ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ഇനി പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവർക്ക് 5000 രൂപ പിഴയും ആറ് മാസം തടവും. കോവിഡ്-19 പടർന്നു പിടിക്കുന്ന ആശങ്കയിലാണ് പുതിയ നിയമവുമായി സംസ്ഥാന സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുന്നത് എല്ലാ സംസ്ഥാനങ്ങളിലും നിർബന്ധമാണ്. പല സംസ്ഥാനങ്ങളും മാസ്ക് ധരിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കുന്നുണ്ട്.

ഓർഡിനൻസിന് ഗവർണർ ബേബി റാണി മൗര്യ ശനിയാഴ്ച അംഗീകാരം നൽകി. വിനോദസഞ്ചാര മേഖലയെ ആശ്രയിച്ചുള്ള സംസ്ഥാനത്ത്, ഇതുവരെ രോഗികളുടെ എണ്ണം 1,700 കടക്കുകയും മരണ സംഖ്യ 21 ആകുകയും ചെയ്ത സാഹചര്യത്തിൽ ക്വാറന്റൈൻ നിയമങ്ങളും സർക്കാർ കർശനമാക്കി. മാസ്‌ക് നിര്‍ബന്ധമാക്കിക്കൊണ്ട് എപ്പിഡമിക് ഡിസീസസ് ആക്ടിലെ രണ്ടും മൂന്നും വകുപ്പുകളാണ് സര്‍ക്കാര്‍ ഭേദഗതി ചെയ്തത്. കേരളത്തിനും ഒഡീഷയ്ക്കും ശേഷം ഈ നിയമത്തിൽ മാറ്റങ്ങൾ വരുത്തുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.

ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ച് സംസ്ഥാനത്ത് നിരവധി ആളുകൾ മാസ്കുകൾ ഇല്ലാതെ തെരുവുകളിലും ചന്തകളിലും കറങ്ങുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് കർശന തീരുമാനം.

ശനിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നു. മുഖംമൂടി ധരിക്കാത്തതിന് അഹമ്മദാബാദിലും 5,000 രൂപ പിഴ ചുമത്തിയിരുന്നു.

ഡൽഹിയിൽ മാസ്ക് ധരിക്കാത്തവർക്ക് 1,000 രൂപ വരെയും ഉത്തർപ്രദേശിൽ 500 രൂപ വരെയും പിഴ നേരത്തേ അറിയിച്ചിരുന്നു. ഛത്തീസ്ഗഡിലും മാസ്ക് ധരിക്കാത്തതിന് 100 രൂപ പിഴ ചുമത്തിയിരുന്നു.

മാസ്ക് ധരിക്കാനുള്ള സർക്കാർ ഉത്തരവ് പാലിക്കുന്നതിന്റെ ഭാഗമായി, ഒഡീഷയിലെ പെട്രോൾ പമ്പുകൾ മാസ്ക് ഇല്ലാത്തവർക്ക് പെട്രോൾ നൽകില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook