ന്യൂഡൽഹി: ലോകത്താകമാനം കോവിഡ്-19 ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർധനവ്. വിവിധ രാജ്യങ്ങളിലായി ഇതുവരെ അണുബാധ കണ്ടെത്തിയവരുടെ എണ്ണം 53 ലക്ഷം കടന്നു. ഇതുവരെ 3.39000 ത്തിലധികം പേരാണ് വൈറസ് ബാധിതരായി മരണപ്പെട്ടത്. 21.58 ലക്ഷം ആളുകൾ രോഗമുക്തി നേടിയപ്പോൾ നിലവിൽ രോഗികളായി കഴിയുന്ന 28.02 ലക്ഷം ആളുകളിൽ 44583 പേർ അതീവ ഗുരുതരാവസ്ഥയിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം ലോകത്ത് 5245 പേരാണ് മരിച്ചത്. ഒരു ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

Also Read: ലോക്ക്ഡൗണിലൂടെ രാജ്യത്ത് ഒഴിവാക്കിയത് 14-29 ലക്ഷം അണുബാധയും 37000-71000 മരണവും

അമേരിക്കയാണ് രോഗികളുടെ എണ്ണത്തിൽ ഇപ്പോഴും മുന്നിൽ നിൽക്കുന്നത്. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം പതിനാറര ലക്ഷത്തിലേക്ക് അടുക്കുകയാണ്. അമേരിക്കയില്‍ 1,283 പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 97,637 ആയി. ഇന്നലെ മാത്രം രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 24,197 പേര്‍ക്കാണ്.

അതേസമയം, വൈറസിന്‍റെ അടുത്ത വ്യാപന കേന്ദ്രമായി തെക്കേ അമേരിക്ക മാറുന്നെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ഇത് ശരിവയ്ക്കുന്ന വാർത്തകളാണ് ബ്രസീലിൽ നിന്നും വരുന്നതും. നിലവിൽ അമേരിക്കയ്ക്ക് ശേഷം ഏറ്റവും കൂടുതൽ രോഗബാധിതരുള്ള രാജ്യമാണ് ബ്രസീൽ. 3.31 ലക്ഷം പേർക്കാണ് ഇതുവരെ ബ്രസീലിൽ രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണത്തിൽ റഷ്യയെ ബ്രസീൽ മറികടക്കുകയും ചെയ്തു. 21,048 പേരാണ് ഇതുവരെ തെക്കേ അമേരിക്കൻ രാജ്യത്ത് മരിച്ചത്.

Also Read: ലോക്ക്ഡൗണ്‍ ഇളവ് ആഘോഷിക്കാനല്ലെന്ന്‌ മുഖ്യമന്ത്രി; ഇളവ് പിന്‍വലിക്കുമെന്ന് കണ്ണൂര്‍ കളക്ടര്‍

രോഗബാധിതരുട എണ്ണത്തിൽ നിലവിൽ മൂന്നാം സ്ഥാനത്താണെങ്കിലും റഷ്യയിൽ മരണ നിരക്ക് കുറവാണെന്നത് രാജ്യത്തിന് ആശ്വാസകരമാണ്. 3249 പേർക്ക് മാത്രമാണ് ഇതുവരെ വൈറസ് ബാധ മൂലം റഷ്യയിൽ ജീവൻ നഷ്ടമായത്. സ്‌പെയിനിൽ 2.81 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 28,628 പേർ മരിച്ചു.

ഇന്ത്യയിൽ ഇന്നലെ 6088 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രാജ്യത്ത് 148 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കൊറോണ വൈറസ് മൂലം ഇതുവരെ മരിച്ചവരുടെ എണ്ണം 3583ൽ എത്തി. 6088 പുതിയ കേസുകൾ കൂടി ചേർന്നതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,18,447 ആയി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook