ന്യൂഡൽഹി: കൊറോണ വൈറസ് രാജ്യത്ത് പടരുന്ന സാഹചര്യത്തിൽ കൂടുതൽ ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ. മാർച്ച് 20 നും 31 നും ഇടയ്ക്കുളള 84 ട്രെയിനുകളാണ് റദ്ദാക്കിയത്. ഇതോടെ റദ്ദാക്കിയ ട്രെയിനുകളുടെ എണ്ണം 155 ആയി.

”റദ്ദാക്കിയ ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുളള എല്ലാ യാത്രക്കാരെയും ഈ വിവരം അറിയിച്ചിട്ടുണ്ട്. ഇവരിൽനിന്നും ടിക്കറ്റ് റദ്ദാക്കിയതിനുളള ചാർജ് ഈടാക്കില്ല. യാത്രക്കാർക്ക് മുഴുവൻ പണവും തിരികെ നൽകും” അധികൃതർ അറിയിച്ചു.

പൂനെ-ജബൽപൂർ സ്‌പെഷ്യൽ, മാഡ്ഗോൺ എക്സ്പ്രസ്, എൽടിടി നന്ദാഡ് എക്സ്പ്രസ്, ടബോഡ എക്സ്പ്രസ്, ന്യൂഡൽഹി-ജബൽപൂർ ശ്രീധം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, മുംബൈ-ഔറംഗബാദ് ജന ശതാബ്ദി എക്സ്പ്രസ്, ആനന്ദ് വിഹാർ ടെർമിനൽ ഗോരഖ്പൂർ ഹംസഫർ എക്സ്പ്രസ്, ഇൻഡോർ-ഖജുരാഖോ എക്സ്പ്രസ് അടക്കമുളളവയാണ് റദ്ദാക്കിയത്.

ബുധനാഴ്ച രാത്രി 99 ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിരുന്നു. വെസ്റ്റേൺ സെൻട്രൽ റെയിൽവേയും നോർത്തേൺ റെയിൽവേയും 11 ട്രെയിനുകൾ വീതം റദ്ദാക്കിയിരുന്നു. സതേൺ റെയിൽവേയും നോർത്ത്ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയും 20 ട്രെയിനുകൾ വീതം ബുധനാഴ്ച റദ്ദാക്കി. സതേൺ റെയിൽവേ ആകെ റദ്ദാക്കിയത് 32 ട്രെയിനുകളാണ്.

Read Also: കോവിഡ് 19: മരണസംഖ്യ അതിവേഗം ഉയരുന്നു, ഇന്ത്യയിൽ 170 പേർക്ക് രോഗം സ്ഥിരീകരിച്ചു

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പനിയോ, ചുമയോ, ശ്വാസതടസമോ ഉളള കാറ്ററിങ് ജീവനക്കാരെ ഭക്ഷണം തയ്യാറാക്കുന്നതിനും വിതരണത്തിനും ചുമതലപ്പെടുത്തരുതെന്ന് കഴിഞ്ഞ ചൊവ്വാഴ്ച ഇന്ത്യൻ റെയിൽവേ മറ്റു റീജിയണൽ മേധാവിമാർക്ക് നിർദേശം നൽകിയിരുന്നു. മുൻകരുതലിന്റെ ഭാഗമായി, പല റെയിൽവേ സോണുകളും ജനങ്ങളുടെ തിരക്ക് കുറയ്ക്കുന്നതിനായി പ്ലാറ്റ്ഫോം ടിക്കറ്റ് വില കൂട്ടിയിരുന്നു.

അതിനിടെ, വെസ്റ്റേൺ റെയിൽവേയുടെയും സെൻട്രൽ റെയിൽവേയുടെയും യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവാണുണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്ച വെസ്റ്റേൺ റെയിൽവേയുടെ യാത്രക്കാരുടെ എണ്ണം 32.26 ലക്ഷത്തിൽനിന്നും 8 ലക്ഷമായി ചുരുങ്ങി. തിങ്കളാഴ്ച 40.75 ലക്ഷം യാത്രക്കാരായിരുന്നു. സെൻട്രൽ റെയിൽവേയുടെ യാത്രക്കാരുടെ എണ്ണം 39 ലക്ഷത്തിൽനിന്നും 10 ലക്ഷമായി കുറഞ്ഞു. തിങ്കളാഴ്ച 49 ലക്ഷം യാത്രക്കാരിൽനിന്നുമാണ് പിറ്റേ ദിവസം ഇത്രയും കുറവുണ്ടായത്.

”ജനങ്ങൾ അടിയന്തര ഘട്ടങ്ങളിൽ മാത്രമേ ട്രെയിനിൽ യാത്ര ചെയ്യാവൂ. അതുപോലെ ലോക്കോ പൈലറ്റുമാർക്കും അവബോധ ക്ലാസുകൾ നൽകുന്നുണ്ട്. പ്ലാറ്റ്ഫോം ടിക്കറ്റുകളുടെ വിലയും കൂട്ടിയിട്ടുണ്ട്” സെൻട്രൽ റെയിൽവേ ചീഫ് പിആർഒ ശിവജി സത്തൂർ പറഞ്ഞു.

Read in English: Coronavirus outbreak: Indian Railways cancels 84 more trains till March 31

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook