ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 41,965 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 460 മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ രാജ്യത്തെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 3.28 കോടി (3,28,10,845) ആയി. അതേസമയം മരണസംഖ്യ 4.39 ലക്ഷം (4,39,020) ആയി വർധിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 33,964 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,19,93,644 ആയി. ദേശീയ രോഗമുക്തി നിരക്ക് 97.51%. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3.78 ലക്ഷമാണ്. രാജ്യത്തെ ആകെ രോഗബാധിതരുടെ 1.15% മാത്രമാണ് ഇത്.
രാജ്യത്തെ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 2.58 ശതമാനമാണ്. കഴിഞ്ഞ 68 ദിവസമായി ഇത് മൂന്ന് ശതമാനത്തിൽ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.61 ശതമാനമാണ്. കഴിഞ്ഞ 86 ദിവസമായി ഇത് അഞ്ച് ശതമാനത്തിൽ താഴെയാണ്.
Also read: ഇന്ത്യയിൽ കോവിഡ് ‘എൻഡമിക്’ ഘട്ടത്തിലേക്ക് എത്തിച്ചേർന്നിട്ടുണ്ടോ?
അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രാജ്യത്ത് 1.33 കോടി ഡോസ് വാക്സിൻ നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. രാജ്യത്തെ വാക്സിനേഷൻ ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. ഓഗസ്റ്റിൽ മാത്രം 18.1 കോടി ഡോസ് വാക്സിനാണ് നൽകിയത്. ജൂലൈയിൽ ഇത് 13.45 കോടി ആയിരുന്നു.
ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 65 കോടിയിലധികം ഡോസ് വാക്സിനാണ് നൽകിയത്. ഇതിൽ 50 കോടിയോളം പേർക്കാണ് ആദ്യ ഡോസ് നൽകിയത്.
കേന്ദ്ര സർക്കാർ സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 64.51 കോടിയിലധികം (64,51,07,160) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്. 5.21 കോടി (5,21,37,660) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണ് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു.