ന്യൂഡൽഹി: കൊറോണയിൽ വിറങ്ങലിച്ച് രാജ്യം. കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 494 ആയി. ജലന്ധറിലാണ് പുതിയ മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 494 പേരിൽ 37 പേർ രോഗമുക്തി നേടിയതായി കേന്ദ്രസർക്കാർ വ്യക്തമാക്കി.

അതേസമയം രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. മാർച്ച് 23 ന് കസ്തൂർബ ആശുപത്രിയിൽ പ്രവേശിപ്പിച്ച 64 കാരനാണ് മരിച്ചത്. അദ്ദേഹം യുഎഇയിലേക്കുള്ള യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയതായിരുന്നു. മാർച്ച് 15 ന് അഹമ്മദാബാദിലേക്ക് പോകുകയും, അവിടെ നിന്ന് മാർച്ച് 20 ന് മുംബൈയിലേക്ക് മടങ്ങുകയും ചെയ്തു. പനി, ചുമ, എന്നീ രോഗ ലക്ഷണങ്ങളോടെ ഇന്നലെയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

ഹിമാചൽ പ്രദേശിലും പശ്ചിമ ബംഗാളിലും ഇന്നലെ ഓരോ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഹിമാചലിലെ കാൻഗ്രയിൽ തിങ്കളാഴ്ച 68 കാരനാണ് മരിച്ചത്. കൊൽക്കത്തയിൽ 55 വയസുള്ള ഒരാളാണ് മരിച്ചത്. ഇയാൾക്ക് ഹൃദ്രോഗവുമുണ്ടായിരുന്നു. കൊൽക്കത്തയിലും ഹിമാചൽ പ്രദേശിലും ആദ്യമായാണ് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

രാജ്യത്തുടനീളമുള്ള ബസ്, മെട്രോ, ട്രെയിൻ സർവീസുകൾ അവസാനിപ്പിക്കാൻ തിങ്കളാഴ്ച ഉത്തരവിറക്കി. ഡൽഹി, ചണ്ഡിഗഡ്, പശ്ചിമ ബംഗാൾ, കേരളം, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, ഗുജറാത്ത്, കർണാടക, അസം, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാണ് നിലവിൽ പൂർണമായും അടച്ചിട്ടിരിക്കുന്നത്.

Read More: കോവിഡ്-19: കേരളത്തിൽ ഇന്ന് മുതൽ സമ്പൂർണ ലോക്ക്ഡൗൺ

കൊറോണ വ്യാപനം തടയുന്നതിനായി സീപോർട്ട്, ഏയർപോർട്ട്, റെയിൽ പോർട്ട് , ഉൾപ്പെടെ 107 ഇമിഗ്രേഷൻ ചെക്ക് പോസ്റ്റുകളും അടയ്ക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. 23 സംസ്ഥാനങ്ങളും ഏഴ് കേന്ദ്ര ഭരണപ്രദേശങ്ങളും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. തിങ്കളാഴ് അർദ്ധരാത്രി മുതൽ, ആഭ്യന്തര വിമാന സർവ്വീസ് പൂർണ്ണമായും നിർത്തിവച്ചു. വിദേശത്തേക്കുള്ള സർവീസുകൾ നേരത്തെ നിർത്തിയിരുന്നു. മാർച്ച് 31 വരെയാണ് സർവീസുകൾ നിർത്തിവച്ചിരിക്കുന്നത്.

സർക്കാരിന്റെ മാർഗനിർദേശങ്ങൾ കർശനമായി പിന്തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. വീഡിയോ കോൺഫറൻസ് യോഗത്തിൽ ഡിജിപിമാരോട് ഇത് നടപ്പാക്കാൻ നിയമപരമായ വ്യവസ്ഥകൾ ഏർപ്പെടുത്തണമെന്ന് ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടു. കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയും സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് സമാനമായ നിർദ്ദേശങ്ങൾ നൽകി. “ചില ആളുകൾ ഇപ്പോഴും ലോക്ക്ഡൗണ്‍ ഗൗരവമായി എടുക്കുന്നില്ല. നിർദ്ദേശങ്ങൾ ഗൗരവമായി പാലിച്ചുകൊണ്ട് ദയവായി നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുക. നിയമങ്ങളും നടപ്പാക്കുന്നത് ഉറപ്പാക്കാൻ ഞാൻ സംസ്ഥാനങ്ങളോട് അഭ്യർത്ഥിക്കുന്നു, ”മോദി ട്വീറ്റ് ചെയ്തു.

മഹാരാഷ്ട്രയിൽ കഴിഞ്ഞദിവസം 23 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ 97 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ കർഫ്യൂവിന് സമാനമായ നടപടികൾ സംസ്ഥാനത്ത് നടപ്പാക്കാൻ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഉത്തരവിറക്കി.

Read in English

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook