ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ദേശീയ ജനസംഖ്യാ റജിസ്റ്റര്‍ (എന്‍പിആര്‍) പ്രവര്‍ത്തനം നിര്‍ത്തിവച്ചു. എന്‍പിആര്‍ പ്രവര്‍ത്തനവും 2021 സെന്‍സസിന്റെ ആദ്യ ഘട്ടവും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസ്താവന അറിയിച്ചു.

എന്‍പിആര്‍, സെന്‍സ് പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെ നടത്താനാണു ലക്ഷ്യമിട്ടിരുന്നത്. സെന്‍സസ് 2021 വീടുകള്‍ തിരിക്കല്‍, വീടുകളുടെ കണക്കെടുപ്പ് എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായി ഏപ്രില്‍-സെപ്റ്റംബര്‍ മാസങ്ങളില്‍ നടത്താനാണു നിശ്ചയിച്ചിരുന്നത്. ജനസംഖ്യാ കണക്കെടുപ്പ് 2021 ഫെബ്രുവരി ഒന്‍പതു മുതല്‍ 28 വരെയും നടത്താനാണു തീരുമാനിച്ചത്. എന്‍പിആര്‍ പുതുക്കല്‍ അസം ഒഴികെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 2021 ലെ സെന്‍സസ് ഒന്നാം ഘട്ടത്തിനൊപ്പം നടത്താനായിരുന്നു തീരുമാനമെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

Read Also: കോവിഡ്-19: ഇറ്റലിയില്‍ ലോക്ക് ഡൗണ്‍ ഫലപ്രദം; പുതിയ രോഗികളുടെ എണ്ണം കുറയുന്നു

കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. അതിനിടെ, കോവിഡ്-19 ബാധിച്ച ഒരാള്‍ കൂടി മരിച്ചു. തമിഴ്നാട് സ്വദേശിയായ അന്‍പത്തി നാലുകാരനാണു മരിച്ചത്. ഇതോടെ രാജ്യത്ത് മരണനിരക്ക് 11 ആയി ഉയര്‍ന്നു. ഇതുവരെ 609 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ബീഹാര്‍, മിസോറാം എന്നിവിടങ്ങളില്‍ ബുധനാഴ്ച പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

വൈറസ് ബാധിതരുടെ എണ്ണത്തില്‍ കേരളവും മഹാരാഷ്ട്രയുമാണു മുന്നിലുള്ളത്. സംസ്ഥാനത്ത് ഇന്ന് ഒന്‍പതു പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. എറണാകുളത്ത് മൂന്നുപേര്‍ക്കും പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ രണ്ടുപേര്‍ക്കു വീതവും ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഓരോ ആള്‍ക്കു വീതവുമാണു രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 114 ആയി ഉയര്‍ന്നു. ഇന്നലെ 14 പേര്‍ക്കും തൊട്ടു മുന്‍ ദിവസം 18 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

Read Also: സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് ഒൻപത് പേർക്ക്

കോവിഡ്-19 ബാധിച്ച് ലോകത്തുടനീളം 19,648 പേരാണു മരിച്ചത്. 4,21,792 പേര്‍ക്കു രോഗം ബാധിച്ചു. ഫ്രാന്‍സില്‍ പുതുതായി 240 പേര്‍ മരിച്ചു. ഇതോടെ മരണസംഖ്യ 28 ശതമാനം വര്‍ധിച്ച് 1,100 ആയി. ചൈന, ഇറ്റലി, ഇറാന്‍, സ്പെയിന്‍ എന്നിവയ്ക്കുശേഷം മരണനിരക്ക് ആയിരം കടക്കുന്ന അഞ്ചാമത്തെ രാജ്യമായിരിക്കുകയാണ് ഫ്രാന്‍സ്. വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളിലൊന്നായ അമേരിക്കയില്‍ രോഗബാധിതര്‍ പതിനായിരത്തോളമായി. ഒരു ദിവസം കൊണ്ട് നൂറ്റി അന്‍പതോളം പേര്‍ മരിച്ചു.

കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ത്യയില്‍ 21 ദിവസത്തെ ലോക്ക് ഡൗണ്‍ ആചരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കാനിടയുണ്ടെന്നാണു സര്‍ക്കാരുകളുടെയും ആരോഗ്യവിഭാഗത്തിന്റെയും കണക്കുകൂട്ടല്‍. കാര്യങ്ങള്‍ കൈവിട്ടു പോകുന്നതു തടയുകയെന്ന ലക്ഷ്യം വച്ചാണു രാജ്യം മുഴുവന്‍ 21 ദിവസത്തെ സമ്പൂര്‍ണ അടച്ചിടല്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

ലോക്ക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളാണു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അനാവശ്യമായി പുറത്തിറങ്ങിയാല്‍ ആറുമാസം തടവോ ആയിരം രൂപ പിഴയോ ആണ് ശിക്ഷ. ലോക്ക് ഡൗണ്‍ ലംഘിച്ച് വീടിനു പുറത്തിറങ്ങിയാല്‍ നേരിടാന്‍ സൈന്യത്തെ വിളിക്കുമെന്നും വെടിവച്ചുകൊല്ലുമെന്നാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ പ്രഖ്യാപനം.

കേരളത്തില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കു പുറത്തിറങ്ങുന്നവര്‍ യാത്രാ ഉദ്ദേശം വ്യക്തമാക്കുന്നതിന് പൊലീസ് നിഷ്‌കര്‍ച്ച ഫോം പൂരിപ്പിച്ചുനല്‍കണം. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനറജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Read in English Here: Coronavirus Latest News 

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook