ന്യൂഡൽഹി: കടകൾക്കും മറ്റു വ്യാപാര സ്ഥാപനങ്ങൾക്കുമുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. കോവിഡ് -19 ഭീഷണിയെത്തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഒരുമാസം പിന്നിടുന്ന സമയത്താണ് വ്യാപാര സ്ഥാപനങ്ങൾക്കുള്ള നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവനുവദിക്കുന്നത്. മുനിസിപ്പാലിറ്റികളുടെ പരിധിക്കുള്ളിലും ഗ്രാമീണ മേഖലകളിലുമുള്ള കടകൾക്ക് നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കുന്നതിനാണ് അനുമതി നൽകിയിട്ടുള്ളത്.

Also Read: ബസ് ചാർജ് വർധന സർക്കാരിന്റെ പരിഗണനയിലില്ല: ഗതാഗത മന്ത്രി

ഏപ്രിൽ 15ലെ ലോക്ക്ഡൗൺ മാർഗ്ഗ നിർദേശങ്ങളിലാണ് കേന്ദ്രം ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം ഗ്രാമപ്രദേശങ്ങളിലെ കമ്പോളങ്ങൾക്കും മുനിസിപ്പാലിറ്റികളിൽ റെസിഡൻഷ്യൽ പ്രദേശങ്ങളിലെ കടകൾക്കും തുറന്ന് പ്രവർത്തിക്കാം. എന്നാൽ ഷോപ്പിങ് കോംപ്ലക്സുകൾ, മാളുകൾ, മദ്യശാലകൾ എന്നിവ അടഞ്ഞ് തന്നെ കിടക്കും. ഹോട്ട്സ്‌പോട്ടുകൾക്കും കോവിഡ് ബാധിത പ്രദേശങ്ങൾക്കും ഇളവുകൾ ബാധകമല്ല. ഇവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ തുടരുമെന്ന് കേന്ദ്രസർക്കാർ വെള്ളിയാഴ്ച പുറത്തുവിട്ട ഉത്തരവിൽ പറയുന്നു. ഇളവുകളിൽ സംസ്ഥാന സർക്കാരുകളാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.

ഏതെല്ലാം സ്ഥാപനങ്ങൾ തുറക്കാം

 • ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം രജിസ്റ്റർ ചെയ്തതും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പരിധികൾക്ക് പുറത്തുള്ളതുമായ കടകൾക്ക് തുറന്നു പ്രവർത്തിക്കാം. ഗ്രാമങ്ങളിൽ പാർപ്പിട സമുച്ഛയങ്ങൾക്കൊപ്പവും കമ്പോളങ്ങളുടെ ഭാഗമായുമുള്ള കടകൾ ഇതിൽ ഉൾപ്പെടുന്നു.
 • ഗ്രാമീണമേഖലകളിലും ഭാഗിക ഗ്രാമീണ മേഖലകളിലുമുള്ള രജിസ്റ്റർ ചെയ്ത എല്ലാ കടകൾക്കും പ്രവർത്തിക്കാം. നഗരങ്ങളിൽ ഒറ്റപ്പെട്ട കടകൾക്കും പാർപ്പിട മേഖലകളോട് ബന്ധപ്പെട്ട കടകൾക്കും മാത്രം പ്രവർത്തനാനുമതി.
 • ഒറ്റപ്പെട്ട കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബാർബർ ഷോപ്പുകളും സലൂണുകളും തുറക്കാം. ഷോപ്പിങ് കോംപ്ലക്സുകളിൽ പ്രവർത്തിക്കുന്നവയ്ക്ക് അനുമതി ഇല്ല.

 • പാർപ്പിട മേഖലകളിലെ തുന്നൽ കടകൾ തുറക്കാം
 • നഗര പരിധിക്ക് പുറത്തുള്ള അംഗീകൃത കമ്പോളങ്ങൾക്ക് തുറന്നു പ്രവർത്തിക്കാം. എന്നാൽ 50 ശതമാനത്തിൽ കൂടുതൽ തൊഴിലാളികൾ കമ്പോളങ്ങളിൽ ജോലിക്കെത്തരുത്
 • ഗ്രാമങ്ങളിലും നഗരങ്ങളിലും അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് നേരത്തേ തന്നെ പ്രവർത്തനാനുമതിയുണ്ട്
 • നഗര പ്രദേശങ്ങളിൽ റെസിഡൻഷ്യൽ ഏരിയയിലുള്ളതോ ഒറ്റപ്പെട്ടതോ ആയ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന, അവശ്യ വസ്തുക്കളല്ലാത്ത ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾക്ക് തുറക്കാൻ അനുമതി നൽകും

അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങളും, അനുമതിയില്ലാത്ത സേവനങ്ങളും

 • ബസ്, റോഡ് വഴിയുള്ള മറ്റു പൊതു ഗതാഗത സംവിധാനങ്ങൾ
 • മെട്രോ റെയിൽ, മറ്റു റാപിഡ് ട്രാൻസിറ്റ് സംവിധാനങ്ങൾ
 • ആഭ്യന്തര, രാജ്യാന്തര യാത്രാ വിമാന സർവീസുകൾ
 • യാത്രാ ട്രെയിനുകൾ
 • ജില്ലവിട്ടുള്ള യാത്രയ്ക്കുള്ള സംവിധാനങ്ങൾ

Also Read: സാമ്പത്തിക പ്രതിസന്ധി: ആര്‍ബിഐ നോട്ടടിക്കണമോ?, വേണ്ടയോ?

 • സർക്കാർ ഔദ്യോഗികമായി അനുമതി നൽകിയവ ഒഴികെയുള്ള വ്യവസായ, വാണിജ്യ പ്രവർത്തനങ്ങൾ
 • ഹോട്ടലുകൾ, മറ്റ് താൽക്കാലിക താമസ സംവിധാനങ്ങൾ
 • ഓട്ടോ, ടാക്സി, ഓൺലൈൻ ടാക്സി
 • മാൾ, മൾട്ടിപ്ലക്സ്, സിനിമാ ഹാൾ, ഷോപ്പിങ് കോംപ്ലക്സ്
 • ജിം, സ്പോർട്സ് കോംപ്ലക്സ്, സ്വിമ്മിങ് പൂൾ, പാർക്ക്
 • മദ്യശാലകൾ, മദ്യ വിൽപന ശാലകൾ, ഓഡിറ്റോറിയങ്ങൾ
 • ഓൺലൈൻ ഷോപ്പിങ് വഴി അവശ്യ വസ്തുക്കളല്ലാത്ത ഉൽപന്നങ്ങളുടെ വിൽപന പാടില്ല. അവശ്യ വസ്തുക്കൾ മാത്രം വിൽക്കാം
 • കൂട്ടം കൂടുന്നതിനും ഒത്തു ചേരലുകൾക്കുമുള്ള നിരോധനം തുടരും
 • വിവാഹം, സംസ്കാരചടങ്ങുകൾ തുടങ്ങിയവയിൽ 20 പേരെ മാത്രം പരമാവധി ഉൾപ്പെടുത്താം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook