ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 46,164 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3.25 കോടി (3,25,58,530) ആയി. 607 മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇതുവരെ 4.36 ലക്ഷം (4,36,365) പേർക്കാണ് കോവിഡിൽ ജീവൻ നഷ്ടമായത്. എന്നാൽ ചികിത്സയിലുള്ളവരുടെ എണ്ണം 3.33 ലക്ഷം (3,33,725) ആയി കുറഞ്ഞു.
കേരളത്തിലാണ് ഇന്നലെയും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഓണാഘോഷങ്ങൾക്ക് പിന്നാലെ 31,445 പുതിയ കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19 ശതമാനമായി ഉയരുകയും ചെയ്തു. മേയ് 20നു ശേഷം സംസ്ഥാനത്ത് ആദ്യമായാണ് 30,000ത്തിൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
കേരളത്തിലെ ഏഴ് ജില്ലകളിൽ ഇന്നലെ 2000-ത്തിൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്തു. എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കൊല്ലം, കോട്ടയം ജില്ലകളിലാണ് കൂടുതൽ കേസുകൾ. ഇതിൽ എറണാകുളത്ത് 4000-ത്തിൽ അധികം കേസുകൾ സ്ഥിരീകരിച്ചു. തൃശൂർ, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ മൂവായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു.