ലോക്ക്ഡൗൺ നാലാം ഘട്ടം ഇന്ന് അവസാനിക്കാനിരിക്കെ ഇതുവരെയുള്ള പ്രതിദിന കണക്കിൽ ഏറ്റവും കൂടുതൽ പേർക്ക് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച ദിവസമാണ് ഇന്ന്. വിവിധ സംസ്ഥാനങ്ങളിലായി ഇന്ന് 8380 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,82,143 ആയി ഉയർന്നു. മരണസംഖ്യ 5164 ആയി വർധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു.

അതേസമയം കൊറോണ വൈറസ് പ്രതിരോധത്തിനായി രാജ്യത്തേർപ്പെടുത്തിയ ലോക്ക്ഡൗൺ നാളെ (ജൂൺ 1) മുതൽ അഞ്ചാം ഘട്ടത്തിലേക്ക് കടക്കുകയാണ്. എന്നാൽ മാർച്ച് 25ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷം ഏറ്റവുമധികം ഇളവുകൾ അനുവദിച്ചുകൊണ്ടാണ് നാലാം തവണ ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിക്കുമ്പോഴും രാജ്യം സാവധാനം സാധാരണ നിലയിലേക്ക് മടങ്ങുന്ന തരത്തിൽ തീവ്രരോഗബാധിത പ്രദേശങ്ങളിൽ മാത്രം കർശന നിയന്ത്രണങ്ങൾ തുടരും.

ഇന്ത്യയിലെ കോവിഡ് കേസുകളുടെ പകുതിയോളം റിപ്പോർട്ട് ചെയ്തത് ലോക്ക്ഡൗൺ നാലാം ഘട്ടത്തിൽ

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണിന്റെ നാലാം ഘട്ടത്തിലാണ് ഇതുവരെ റിപ്പോർട്ട് ചെയ്ത കേസുകളുടെ പകുതിയോളം സ്ഥിരീകരിച്ചതെന്ന് കേന്ദ്രം. മേയ് 18ന് ആരംഭിച്ച ലോക്ക്ഡൗൺ 4.0യുടെ തുടക്കത്തിൽ ഇന്ത്യയിൽ 85,974 പേർക്കായിരുന്നു വൈറസ് ബാധ കണ്ടെത്തിയത്. നാലാം ഘട്ടം ഇന്ന് അവസാനിക്കാനിരിക്കെ രോഗികളുടെ എണ്ണം 1,82,143 ആണ്.

ഇളവുകൾ അനുവദിക്കുന്നതിലുൾപ്പടെ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരങ്ങൾ നൽകിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഞ്ചാം ഘട്ടം ലോക്ക്ഡൗണിനുള്ള മാർഗരേഖ പുറത്തിറക്കിയത്. മഹാരാഷ്ട്ര, തമിഴ്നാട്, പഞ്ചാബ്, മധ്യപ്രദേശ് എന്നിങ്ങനെ നാല് സംസ്ഥാനങ്ങളാണ് ജൂൺ 30 വരെ ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. പശ്ചിമ ബംഗാൾ ജൂൺ 15 വരെയും ലോക്ക്ഡൗൺ നീട്ടുന്നതായി അറിയിച്ചു. എന്നാൽ നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ഇളവുകളും ഈ സംസ്ഥാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

കോവിഡ്-19 നിയന്ത്രണം; ഇന്ത്യയുടേത് വലിയ നേട്ടം: മോദി

എല്ലാവരുടേയും പിന്തുണയോടെ കോവിഡ്-19-ന് എതിരെ ശക്തമായി പോരാടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മന്‍ കി ബാത്ത് എന്ന പ്രതിമാസ റേഡിയോ പരിപാടിയിലൂടെ രാജ്യത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണവൈറസിനെതിരായ പോരാട്ടത്തിന്റെ പാത ദൈര്‍ഘ്യമേറിയതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമ്പദ് വ്യവസ്ഥയുടെ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നതായി അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കുമ്പോള്‍ സാമൂഹിക അകലം പാലിക്കുന്നതിലും മാസ്‌കുകള്‍ ധരിക്കുന്നതിലും പരമാവധി വീടിനുള്ളില്‍ കഴിയുന്നതിലും അശ്രദ്ധ വരുത്തരുതെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഈ പ്രതിസന്ധി നിമിഷത്തിലെ നൂതന ആശയങ്ങള്‍ തന്റെ ഹൃദയത്തെ സ്പര്‍ശിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കൊറോണവൈറസിനെതിരെ പോരാടുന്നതിന്‌ ഗ്രാമങ്ങളിലേയും നഗരങ്ങളിലേയും ജനങ്ങളും ചെറുകിട വ്യാപാരികള്‍ മുതല്‍ സ്റ്റാര്‍ട്ട്അപ്പുകള്‍ വരേയും നമ്മുടെ ലാബുകളും പുതുവഴികള്‍ സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ട്രെയിൻ സർവീസുകൾ നാളെ മുതൽ: വിശദാംശങ്ങൾ അറിയാം

നാളെ മുതൽ കേരളത്തിൽ ദീർഘദൂര യാത്രാ ട്രെയിനുകൾ സർവീസ് നടത്തും. രാജ്യത്താകെ സമയക്രമം അനുസരിച്ചുള്ള ട്രെയിൻ സർവീസുകൾ ഭാഗികമായി പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലും ട്രെയിനുകളോടിത്തുടങ്ങുന്നത്. ഇരു ദിശകളിലേക്കുമായി 115 വീതം ട്രെയിനുകളാണ് രാജ്യത്ത് ഓടിത്തുടങ്ങുക.

ഏഴ് ട്രെയിൻ സർവീസുകളാണ് നാളെമുതൽ സംസ്ഥാനത്തുണ്ടാവുക. സംസ്ഥാനത്തിന് പുറത്തേക്ക് സർവീസ് നടത്തുന്നവയാണ് നാലു ട്രെയിനുകൾ, കൊങ്കൺ വഴി മുംബൈയിലേക്കും ഡൽഹിയിലേക്കും. ജൂൺ 10 വരെ സാധാരണ ഷെഡ്യൂളിലും ജൂൺ 10 മുതൽ മൺസൂൺ ഷെഡ്യൂൾ പ്രകാരവും ട്രെയിനുകൾ സർവീസ് നടത്തും.

കേരളത്തിൽ ഇന്ന് 61 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 15 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 61 പേര്‍ക്ക്‌ കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നും പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജില്ലയില്‍ 12 പേര്‍ക്ക് രോഗബാധ കണ്ടെത്തിയപ്പോൾ കാസർഗോഡ് 10 പേര്‍ക്കും കണ്ണൂര്‍ 7 പേര്‍ക്കും കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook