ഇന്ത്യൻ വാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്കിന്റെ ഇൻട്രാനാസൽ (മൂക്കിലൂടെ നൽകുന്ന) കോവിഡ് -19 വാക്സിന് രണ്ടാംഘട്ട മൂന്നാംഘട്ട ക്ലിനിക്കൽ ട്രയലുകൾക്ക് റെഗുലേറ്ററി അംഗീകാരം നൽകിയതായി കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം അറിയിച്ചു. ഇത്തരത്തിലുള്ള വാക്സിന് ആദ്യമായാണ് ഇന്ത്യയിൽ മനുഷ്യരിൽ ക്ലിനിക്കൽ ട്രയൽ നൽകാൻ അനുമതി നൽകുന്നത്. നിലവിൽ രാജ്യത്ത് ഉപയോഗിക്കുന്ന കോവാക്സിനിന്റെ നിർമാതാക്കളാണ് ഭാരത് ബയോടെക്.
രാജ്യത്ത് 40,120 പേർക്ക് കൂടി കോവിഡ്; 585 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 40,120 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3.21 കോടി ആയി. ചികിത്സയിലുള്ളവരുടെ എണ്ണം 3.85 ലക്ഷം ആയി കുറഞ്ഞു. 3.13 കോടി പേർ രോഗമുക്തരായി.
ഇന്നലെ 21,445 കേസുകൾ റിപ്പോർട്ട് ചെയ്ത കേരളത്തിലാണ് കൂടുതൽ രോഗികൾ. ഇന്നലെ രാജ്യത്ത് കോവിഡ് മൂലം 585 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 4.3 ലക്ഷമായി.
അതേസമയം, തുടർച്ചായി രണ്ടാം ദിവസവും ഡൽഹിയിൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തില്ല. 49 പുതിയ കേസുകളാണ് അവിടെ റിപ്പോർട്ട് ചെയ്തത്. 0.07 ആണ് പോസിറ്റിവിറ്റി നിരക്ക്. രണ്ടാം തരംഗത്തിന് ശേഷം എട്ടാം തവണയാണ് ഡൽഹിയിൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യാത്ത ദിവസം ഉണ്ടാകുന്നത്.
മുംബൈയിൽ ഇന്നലെ ഡെൽറ്റ പ്ലസ് വകഭേദം മൂലമുള്ള ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു. 63 വയസുകാരിയാണു മരിച്ചത്. ഡെൽറ്റ പ്ലസ് വകഭേദം കാരണം മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. ജൂൺ 13ന് രത്നഗിരിയിൽ എൺപതുകാരി മരിച്ചിരുന്നു.