ബെംഗളൂരു: കർണാടകയിൽ കൊറോണ ബാധിച്ച് ഒരാൾ മരിക്കുകയും നിരവധി പേർ നിരീക്ഷണത്തിലുമായ സഹാചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കുന്നു. ജീവനക്കാരന് കൊറോണ വൈറസ് സംശയിക്കുന്ന സാഹചര്യത്തില്‍ പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ് അതിന്റെ ബെംഗളൂരു ക്യാംപസിലെ ഒരു കെട്ടിടം ഒഴിപ്പിച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ഈ കെട്ടിടത്തിലെ പ്രവര്‍ത്തനം നിര്‍ത്തുകയും ജീവനക്കാരോട് ഇവിടെ വരേണ്ടതില്ലെന്ന നിര്‍ദേശം നല്‍കിയതെന്നും ഇന്‍ഫോസിസ് പറയുന്നു.

ബെംഗളൂരു ന​ഗരത്തിൽ വലിയ ക്യാംപസായി പ്രവർത്തിക്കുന്ന വലിയ കെട്ടിടങ്ങളിൽ ഒന്നാണ് പ്രവർത്തനം നിർത്തിവച്ച് ഒഴിപ്പിച്ചത്. 1990 മുതലാണ് ഇവിടെ ക്യാംപസ് വികസിപ്പിക്കുന്നതിനുളള നടപടികള്‍ ഇന്‍ഫോസിസ് ആരംഭിച്ചത്. ജോലി ചെയ്യുന്ന ഒരു ടീം അംഗത്തിന് കോവിഡ് ബാധിച്ചതായുളള സംശയം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കടുത്ത നടപടി സ്വീകരിച്ചതെന്ന് ഇന്‍ഫോസിസ് ബെംഗളൂരു ഡെവലപ്മെന്റ് സെന്റര്‍ ഹെഡ് ഗുരുരാജ് ദേശ്പാണ്ഡ്യ വ്യക്തമാക്കി.

Read More: കോവിഡ് 19: കർണാടകയിൽ ഷോപ്പിങ് മാളുകളും ഹോട്ടലുകളും അടച്ചിട്ടു

ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. സുരക്ഷ ഉറപ്പാക്കാന്‍ മേഖല അണുവിമുക്തമാക്കുന്നതിന് വേണ്ടിയുളള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഗുരുരാജ് ദേശ്പാണ്ഡ്യ ജീവനക്കാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു.

കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് ഒരാള്‍ കര്‍ണാടകയില്‍ മരിച്ച സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുളള അന്തരീക്ഷം ഒരുക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ ഐടി കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. കോവിഡ് ബാധ പടര്‍ന്നുപിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി കര്‍ണാടക സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്

തങ്ങളുടെ ജീവനക്കാരെ സുരക്ഷിതരും പരിഭ്രാന്തിയിൽ നിന്ന് അകറ്റിനിർത്തുന്നതിനും വേണ്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് അവരുടെ ഓഫീസ് തമിഴ്‌നാട്ടിലെ പശ്ചിമഘട്ടത്തിന്റെ താഴ്‌വരയിലുള്ള ഒരു ഫാമിലേക്ക് മാറ്റിയിരുന്നു. ബെംഗളൂരുവിലെ എച്ച്ആർഎസ് ലേഔട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന വുമോനിക് ഡാറ്റ ലാബ്സിന്റെ 12 പേരടങ്ങിയ ടീമാണ് തേനി ജില്ലയിലെ തേവാരം ഫാമിലിരുന്ന് മാർച്ച് 12 മുതൽ ജോലി ചെയ്തു തുടങ്ങിയത്.

Read More: കോവിഡ് 19: തമിഴ്നാട്ടിലെ ഫാമിലേക്ക് ഓഫീസ് മാറ്റി ബെംഗളൂരുവിലെ സ്റ്റാർട്ടപ്

കർണാടകയിൽ ഷോപ്പിങ് മാളുകളും ഹോട്ടലുകളും സിനിമാ തിയേറ്ററുകളും നൈറ്റ് ക്ലബ്ബുകളും അടച്ചിട്ടു. ഐടി ജീവനക്കാരോട് വീടുകളിലിരുന്ന് ജോലി ചെയ്യാൻ നിർദേശം നൽകി. രാജ്യത്തെ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചത് കർണാടകയിലെ കൽബുർഗിയിലായിരുന്നു.

“സാഹചര്യം അവലോകനം ചെയ്യും. എക്സിബിഷനുകൾ, സമ്മർ ക്യാംപുകൾ, കായിക, വിവാഹ പരിപാടികൾ, സമ്മേളനങ്ങൾ, മറ്റ് പരിപാടികൾ” എന്നിവ ഈ കാലയളവിൽ നിർത്താൻ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ നിർദേശം നൽകി.

കൽബുർഗിയിൽ കോവിഡ്-19 ബാധിച്ച് മരിച്ചയാളുമായി നേരിട്ട് ഇടപഴകിയ മുപ്പതിലധികം ആളുകൾ നിരീക്ഷണത്തിലാണ്. ഇതിൽ രോഗം സംശയിക്കുന്ന അഞ്ച് പേരുടെ പരിശോധന ഫലം ഇന്ന്‌ ലഭിക്കും. കൽബുർഗിലേക്കുള്ള റോഡുകൾ അടച്ചുള്ള നിയന്ത്രണം തുടരുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook