിൽ കയറി നാട്ടിലേക്ക് തിരിക്കുന്നവർക്ക് യാത്രയ്ക്ക് വലിയ തുക ചിലവഴിക്കേണ്ടി വരുന്നു. ലോക്ക്ഡൗൺ കാരണം രണ്ടുമാസമായി ഒരു വരുമാനവുമില്ലാത്ത ഇതര സംസ്ഥാന തൊഴിലാളികളോട് ട്രെയിൻ ടിക്കറ്റിന് പണം ഈടാക്കുന്നത് തികച്ചും ക്രൂരതയാണ്. “- യെച്ചൂരി പറഞ്ഞു.

Read More: ‘When will it end completely’: Oppn questions govt on second lockdown extension

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook