/indian-express-malayalam/media/media_files/uploads/2020/04/wuhan-indians-at-delhi.jpeg)
വുഹാനിൽ നിന്നുള്ള ഇന്ത്യക്കാരകെ ഡൽഹി വിമാനത്താവളത്തിലെത്തിച്ചപ്പോൾ (ഫയൽ ചിത്രം)
വുഹാൻ: "ഈ മാരക രോഗത്തിന്റെ വ്യാപനം തടയാൻ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുക, സാമൂഹിക അകലം സൂക്ഷിക്കുക"- വുഹാൻ നഗരത്തിൽ മൂന്ന് മാസത്തോളം നീണ്ട ലോക്ക്ഡൗണിൽ കഴിഞ്ഞ മലയാളിഗവേഷകന്റെ വാക്കുകളാണിത്. ചെെനയിൽ കൊറോണ വെെറസ് ബാധ ആദ്യമായി കണ്ടെത്തിയ വുഹാൻ നഗരത്തിൽ മൂന്നു മാസത്തോളം നീണ്ട ലോക്ക് ഡൗൺ അവസാനിച്ചത് ഏപ്രിൽ ഏഴിനാണ്. മലയാളികളടക്കം ഏതാനും ഇന്ത്യക്കാർക്കും മൂന്നുമാസത്തോളം നീണ്ട ലോക്ക് ഡൗൺ സമയത്ത് വുഹാനിൽ കഴിയേണ്ടി വന്നു. 76 ദിവസത്തെ കടുത്ത ലോക്ക്ഡൗൺ കഴിഞ്ഞ് പുറത്തിറങ്ങാനായതിൽ സന്തോഷമുണ്ടെന്ന് വുഹാനിലെ ഇന്ത്യക്കാർ പറയുന്നു.
Also Read: മൂന്നു മാസത്തെ ലോക്ക്ഡൗണിനുശേഷം വുഹാൻ തുറന്നു
"73 ദിവസത്തിലധികമായി ഞാൻ എന്റെ മുറിക്കകത്ത് കഴിയുകയാണ്. അടുത്തുള്ള എന്റ പരീക്ഷണ ശാലയിലേക്ക് അനുമതി വാങ്ങി പോവും. ഇന്നെനിക്ക് നേരെ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട്, ഈ കഴിഞ്ഞ ആഴ്ചകളിലൊന്നും ഞാൻ അധികം സംസാരിക്കാതിരുന്നതിനാൽ. സംസാരിക്കാൻ ആരുമുണ്ടായിരുന്നില്ല, എല്ലാവരും വീടുകളിലോ മുറികളിലോ അടച്ചുപൂട്ടി കഴിയുകയായിരുന്നു "- വുഹാനിൽ ഹെെഡ്രോ ബയോളജിസ്റ്റായി ജോലി ചെയ്യുന്ന, മലയാളിയായ അരുൺ ജിത്ത് പറഞ്ഞു.
വുഹാനിൽ ലോക്ക്ഡൗൺ തുടങ്ങുന്നതിന് മുൻപ് നഗരത്തിൽ നിന്ന് 700 ഇന്ത്യക്കാരെ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ചിരുന്നു. എന്നാൽ ബുദ്ധിമുട്ടിൽ കഴിയുന്ന ഒരു സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുന്നത് ഇന്ത്യക്കാരനെന്ന നിലയിൽ ചെയ്യാവുന്ന ശരിയായ കാര്യമല്ലെന്ന് തോന്നിയതിതിനാൽ വുഹാനിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നുവെന്ന് അമർജിത്ത് പറഞ്ഞു. നാട്ടിലെത്തിയാൽ പ്രായമായ മാതാപിതാക്കൾക്ക് തന്നിൽ നിന്ന് കോവിഡ് പകരാനുള്ള സാധ്യതയുണ്ടെന്ന ചിന്തയും കേരളത്തിലേക്ക് മടങ്ങാതിരിക്കാനുള്ള കാരണമായതായെന്നും അരുൺജിത്ത് പറഞ്ഞു.
ദേശവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ കോവിഡ് വ്യാപനത്തിനെതിരേ ശരിയായ നടപടിയാണ് ഇന്ത്യ സ്വീകരിച്ചതെന്നും അരുൺജിത്ത് പറയുന്നു. എന്നാൽ കാലവർഷം എത്തുന്നതോടെ ആളുകളുടെ പ്രതിരോധ ശേഷി കുറയാൻ സാധ്യതയുണ്ടെന്ന ഭീഷണിയും നിലനിൽക്കുന്നുണ്ട്. ആ സമയത്താണ് വെെറസ് പ്രശ്നം കൂടുതൽ രൂക്ഷമാവുക. വുഹാനിൽ നിന്ന് എന്തെങ്കിലും പാഠം പഠിക്കാനുണ്ടെങ്കിൽ അത് അവിടത്തെ കർശനമായ ലോക്ക്ഡൗണും അകലം പാലിക്കുന്നതിനുള്ള പ്രചാരണത്തിലെ ജനങ്ങളുടെ പങ്കാളിത്തവുമാണ്. - അരുൺ ജിത്ത് പറഞ്ഞു.
Also Read: കോവിഡ്-19: ചെെനയിൽ നിന്നുള്ള മാസ്കുകൾക്ക് എന്താണ് പ്രശ്നം? തിരിച്ചയച്ച് കൂടുതൽ രാജ്യങ്ങൾ
വുഹാനിൽ കഴിയുന്ന, ഇന്ത്യയിൽ നിന്നുള്ള മറ്റു ഗവേഷകരും അരുൺജിത്തിന്റെ വാദം ശരിവയ്ക്കുന്നു. " 72 ദിവസമായി ഞാൻ മുറിക്കകത്താണ്. എന്റെ അയൽവാസിക്ക് മൂന്നു കൊച്ചു കുട്ടികളുണ്ട്. അവരുടെ ഫ്ലാറ്റിൽനിന്ന് ആ കുട്ടികൾ പുറത്തിറങ്ങുന്നത് ഈ ദിവസങ്ങളിൽ ഒരിക്കൽപോലും ഞാൻ കണ്ടിട്ടില്ല. ഇപ്പോൾ എനിക്ക് സന്തോഷവവും ആശ്വാസവുമുണ്ട്. എന്നാൽ പുറത്തേക്ക് പോവാൻ ഇപ്പോഴും തയ്യാറല്ല. ഞാൻ ചിലപ്പോൾ വെെറസ് വാഹകനായേക്കാം എന്നതിനാൽ " - വുഹാനിലെ ഇന്ത്യൻ ഗവേഷകരിലൊരാൾ പറഞ്ഞു. ലോക്ക്ഡൗൺ കർശനമായി പാലിക്കാൻ എല്ലാ ഇന്ത്യക്കാരോടും അഭ്യർഥിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. നാട്ടിലെത്തിയാൽ കുടുംബാംഗങ്ങൾക്ക് രോഗം പകരാൻ സാധ്യതയുള്ളതിനാലാണ് വുഹാനിൽ തന്നെ കഴിയാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോറോണ വെെറസ് കാട്ടുതീപോലെ പടരാതിരിക്കാൻ വുഹാനിലെ ലോക്ക്ഡൗൺ സഹായകരമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വുഹാനിൽ കോവിഡ് വ്യാപനത്തെക്കുറിച്ചുള്ള ആദ്യ വാർത്തകൾ പുറത്തുവന്ന ഡിസംബർ രണ്ടാം വാരത്തോടെ തന്നെ ആളുകൾ മാസ്ക് ധരിക്കാൻ തുടങ്ങിയെന്ന് വുഹാനിലെ ഇന്ത്യൻ ഗവേഷകർ പറഞ്ഞു. ഇപ്പോൾ വുഹാനിൽ ലോക്ക്ഡൗൺ പിൻവലിച്ചിട്ടും അധികമാരും പുറത്തിറങ്ങുന്നില്ല. പുറത്തേക്ക് കാര്യമായ ലക്ഷണങ്ങളൊന്നും കാണിക്കാത്ത ഈ രോഗത്തെക്കുറിച്ച് വുഹാൻ ജനത ഇപ്പോഴും ഭയപ്പെടുന്നുണ്ടെന്നും ഗവേഷകർ വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.