ന്യൂഡൽഹി: കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദിനംപ്രതി നിരവധി ആളുകളിൽ പരിശോധന ഫലം പോസിറ്റീവാകുന്നു. ഇതുവരെ 57,88,073 പേർക്കാണ് ലോകത്താകമാനം കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും രോഗം നിയന്ത്രിക്കാൻ സാധിക്കാത്തത് വെല്ലുവിളിയായി തന്നെ നിലനിൽക്കുകയാണ്.

വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ 24, 97,140 പേർക്കാണ് രോഗം ഭേദമായത്. അതേസമയം, കോവിഡ്-19 മൂലം മരിച്ചവരുടെ എണ്ണം 3,57,400 ആയി. അമേരിക്കയിലും ബ്രസീലിലുമാണ് നിലവിൽ വൈറസിന്റെ ആഘാതം വലിയ രീതിയിൽ അനുഭവപ്പെടുന്നത്.

Also Read: സാമൂഹിക അകലം ഇത് മതിയോ: വൈറസുകൾ ആറ് മീറ്റർ ദൂരത്തേക്ക് വ്യാപിക്കുമെന്ന് പഠനം

അമേരിക്കയിൽ മാത്രം മരണസംഖ്യ നേരത്തെ തന്നെ ഒരു ലക്ഷം കടന്നിരുന്നു. ഇതുവരെ 17 ലക്ഷത്തിലധികം ആളുകളിലാണ് അമേരിക്കയിൽ മാത്രം വൈറസ് ബാധ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിൽ 1535 പേർക്ക് കോവിഡ്-19 മൂലം ജീവൻ നഷ്ടമായി. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 102107 ആയി വർധിക്കുകയും ചെയ്തു.

ഇപ്പോൾ കോവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് ബ്രസീലാണ്. ഇവിടെ മരണസംഖ്യയും ക്രമാതീതമായി ഉയരുകയാണ്. അമേരിക്കയ്ക്ക് പുറമെ കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തതും ബ്രസീലിൽ തന്നെ. 1148 പേരാണ് ബ്രസീലിൽ കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ കാൽലക്ഷം കടന്ന് 25697ൽ എത്തി.

Also Read: കോവിഡ് കാരണം ഇന്ത്യയിലെ 70 ശതമാനത്തിലധികം ശസ്ത്രക്രിയകൾ മുടങ്ങുമെന്ന് പഠനം

തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ വരും മാസങ്ങളിൽ രോഗവ്യാപനം കൂടുമെന്ന് ലോകാരോഗ്യ സംഘടന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ ബ്രസീലിൽ ഉൾപ്പടെ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഓഗസ്റ്റോടെ മറ്റ് ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും വർധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന അറിയിക്കുന്നത്.

ഇന്ത്യയിലും രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. കോവിഡ്-19 സ്ഥിരീകരിക്കുന്നവരുടെ എണ്ണം രാജ്യത്ത് രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 4337 പേർക്ക് വൈറസ് ബാധമൂലം ജീവൻ നഷ്ടമായി. ആഗോള തലത്തിൽ കേവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ പത്താം സ്ഥാനത്താണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook