ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരിക്കെ, രാജ്യത്ത് രോഗികളുടെ എണ്ണം 84 ആയി ഉയര്‍ന്നു. ഇന്നു മൂന്നുപേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. അതിനിടെ രാജ്യത്തുടനീളം ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തവരുടെ എണ്ണം പത്തായി.
ചൈനയില്‍നിന്നു 129 രാജ്യങ്ങളിലേക്കു പടര്‍ന്ന വൈറസ് ബാധയില്‍ ഇന്ത്യയുള്‍പ്പെടെ ലോകമെമ്പാടും മരണസംഖ്യ 5388 ആയി. ഇന്ത്യയില്‍ ഇതുവരെ രണ്ടുപേരാണു മരിച്ചത്. ഡല്‍ഹിയില്‍ അറുപത്തിയെട്ടുകാരിയും കര്‍ണാടകയിലെ കലബുര്‍ഗി എഴുപത്തിയാറുകാരനുമാണു മരിച്ചത്. ഇറ്റലിയില്‍നിന്ന് ഇന്ത്യയിലെത്തിച്ച് മനേസര്‍ ക്യാമ്പിലേക്കു മാറ്റിയ ഒരാള്‍ക്കും തെലങ്കാന സ്വദേശിക്കും പൂനെ സ്വദേശിക്കുമാണു പുതുതായി രോഗം സ്ഥിരീകരിച്ചത്.
ചൈനയില്‍ മരണസംഖ്യയും പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണവും കുറഞ്ഞുവരുന്നുണ്ട്. അതേസമയം, ഇറാനില്‍ മരണസംഖ്യ 611 ആയി ഉയര്‍ന്നു. 97 പേരാണു പുതുതായി മരിച്ചത്. 12,729 പേര്‍ക്കു രോഗം ബാധിച്ചെന്നാണ് ഔദ്യോഗിക വിവരമെങ്കിലും യഥാര്‍ഥ സംഖ്യ ഇതില്‍ കൂടുതലായിരിക്കാമെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. ലോകത്ത് മൊത്തം 1,42,320 ത്തിലധികം കേസുകളാണു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കേരളത്തിൽ പുതിയ കേസുകളില്ല
സംസ്ഥാനത്ത് ഇന്ന് പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാനത്ത് നിലവിൽ 19 പേർക്കാണു രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 7677 പേർ നിരീക്ഷണത്തിലുണ്ട്.ഇതിൽ 7375 പേർ വീടുകളിലും 302 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് പരിശോധനയ്ക്കയച്ച 1897 സാമ്പിളുകളിൽ 1345ഉം നെഗാറ്റീവാണ്.
കോവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഫലപ്രദമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ലോകത്താകെ രോഗം ശക്തമാകുന്ന സാഹചര്യത്തിൽ ജാഗ്രത കൂട്ടണം. പൊതുജനങ്ങൾക്ക് കൂടുതൽ അവബോധം ഉണ്ടാകേണ്ടതുണ്ട്. ബോധവൽക്കരണ പരിപാടികൾ ശക്തമാക്കും. മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളങ്ങളിൽ പരിശോധനയ്ക്ക് സൗകര്യം കൂട്ടും.
കേരളത്തിലേക്ക് എത്തുന്ന ദീർഘദൂര ട്രെയിനുകളിൽ പരിശോധന നടത്തും. രണ്ട് ബോഗിയിൽ മൂന്നു പേർ ഉൾപ്പെടുന്ന ഒരു സംഘമെന്ന നിലയ്ക്കായിരിക്കും അതിർത്തി പ്രദേശങ്ങളിലുള്ള റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടത്തുന്നത്. യാത്രക്കാർക്ക് ഇതു സംബന്ധിച്ച അറിയിപ്പും നൽകും. വിമാനത്താവളങ്ങളിലും പരിശോധന ശക്തമാക്കും. എസ്പിമാരുടെ നേതൃത്വത്തിലായിരിക്കും പരിശോധന. അന്യസംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന വാഹനങ്ങളും പരിശോധിക്കും. കെഎസ്ആർടിസി ഉൾപ്പെടെയുള്ള ഗതാഗത സംവിധാനങ്ങളും ശുചീകരിക്കാൻ നിർദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.
ഗുജറാത്തില്‍ ചൈനക്കാരി ആശുപത്രിയില്‍
കൊറോണ വൈറസ് ലക്ഷണങ്ങളെത്തുടര്‍ന്ന് ഗുജറാത്തില്‍ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വഡോദര ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനി ഉദ്യോഗസ്ഥയായ ചൈനക്കാരിയെയും അമേരിക്കയില്‍നിന്നു തിരിച്ചെത്തിയ അറുപത്തിയഞ്ചുകാരനെയുമാണ് ആശുപത്രിയിലേക്കു മാറ്റിയത്.
തെലങ്കാനയില്‍ ഒരാള്‍ക്കു കൂടി വൈറസ് ബാധ
തെലങ്കാനയില്‍ ഒരാള്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം രണ്ടായി. ഇറ്റലിയില്‍നിന്ന് തിരിച്ചെത്തിയ ആള്‍ക്കാണു പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളുള്ള മറ്റു രണ്ടുപേരുടെ സാമ്പിളുകള്‍ പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചതായി മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു പറഞ്ഞു.
മഹാരാഷ്ട്രയില്‍ രോഗബാധിതര്‍ 26
നാലു പേര്‍ക്കു കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയില്‍ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 26 ആയി. നാഗ്പൂരിലും പൂനെയിലും ഒരോ ആള്‍ക്കും യാവത്മാലില് രണ്ടുപേര്‍ക്കുമാണു വൈറസ് ബാധ സ്ഥിരീകരിച്ചത്. അമേരിക്കയില്‍നിന്നു തിരിച്ചെത്തിയ ഇരുപത്തിയൊന്നുകാരനാണു പൂനെയിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ പൂനെയില്‍ രോഗബാധിതരുടെ എണ്ണം 10 ആയി. മുംബൈയിൽ അഞ്ചുപേർക്കും നാഗ്പൂരിൽ നാലുപേർക്കുമാണു രോഗം സ്ഥിരീകരിച്ചത്.
ഗോവയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു
31 വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടയ്ക്കുന്നതായി ഗോവ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ജിമ്മുകള്‍, കാസിനോകള്‍, പൊതു നീന്തല്‍ക്കുളങ്ങള്‍, സ്പാകള്‍, ക്ലബ്ബുകള്‍ എന്നിവയും 31 വരെ അടച്ചു.
കര്‍ണാടകയില്‍ മാധ്യമപ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍
കര്‍ണാടകയിലെ കലബുറഗിയില്‍ കോവിഡ് -19 മരിച്ചയാളുടെ മകനുമായി അഭിമുഖം നടത്തിയ നാല് മാധ്യമപ്രവര്‍ത്തകരെ ക്വാറന്റൈനില്‍ വിട്ടു. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി നാല് മാധ്യമപ്രവര്‍ത്തകരെ വീട്ടുനിരീക്ഷണത്തില്‍ വിട്ടതായി കലബുറഗി ഡെപ്യൂട്ടി കമ്മീഷണര്‍ ശരത് എസ് പറഞ്ഞു.
അതിനിടെ, കോവിഡ് -19 ബാധ സംശയിക്കുന്നയാളുമായി ഒരു ഉദ്യോഗസ്ഥന് സമ്പര്‍ക്കം പുലര്‍ത്തിയതിനെത്തുടര്‍ന്ന് ഇന്‍ഫോസിസ് ബെംഗളുരുവിലെ ഒരു ഓഫീസ് കെട്ടിടം ഒഴിഞ്ഞു. ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സാറ്റ്ലൈറ്റ് ഓഫീസ് ഒഴിയുകയാണെന്ന് ഇന്‍ഫോസിസ് അറിയിച്ചു. ജീവനക്കാരോട് വീട്ടില്‍നിന്നു ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടതായും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കര്‍ണാടകയില്‍ ഷോപ്പിങ് മാളുകളും ഹോട്ടലുകളും അടച്ചു.
മോദിയുടെ ക്ഷണം സ്വീകരിച്ച് പാകിസ്ഥാന്
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സാര്‍ക്ക് രാജ്യങ്ങളുടെ സംയുക്ത പ്രതിരോധമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തോട് ക്രിയാത്മകമായി പ്രതികരിച്ച് പാക്കിസ്ഥാന്. സംയുക്ത തന്ത്രം മെനയാനുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ആരോഗ്യ ഉപദേഷ്ടാവ് സഫര്‍ മിര്‍സ പങ്കെടുക്കും. യോഗം നാളെ വൈകിട്ട് അഞ്ചിന് നടക്കും. സാര്‍ക്ക് രാജ്യങ്ങളില്‍ ഇന്ത്യയിലാണ് വൈറസ് ബാധ ഏറ്റവും കൂടുതല്‍ സ്ഥിരീകരിച്ചിരിക്കുന്നത്. പാകിസ്ഥാന് (20), മാലിദ്വീപ് (8), അഫ്ഗാനിസ്ഥാന് (7), ബംഗ്ലാദേശ് (3), ശ്രീലങ്ക (2), നേപ്പാള്‍ എന്നിങ്ങനെയാണു മറ്റു രാജ്യങ്ങളിലെ വൈറസ് ബാധിതരുടെ എണ്ണം.
ഭൂട്ടാന് അതിര്‍ത്തി അടച്ചു
കൊറോണ വൈറസ് പെടരുന്ന സാഹചര്യത്തില്‍ ഭൂട്ടാനുമായുള്ള അതിര്‍ത്തി പശ്ചിമ ബംഗാള്‍ അടച്ചു. അലിപൂര്‍ദ്വാര്‍ ജില്ലയിലെ ജെയ്ഗാവിലുള്ള അതിര്‍ത്തി കവാടം വെള്ളിയാഴ്ച വൈകിട്ടാണ് പശ്ചിമ ബംഗാള്‍ പൊലീസ് അടച്ചത്. വിനോദസഞ്ചാര, ബിസിനസ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചതായി അറിയിച്ചുകൊണ്ട് ഭൂട്ടാന് അടുത്തിടെ അലിപൂര്‍ദ്വാര്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി. അമേരിക്കന്‍ വിനോദസഞ്ചാരിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്നു വിദേശികള്‍ പ്രവേശിക്കുന്നത് ഭൂട്ടാന് ഈ മാസം ആദ്യം നിരോധിച്ചിരുന്നു.
കൊറോണ വൈറസ് ഇതുവരെ സ്ഥിരീകരിക്കാത്ത പശ്ചിമബംഗാളില്‍ നാലുപേര്‍ നിരീക്ഷണത്തിലാണ്. ഐഐടി ഖരഗ്പൂര്‍ 31 വരെ ക്ലാസുകളും പരീക്ഷകളും നിര്‍ത്തിവച്ചു.
സൗദി രാജ്യാന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തുന്നു
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യ എല്ലാ രാജ്യാന്തര വിമാന സര്‍വീസുകളും രണ്ടാഴ്ചത്തേക്കു നിര്‍ത്തി. ഞായറാഴ്ച രാവിലെ 11 മുതല്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
സൗദിയില്‍ 86 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച 24 പേര്‍ക്കു പുതുതായി രോഗം സ്ഥിരീകരിച്ചിരുന്നു. ഹോട്ടലുകളിലും കല്യാണം മണ്ഡപങ്ങളിലും ആളുകള്‍ കൂടുന്ന രീതിയിലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നത് സൗദി ആരോഗ്യം മന്ത്രാലയം വിലക്കിയിട്ടുണ്ട്.
അമേരിക്കയില്‍ അടിയന്തരാവസ്ഥ
കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വൈകീട്ട് വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫെഡറല്‍ ഫണ്ടില്‍നിന്ന് 50 ബില്യണ്‍ ഡോളര്‍ അനുവദിക്കും.
അടിയന്തര പ്രവര്‍ത്തന കേന്ദ്രങ്ങള്‍ ഉടന്‍ സജ്ജമാക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. ന്യൂയോര്‍ക്ക് ഗവര്‍ണറും കഴിഞ്ഞദിവസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഏതാനും സംസ്ഥാനങ്ങള്‍ നേരത്തെ പ്രാദേശിക ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയിലെ യുഎസ് എംബസിയും കോണ്‍സുലേറ്റുകളും 16 മുതല്‍ കുടിയേറ്റ, ഇതര വിസ നിയമനങ്ങള്‍ റദ്ദാക്കി. അനിവാര്യമല്ലാത്ത, ആഭ്യന്തര വിദേശ യാത്രകള്‍ ഒഴിവാക്കാന്‍ അമേരിക്കയിലെ ഇന്ത്യന്‍ എംബസി വിദ്യാര്‍ഥികളോട് അഭ്യര്‍ഥിച്ചു. യുഎസിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും 200,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്.
ഡെന്മാര്ക്ക് അതിര്‍ത്തികള്‍ അടയ്ക്കുന്നു
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി ഡെന്മാര്ക്ക് അതിര്‍ത്തികള്‍ അടയ്ക്കുന്നു. ഡെന്മാര്ക്കിലേക്കും പുറത്തേക്കുമുള്ള ഗതാഗതം നിര്‍ത്തുന്നതിനായി ഏപ്രില്‍ 13 വരെ കര, കടല്‍, വ്യോമ അതിര്‍ത്തികള്‍ അടയ്ക്കുമെന്ന് ഡാനിഷ് സര്‍ക്കാര്‍ അറിയിച്ചു. യാത്രക്കാരെ അതിര്‍ത്തിയില്‍നിന്ന് പിന്തിരിപ്പിക്കും.
സഹായഹസ്തവുമായി ജാക്ക് മാ
വൈറസ് പടരുന്ന സാഹചര്യത്തില്‍ യൂറോപ്പിനും അമേരിക്കയ്ക്കും സഹായഹസ്തവുമായി ചൈനീസ് ശതകോടീശ്വരന്‍ ജാക്ക് മാ. യൂറോപ്പിലേക്കു രണ്ടു ദശലക്ഷം മാസ്കുകളാണു ഇ-കൊമേഴ്സ് ഭീമനായ അലിബാബയുടെ സ്ഥാപകനായ നല്‍കുക. ആദ്യഘട്ടമായി 500,000 മാസ്കുകളും ടെസ്റ്റ് കിറ്റുകള്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സാമഗ്രികളുമായി ചരക്ക് ബെല്‍ജിയത്തിലെ ലീഗ് വിമാനത്താവളത്തിലെത്തി. ഇത് ഇറ്റലിയിലേക്ക് അയയ്ക്കും.
അമേരിക്കയ്ക്ക് 5,00,000 യുഎസ് കൊറോണ വൈറസ് ടെസ്റ്റ് കിറ്റുകളും ദശലക്ഷം മാസ്കുകളും ജാക്ക് മാ വാഗ്ദാനം ചെയ്തു. തങ്ങളുടെ സംഭാവന അമേരിക്കക്കാരെ പകര്‍ച്ചവ്യാധിക്കെതിരെ പോരാടാന്‍ സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ജാക്ക് മാ ട്വിറ്ററില്‍ കുറിച്ചു.
ഡിസ്നിലാന്‍ഡ് 31 വരെ അടച്ചു
കാലിഫോര്‍ണിയയിലെ തീം പാര്‍ക്ക് 31 വരെ അടച്ചതായി ഡിസ്നി
ലാന്‍ഡ് പ്രഖ്യാപിച്ചു. ഡിസ്നിലാന്‍ഡ് റിസോര്‍ട്ടിന്റെ ഹോട്ടലുകള്‍ 16 വരെ തുറക്കും. അതേസമയം, ഡൗണ്‍ ടൗണ്‍ ഡിസ്നി തുറന്നിരിക്കും.
സാമൂഹ്യ വ്യാപനം നടക്കുന്നുണ്ടോയെന്നു പഠിക്കുന്നു
രാജ്യത്ത് കോവിഡ്-19 പോസിറ്റീവുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വൈറസിന്റെ സാമൂഹ്യ വ്യാപനം നടക്കുന്നുണ്ടോയെന്ന് അറിയാനുള്ള ശ്രമത്തിലാണു ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഡിച്ച്ആര്-ഐസിഎംആര്‍). ഇതിനായി ഏതെങ്കിലും യാത്രാചരിത്രമോ വൈറസ് ബാധിതരുമായി സമ്പര്‍ക്കമോ ഇല്ലാത്ത, ഇന്‍ഫ്ളുവന്‍സ അല്ലെങ്കില്‍ ന്യുമോണിയ പോലുള്ള രോഗങ്ങളുള്ള ആയിരത്തിലേറെ പേരില്‍നിന്ന് സാമ്പിളുകള്‍ ശേഖരിക്കും. സാമൂഹ്യവ്യാപനത്തിന്റെ ഘട്ടത്തിലേക്ക് ഇന്ത്യ ഇതുവരെ എത്തിയിട്ടില്ലെന്നും ഇറ്റലി, ചൈന, യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങള്‍ ഇതിലേക്കു കടന്നതായും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.