ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് -19 ഏറ്റവും രൂക്ഷമായി ബാധിച്ച ന്യൂന പക്ഷ വിഭാഗങ്ങളിൽ ഇന്ത്യയിൽ നിന്നുള്ളവരും ഉൾപ്പെടുന്നതായി നാഷനൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) പുറത്തുവിട്ട കണക്കുകൾ. കുടിയേറ്റക്കാരും പ്രവാസികളും അടക്കമുള്ള വംശീയ ന്യൂനപക്ഷ വിഭാഗക്കാർക്കിടയിൽ കോവിഡ് മരണ നിരക്ക് കൂടുതലാണെന്ന് ഇംഗ്ലണ്ടിലാകെയുള്ള ആശുപത്രികളിൽ നിന്നുള്ള കോവിഡ് മരണങ്ങൾ സംബന്ധിച്ച് നാഷനൽ ഹെൽത്ത് സർവീസ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

ഈ മാസം 17വരെ 13,918 പേർ ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇതിൽ 16.2 ശതമാനം പേർ ആഫ്രിക്കൻ, ഏഷ്യൻ വംശജരോ മറ്റ് വംശീയ ന്യൂനപക്ഷങ്ങളിൽ പെട്ടവരോ ആണെന്നാണ് നാഷനൽ ഹെൽത്ത് സർവീസിൽ നിന്നുള്ള കണക്കുകളെന്ന് വാർത്താ ഏജൻസി റിപോർട്ട് ചെയ്തു. ഈ വിഭാഗങ്ങളിൽ പെട്ട 2252 പേരാണ് ഏപ്രിൽ 17വരെ ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ചതെന്നും റിപോർട്ടിൽ പറയുന്നു.

Also Read: വീഴ്ച വരുത്തരുത്, വൈറസ് ദീർഘകാലം നമ്മോടൊപ്പമുണ്ടാകും: ലോകാരോഗ്യ സംഘടന

ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ച വംശീയ ന്യൂനപക്ഷ വിഭാഗക്കാരിൽ ഇന്ത്യൻ വംശജരാണ് ഏറ്റവും കൂടുതൽ. ഇന്ത്യയിൽ നിന്നുള്ളവരോ ഇന്ത്യൻ വംശജരോ ആയ 420 പേരാണ് ഈമാസം 17വരെ ബ്രിട്ടണിൽ കോവിഡ് ബാധിച്ച് മരിച്ചത്. ബ്രിട്ടണിലെ ആകെ കോവിഡ് മരണങ്ങളുടെ മൂന്ന് ശതമാനം വരും ഇത്. കരീബിയൻ മേഖലയിൽ നിന്നുള്ളവരും പാകിസ്താനിൽ നിന്നുള്ളവരുമാണ് ഇന്ത്യക്കാർക്ക് തൊട്ടുപിറകിൽ. കരീബിയൻ മേഖലയിൽ നിന്നുള്ള 407 കോവിഡ് ബാധിതർ ബ്രിട്ടനിൽ മരിച്ചു. രാജ്യത്തെ ആകെ കോവിഡ് മരണങ്ങളുടെ 2.9 ശതമാനം വരുമിത്. പാകിസ്താനിൽ നിന്നുള്ള 287 പേരാണ് മരിച്ചത്. രാജ്യത്തെ ആകെ കോവിഡ് മരണങ്ങളുടെ 2.1 ശതമാനമാണിത്.

അതേ സമയം ഈ കണക്കുകൾ പൂർണമല്ലെന്നും ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ച ന്യൂന പക്ഷ വിഭാഗക്കാരുടെ എണ്ണം ഇതിലും കൂടുതലായിരിക്കാൻ സാധ്യതയുണ്ടെന്നും റിപോർട്ടുകളുണ്ട്. രാജ്യത്തെ മരണങ്ങളുടെ കണക്ക് പുതുക്കുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിക്കുയും ചെയ്തിരുന്നു.

” രാജ്യത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം കണക്കാക്കിയാലും, മരിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം കണക്കാക്കിയാലും അതിൽ വലിയൊരു പങ്ക് ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. ഇത് ആശങ്കാ ജനകമായ കാര്യമാണ്,” ബ്രിട്ടിഷ് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക് പറഞ്ഞതായി വാർത്താ ഏജൻസി റിപോർട്ട് ചെയ്തു.

ബ്രിട്ടനിൽ ആകെ ജനസംഖ്യയുടെ 13 ശതമാനം മാത്രമാണ് വംശീയ ന്യൂനപക്ഷങ്ങളിൽ പെട്ടവർ. എന്നാൽ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരിൽ 16.2 ശതമാനവും ന്യൂനപക്ഷ വിഭാഗങ്ങളിൽ പെടുന്നവരാണെന്നത് ആനുപാതിക മരണ നിരക്ക് ന്യൂനപക്ഷ വിഭാഗക്കാർക്കിടയിൽ കൂടുതലാണെന്നാണ് കാണിക്കുന്നത്.

Also Read: അമേരിക്കയിൽ കടുവകൾക്കും സിംഹങ്ങൾക്കും കോവിഡ്

ബ്രിട്ടനിൽ ഇതുവരെ 18,738 പേർ കോവിഡ് ബാധിച്ചു മരിച്ചതായാണ് ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കോവിഡ് ട്രാക്കറിൽ നിന്നുള്ള കണക്കുകൾ. ഏപ്രിൽ 17 മുതലുള്ള ആറ് ദിവസത്തിനിടെ മാത്രം 4820 കോവിഡ് ബാധിതർ രാജ്യത്ത് മരണപ്പെട്ടു. 1.39 ലക്ഷം പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

ലോകത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 27 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 26, 82, 225 പേർക്ക് ഇതുവരെ കോവിഡ് ബാധിച്ചതായി കോവിഡ് ട്രാക്കറിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു.

യുഎസിൽ മാത്രം 8.5 ലക്ഷത്തിലധികം പേർക്ക് കോവിഡ് ബാധിച്ചു. 856, 209 പേർക്കാണ് യുഎസിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. സ്പെയിനിൽ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. 213,024 പേർക്കാണ് സ്പെയിനിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇറ്റലിയിൽ രോഗബാധിതരുടെ എണ്ണം 189,973  ആയി ഉയർന്നു. ഫ്രാൻസിൽ 157,135 പേർക്കും ജർമനയിൽ 151,285 പേർക്കും തുർക്കിയിൽ 101,790 പേർക്കും രോഗം സ്ഥിരീകരിച്ചു.

Read More: Indian diaspora among worst-affected minority groups in UK due to Covid-19: NHS report

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook