ന്യൂയോർക്ക്: ലോകത്താകെ കോവിഡ്-19 രോഗം ബാധിച്ചവരുടെ എണ്ണം 38 ലക്ഷം കടന്നു. 187 രാജ്യങ്ങളിലായി 38,09, 180 പേർക്കാണ് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചത്. 2,66,432 പേർ രോഗം ബാധിച്ച് മരിച്ചു.
യുഎസിൽ രോഗബാധിതരുടെ എണ്ണം 12.4 ലക്ഷമായി ഉയർന്നു. സ്പെയിനിൽ 2.2 ലക്ഷം ആളുകൾക്കും ഇറ്റലിയിൽ 2.14 ലക്ഷം ആളുകൾക്കും രോഗം ബാധിച്ചു. ബ്രിട്ടണിൽ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. യുഎസിൽ 74, 239 പേരും ബ്രിട്ടണിൽ 30689 പേരും രോഗം ബാധിച്ച് മരിച്ചു.
രാജ്യത്ത് 53,000ഓളം കോവിഡ് ബാധിതർ
ന്യൂഡൽഹി: ഇന്ത്യയിൽ ഇതുവരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 53,000 ഓട് അടുക്കുന്നു. ഇതിൽ 15,266 പേർ രോഗമുക്തി നേടി. 35902 പേരാണ് ചികിത്സയിൽ കഴിയുന്നത്. 1783 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.രാജ്യത്ത് ബുധനാഴ്ച മാത്രം 3500 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയിൽ 18,000 രോഗ ബാധിതർ
മുംബൈ: ഇന്ത്യൻ സംസ്ഥാനങ്ങളിൽ മഹാരാഷ്ട്രയിലാണ് കോവിഡ് ബാധ ഏറ്റവും രൂക്ഷമായി തുടരുന്നത്. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം ഇന്ന് 18,000 കടന്നു. 651 കോവിഡ് ബാധിതരാണ് സംസ്ഥാനത്ത് മരിച്ചത്.
ആർതർ റോഡ് ജയിലിൽ 70ലധികം തടവുകാർക്ക് കോവിഡ്
മുംബൈ: മുംബൈ ആർതർ റോഡ് സെൻട്രൽ ജയിലിലെ 70ലധികം തടവുകാർക്കും ഏഴ് ജീവനക്കാർക്കും കോവിഡ്-19 സ്ഥിരീകരിച്ചു. ബുധനാഴ്ച ജയിലിലെ ഒരു വിചാരണ തടവുകാരനും രണ്ട് സുരക്ഷാ ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിറകേയാണ് ജയിലിലെ 70ഓളം തടവുകാർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. 800 പേരെ മാത്രം ഉൾക്കൊള്ളാൻ ശേഷിയുള്ള ജയിലിൽ 26,00 തടവുകാരെയാണ് പാർപ്പിച്ചിട്ടുള്ളത്.
കേരളത്തിൽ പുതിയ രോഗികളില്ല
തിരുവനന്തപുരം: കേരളത്തിൽ ഇന്നും ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ബുധനാഴ്ചയും സംസ്ഥാനത്ത് ആർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. സംസ്ഥാനത്തിന് തുടര്‍ച്ചയായ ആശ്വാസ ദിനങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെകെശൈലജ പറഞ്ഞു. മേയ് 1,3,4 തീയതികളിലും ആർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല.
അഞ്ച് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ച് പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവായി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് പേരുടേയും കാസര്‍ഗോഡ് ജില്ലയിലെ രണ്ട് പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതുവരെ 474 പേരാണ് കോവിഡില്‍ നിന്നും മുക്തി നേടിയത്.
Read More | രണ്ടാം വിമാനത്തില്‍ 19 ഗര്‍ഭിണികള്‍; 85 പേര്‍ക്കു വീട്ടുനിരീക്ഷണത്തില്‍ കഴിയാന്‍ അനുമതി
25 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 16,693 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 16,383 പേര്‍ വീടുകളിലും 310 പേര്‍ ആശുപത്രികളിലുമാണ്. 131 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വരവേറ്റ് കേരളം; ജന്മനാടിന്റെ സുരക്ഷിത്വത്തില്‍ പ്രവാസികള്‍
കൊച്ചി/കോഴിക്കോട്: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി യുഎഇയിൽ നിന്നു തിരിച്ച രണ്ട് വിമാനങ്ങളും കേരളത്തിൽ എത്തിച്ചേർന്നു. യുഎഇയിൽ നിന്നുള്ള ആദ്യ വിമാനം കൊച്ചി വിമാനത്താവളത്തിലാണ് എത്തിച്ചേർന്നത്. അബുദാബിയിൽനിന്നുള്ള ആദ്യ വിമാനമാണ് കൊച്ചിയിലെത്തിയത്.
പിറകേ രണ്ടാം വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചേർന്നു. ദുബായിൽ നിന്നുള്ള വിമാനം രാത്രി 10.32ഓടെയാണ് കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയത്.
എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ രണ്ടു വിമാനങ്ങളിലാണ് ഇന്ന് വിദേശത്തുനിന്നു പ്രവാസികളെ തിരികെയെത്തിച്ചത്. കേരളത്തിലേക്ക് ഒരാഴ്ചയ്ക്കുളളിൽ എട്ടു വിമാനങ്ങൾ ഉപയോഗിച്ച് 14 സർവീസുകളാണ് കൊച്ചി ആസ്ഥാനമായ എയർ ഇന്ത്യ എക്‌സ്‌പ്രസ് നടത്തുന്നത്. ഇന്നു മുതൽ 13 വരെ നീളുന്ന ആദ്യ ഘട്ടത്തിൽ 2,478 പ്രവാസികളാണ് തിരിച്ചെത്തുക.
സമുദ്ര സേതു പദ്ധതി: യാത്രക്കാരെ സ്വീകരിക്കാന്‍ കൊച്ചി തുറമുഖം ഒരുങ്ങി
സമുദ്രസേതു പദ്ധതിയുടെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ നിന്നും കപ്പല്‍ ഉപയോഗിച്ച് ഒഴിപ്പിക്കുന്ന പ്രവാസികളെ സ്വീകരിക്കാന്‍ കൊച്ചി തുറമുഖം ഒരുങ്ങി. മാലി ദ്വീപില്‍ നിന്നുള്ള പ്രവാസികളുമായി ഇന്ത്യന്‍ നാവികസേനയുടെ ജലാശ്വ എന്ന കപ്പലാണ് ആദ്യം കൊച്ചിയിലെത്തുക.
#വന്ദേഭാരത് #സമുദ്രസേതു #VandeBharat #SamudraSetu
ഇന്ത്യൻ പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുള്ള സമുദ്ര സേതു പദ്ധതിയുടെ…Posted by IEMalayalam on Thursday, 7 May 2020
750 പേരെയാണ് ഈ കപ്പലിൽ കൊച്ചിയിലേക്ക് തിരിച്ചെത്തിക്കുക. കപ്പലിനകത്തുനിന്നുള്ള ചിത്രങ്ങൾ നാവിക സേന പുറത്തുവിട്ടിട്ടുണ്ട്. 2011ൽ ലിബിയയിൽ നിന്ന് ഇന്ത്യക്കാരെ നാട്ടിൽ തിരിച്ചെത്തിച്ച ദൗത്യത്തിൽ ഐഎൻഎസ് ജലാശ്വ പങ്കാളിയായിരുന്നു.
ഐഎൻഎസ് ശാർദുൽ യുഎഇയിലേക്ക്
കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ യാത്രക്കാരെ മടക്കിയെത്തിക്കാൻ ഇന്ത്യയുടെ മൂന്ന് കപ്പലുകളാണ് രംഗത്തുള്ളത്. നിലവിൽ മാലിദ്വീപിലുള്ള ഐഎൻഎസ് ജലശ്വയ്ക്ക് പുറമെ ഐഎൻഎസ് മാഗറും മേയ് പത്തിന് ദ്വീപ് രാഷ്ട്രത്തിലെത്തും. ഐഎൻഎസ് ശാർദുൽ ഇതിനോടകം യുഎഇയിലേക്ക് പുറപ്പെട്ട് കഴിഞ്ഞു.