നീലഗിരി ചായയ്ക്ക് ഉണര്‍വ്വും ഉന്മേഷവും പകര്‍ന്ന് കേരളം. കോവിഡ് 19 പ്രതിസന്ധി നേരിടാൻ സംസ്ഥാനത്തെ റേഷൻ കാർഡുടമകൾക്ക് നല്‍കുന്ന കിറ്റിലെ തേയിലയാണ് കേരളത്തിന്റെ ‘കരുതലായി’ നീലഗിരിയെ പൊതിയുന്നത്.
കേരളത്തിന്റെ ഓര്‍ഡര്‍ പ്രകാരം 1,250 ടണ്‍ തേയിലയാണ് തമിഴ്നാട് സ്മാള്‍ ടീ ഗ്രോവേര്‍സ് ഇന്‍ഡസ്ട്രിയല്‍ കോപ്പറേറ്റിവ് ടീ ഫാക്ടറീസ് ഫെഡറേഷന്‍ ലിമിറ്റഡ് (ഇന്‍കോസെര്‍വ്) തയ്യാറാക്കിയത്. അമ്പതു ലക്ഷം പാക്കറ്റുകളിലായി ‘മൗൻറ്റൻ റോസ്’ എന്ന ചായപ്പൊടി കേരളത്തിലേക്ക് കുന്നിറങ്ങി വരുമ്പോള്‍, നീലഗിരിയിലെ ചെറുകിട കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും തൊഴില്‍നഷ്ടമില്ലാതെ ലോക്ക്ഡൗണ്‍ കടന്നു കിട്ടിയതിന്റെ ആശ്വാസമാണ്.
Read in English: How Kerala lent a helping hand to tea growers in Tamil Nadu’s Nilgiris

“തോട്ടം മേഖലയില്‍ വലിയ തിരച്ചടികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടായിരുന്ന ഒരു കാലമായിരുന്നു ലോക്ക്ഡൗണ്‍. അതൊഴിവാക്കാന്‍ സാധിച്ചു എന്ന് മാത്രമല്ല ഇന്‍കോസെര്‍വിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാനും, ചെറുകിട തേയില കര്‍ഷകര്‍ക്ക് പണം നല്‍കാനും കേരള സര്‍ക്കാരിന്റെ ഓര്‍ഡര്‍ സഹായകരമായി,” ഇന്‍കോസെര്‍വ് മാനേജിംഗ് ഡയറക്ടര്‍ സുപ്രിയ സാഹു പറഞ്ഞു.
കേരള സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍റെ ഈ ഭീമമായ ഓര്‍ഡര്‍ ഇരുപത് ദിവസം കൊണ്ട് പൂര്‍ത്തീകരിക്കുക എന്ന വെല്ലുവിളിയെ ഇന്‍കോസെര്‍വ് നേരിട്ടത് പതിനാറു ഫാക്ടറികള്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിച്ചിട്ടാണ്. ലോക്ക്ഡൗണിന്റെ കര്‍ശനനിയന്ത്രണങ്ങളില്‍ നിന്നും ഇന്‍കോസെര്‍വിനെ ഒഴിവാക്കിക്കൊണ്ട് തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
“തൊഴിലാളികളെ ജോലി സ്ഥലങ്ങളിലേക്ക് എത്തിക്കുക, ഫാക്ടറികളുടെ സുഗമായ പ്രവര്‍ത്തനം ഉറപ്പു വരുത്തുക, പാക്കേജിംഗ് മെറ്റീരിയലുകള്‍ ഏര്‍പ്പാടാക്കുക എന്നതൊക്കെ ഈ സാഹചര്യത്തില്‍ പ്രയാസമായി മാറി. പക്ഷേ ഇതിനെയൊക്കെ മറികടക്കാന്‍ സാധിച്ചു എന്നതും വലിയ നേട്ടമാണ്,’ സാഹു പറഞ്ഞു.

സാമൂഹിക അകലം പാലിക്കുക, മാസ്ക്-കൈയ്യുറ ധരിക്കുക, മെഡിക്കല്‍ ചെക്കപ്പ് നടത്തുക എന്നിവയടക്കമുള്ള നിബന്ധനകള്‍ പാലിച്ചു കൊണ്ടാണ് ഇന്‍കോസെര്‍വ് തൊഴിലാളികള്‍ 15000ലേറെ മണിക്കൂറുകള്‍ പ്രവര്‍ത്തിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അങ്ങനെ തയ്യാറായ ‘മൗൻറ്റൻ റോസി’ന്‍റെ 250 ഗ്രാമിന്റെ 50 ലക്ഷം പാക്കറ്റുകള്‍ പിന്നീട് കേരളത്തിലേക്ക് എത്തിക്കുക എന്ന ദൗത്യവും അവര്‍ക്കുണ്ടായിരുന്നു.
“നൂറ്റിയിരുപത്തിയഞ്ചു ട്രക്കുകളിലായി കേരളത്തിലെ അന്‍പത്തിയൊന്ന് സിവില്‍ സപ്ലൈസ് ഡിപ്പോകളിലേക്കാണ് എത്തിച്ചത്. അത് സുഗമമാക്കാനുള്ള നടപടികള്‍ തമിഴ്നാട്-കേരള സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.”

നീലഗിരിയിലെ ചെറുകിട തേയില കര്‍ഷകരുടെ ഉന്നമനത്തിനായി 1965ലാണ് ഇന്‍കോസെര്‍വ് എന്ന സഹകരണ സ്ഥാപനം രൂപമെടുക്കുന്നത്. പതിനാറു ഫാക്ടറികളില്‍ നിന്ന് പതിനേഴ് ദശലക്ഷം കിലോ തേയിലയാണ് രാജ്യത്തെ ഏറ്റവും വലിയ തേയില സഹകരണ ഫെഡറേഷനായ ഇന്‍കോസെര്‍വ് ഉത്പാദിപ്പിക്കുന്നത്. ഒന്ന് മുതല്‍ അഞ്ചേക്കര്‍ വരെ തോട്ടമുള്ള 26,000 ചെറുകിട കര്‍ഷകരാണ് ഇതില്‍ അംഗങ്ങളായി ഉള്ളത്. ‘ഊട്ടി ടീ’ എന്ന പേരില്‍ തമിഴ്നാട്ടിലെ റേഷന്‍ കടകളിലേക്ക് തേയില വിതരണം ചെയ്തിരുന്ന ഇന്‍കോസെര്‍വിന് ഇതാദ്യമായാണ് മറ്റൊരു സംസ്ഥാനത്തിന്റെ ഓര്‍ഡര്‍ ലഭിക്കുന്നത്.
“ഇങ്ങനെ ഒരു സമയത്ത് ഏതൊരു സര്‍ക്കാരും ചെയ്യുക, ഏറ്റവും അടുത്ത്, ഏറ്റവും എളുപ്പത്തില്‍ ലഭ്യമാകുന്നത്, അത് വന്‍കിട കോര്‍പ്പറേറ്റുകള്‍ ആണെങ്കില്‍ കൂടിയും, അത് ഉപയോഗിക്കുക എന്നതാണ്. സഹകരണ മേഖലയില്‍ ഉള്ള ഇന്‍കോസെര്‍വിന് ഈ ഓര്‍ഡര്‍ നല്‍കുക വഴി തൊഴിലാളികള്‍ക്കും ചെറുകിടക്കര്‍ഷകര്‍ക്കും ഈ വിഷമഘട്ടത്തില്‍ താങ്ങാവുകയാണ് കേരളം,” നീലഗിരി ജില്ലയുടെ മോണിട്ടറിംഗ് ഓഫീസര്‍ കൂടിയായ സുപ്രിയ സാഹു പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 350 കോടി രൂപ വകയിരുത്തിയാണ് കേരളത്തിലെ 87ലക്ഷത്തോളം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ കിറ്റ് നല്‍കുന്നത്. 1000 രൂപ വില വരുന്ന 17 വീട്ടുപയോഗ സാധനങ്ങളടങ്ങിയ കിറ്റുകളാണ് ഘട്ടം ഘട്ടമായി വിതരണം ചെയ്യുന്നത്.
പഞ്ചസാര, ചായപ്പൊടി, ഉപ്പ്, ചെറുപയറ്, കടല, വെള്ളിച്ചെണ്ണ, ആട്ട, റവ, മുളകുപൊടി, മല്ലിപ്പൊടി, പരിപ്പ്, മഞ്ഞള്‍പ്പൊടി, ഉലുവ, കടുക്, സോപ്പ് (രണ്ടെണ്ണം), സണ്‍ ഫ്ളവര്‍ ഓയില്, ഉഴുന്ന് എന്നിവയാണ് കിറ്റിലുള്ളത്.
Read More: ആരും പട്ടിണി കിടക്കരുത്: അമര്‍ത്യ സെന്‍, രഘുറാം രാജന്‍, അഭിജിത് ബാനര്‍ജി