ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്-19 രോഗബാധിതരുടെ എണ്ണം 3000 കടന്നു. 3,072 പേർക്കാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മരണ സംഖ്യ 75 ആയി ഉയർന്നു.  24 മണിക്കൂറിനിടെ 601 കോവിഡ് കേസുകൾ രാജ്യത്ത് സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് കേസുകളിൽ ഒരു ദിവസത്തിനിടെയുണ്ടായ ഏറ്റവും വലിയ വർധനവാണിത്. 212 പേർ രോഗവിമുക്തരായി. രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചവരിൽ 30 ശതമാനവും (1023 പേർ) കഴിഞ്ഞമാസം ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ടവരാണെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു.

Also Read: നിസാമുദ്ദീന്‍ സമ്മേളനം: തബ്‌ലീഗി അംഗങ്ങള്‍ ഉള്‍പ്പെടെ 22,000 പേര്‍ ക്വാറന്റൈനില്‍

ആറ് കോവിഡ് ബാധിതരാണ് ഇന്ന് രാജ്യത്ത് മരിച്ചത്. മൂന്നുപേർ മഹാരാഷ്ട്രയിലും, ഡൽഹിയിൽ രണ്ടുപേരും, ഗുജറാത്തിൽ ഒരാളും മരിച്ചു. ഇതോടെ മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24 ആയി ഉയർന്നു. ഗുജറാത്തിൽ 10 പേരും തെലങ്കാനയിൽ ഏഴ് പേരും ഡൽഹിയിലും  മധ്യപ്രദേശിലും  6 പേർ വീതവും ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചു. പഞ്ചാബിൽ അഞ്ചുപേരും കർണാടക,  പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ മൂന്നു പേർ വീതവും കേരളം ,തമിഴ് നാട് , ജമ്മുകശ്മീർ, യുപി എന്നിവിടങ്ങളിൽ രണ്ടുപേർ വീതവും ആന്ധ്ര പ്രദേശ്, ബീഹാർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഓരോ ആളുകളുമാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

വെന്റിലേറ്റർ, പിപിഇ, ലഭ്യത ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി

ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 3000ഓട് അടുക്കുന്ന സാഹചര്യത്തിൽ, രോഗ പ്രതിരോധത്തിനായി രൂപീകരിച്ച ഉന്നതാധികാര സംഘങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി ചർച്ച നടത്തി. യോഗത്തിൽ രാജ്യത്തെ കോവിഡ് പ്രതിരോധ സംവിധാനങ്ങളുടെ ലഭ്യത പ്രധാനമന്ത്രി വിലയിരുത്തിയതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

വെന്റിലേറ്ററുകളും ആരോഗ്യ പ്രവർത്തകർക്കുള്ള വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും (പിപിഇ) അടക്കമുള്ള അവശ്യ മെഡിക്കൽ സംവിധാനങ്ങളുടെ ലഭ്യത ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു. ഇതിനായുള്ള ഉൽപാദന പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

Also Read: ബാങ്കിനും എടിഎമ്മിനും തത്കാലം വിട; പണം പോസ്റ്റലായി വീട്ടിലെത്തും

ലോകത്താകെ ഇതുവരെ 1,140, 327 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കോവിഡ് ട്രാക്കറിൽനിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നു. യുഎസിലാണ് രോഗബാധിതർ കൂടുതൽ. 278,537 പേർക്കാണ് യുഎസിൽ കോവിഡ് സ്ഥിരീകരിച്ചത്. സ്പെയിനിൽ 124,736 പേർക്കും ഇറ്റലിയിൽ 119, 827 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇറ്റലിയിൽ 14,681 പേരും സ്പെയിനിൽ 11,744 പേരും രോഗം ബാധിച്ച് മരിച്ചു. 60,874 പേരാണ് ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചത്. 233,930 പേർ രോഗമുക്തരായി.

കേരളത്തില്‍ ഇന്ന് 11 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. ഇവരില്‍ 5 പേര്‍ ദുബായില്‍ നിന്നും 3 പേര്‍ നിസാമുദ്ദീനില്‍ നിന്നും ഒരാള്‍ നാഗ്പൂരില്‍ നിന്നും വന്നവരാണ്. 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook