ന്യൂഡൽഹി: ലോകത്താകെയുള്ള കോവിഡ്-19 ബാധിതരുടെ എണ്ണം ആറ് ലക്ഷം കവിഞ്ഞു. ഇതുവരെ 6,02,262 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി ജോൺ ഹോപ്കിൻസ് സർവകലാശാല അറിയിച്ചു. 27,862 പേർ ലോകത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചതായാണ് ശനിയാഴ്ച രാവിലെ വരെയുള്ള കണക്കുകൾ. ഇറ്റലിയിലാണ് മരണം ഏറ്റവും കൂടുതൽ. 9134 പേർ ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചു. സ്‌പെയിനിൽ 5,138പേരും ചൈനയിൽ 3.174 പേരും രോഗം ബാധിച്ച് മരിച്ചു.

യുഎസിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ചത്. 104,686 പേർക്ക് യുഎസിൽ രോഗം സ്ഥിരീകരിച്ചതായാണ് ജോൺ ഹോപ്കിൻസ് സർവകലാശാലയിൽ നിന്നുള്ള കണക്കുകൾ. ഇറ്റലിയിൽ 86,498 പേർക്കും ചൈനയിൽ 81,946 പേർക്കും ഇതുവരെ രോഗബാധ സ്ഥിരീകരിച്ചു. സ്‌പെയിനിൽ 65, 719ഉം ജർമനിയിൽ 50, 871ഉം കോവിഡ് കേസുകൾ ഇതുവരെ സ്ഥിരീകരിച്ചു.

131,854 പേരാണ് ഇതുവരെ രോഗവിമുക്തരാായത്. ഇതിൽ 62, 098പേർ ചൈനയിൽ ആദ്യ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത വുഹാൻ നഗരമുൾപ്പെടുന്ന ഹുബെയ് പ്രവിശ്യയിലുള്ളവരാണ്. ഇറാനിൽ 11,183 പേരും ഇറ്റലിയിൽ 10,950 പേരും രോഗവിമുക്തരായി.

ഇറ്റലിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 996 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതാദ്യമായാണ് ഒരു ദിവസത്തിനിടെ ഇത്രയും ആളുകൾ മരിക്കുന്നത്. സ്‌പെയിനിൽ ഒരു ദിവസത്തിനിടെ 7800ലധികം പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് രോഗം ബാധിച്ചവരിൽ 15 ശതമാനവും ആരോഗ്യ പ്രവർത്തകരാണ്. മരണസഖ്യയിൽ ഇറ്റലിക്ക് പിറകിൽ രണ്ടാമതാണ് സ്‌പെയിൻ.

യുഎസിൽ ന്യൂയോർക്ക് നഗരത്തിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. 1.5 ശതമാനമാണ് യുഎസിൽ കോവിഡ് മരണ നിരക്ക്. ഇറ്റലിയിൽ ഇത് 10.5 ശതമാനമാണ്.

Also Read: ‘വെെറസ് ഞങ്ങളെ കൊന്നില്ലെങ്കിലും ഈ യാത്ര അത് ചെയ്തേക്കാം’; കഷ്ടതകൾ വിശദീകരിച്ച് തൊഴിലാളികൾ

ഐക്യരാഷ്ട്ര സഭയുടെ 86 ജീവനക്കാർ ഇതുവരെ രോഗം ബാധിച്ച് മരിച്ചു. യൂറോപ്യൻ രാജ്യങ്ങളിലെ ജീവനക്കാരെയാണ് കോവിഡ് കൂടുതലായി ബാധിച്ചതെന്ന് യുഎൻ വക്താവ് സ്റ്റെഫേയ്ൻ ദുജാറിക് അറിയിച്ചു. ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലും യുഎസിലുമുള്ള യുഎൻ ഉദ്യോഗസ്ഥരെയും കോവിഡ് ബാധിച്ചിട്ടുണ്ട്. രോഗ വ്യാപനം കുറയ്ക്കുന്നതിനായി യുഎൻ ജീവനക്കാരിൽ ഭൂരിപക്ഷവും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നതെന്നും ദുജാറിക് പറഞ്ഞു.

കോവിഡിനെത്തുടർന്ന് നിരവധി രാജ്യങ്ങൾ അടച്ചുപൂട്ടലിലേക്ക് പോയതോടെ ആഗോള സാമ്പത്തിക രംഗം പ്രതിസന്ധിയിലേക്ക് പോയതായി ഐഎംഎഫിന്റെ പ്രഖ്യാപനം വെള്ളിയാഴ്ച പുറത്തുവന്നിരുന്നു. 2009ലേതിനേക്കാളും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് വരാനിരിക്കുന്നത്. പ്രതിസന്ധിയിൽനിന്ന് അടുത്ത വർഷത്തോടെ കരകയറാനാവുമെന്നും ഐഎംഎഫ് മാനേജിങ് ഡയരക്ടർ ക്രിസ്റ്റാലിന ജോർജിയേവ വ്യക്തമാക്കി.

Read in English: Coronavirus latest update March 28: Italy, Spain suffer record virus deaths as infection rate surges

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook