ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്-19 ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,003 പേർ മരിച്ചു. ഇതോടെ മരണ സംഖ്യ 11,903 ആയി ഉയർന്നു. 10,974 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 3,54,065 ആണ്. ഇതിൽ 1,55,227 പേർ ചികിത്സയിലാണ്. 1,86 934 പേർ രോഗമുക്തി നേടി.
മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,409 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ മാത്രം 81 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 5,537 ആയി. ഡൽഹിയിൽ 47, തമിഴ്നാട്ടിൽ 49, ഗുജറാത്തിൽ 28, ഉത്തർപ്രദേശിലും ഹരിയാനയിലും 18 പേർ വീതവും മരിച്ചു. മധ്യപ്രദേശ് (11), പശ്ചിമ ബംഗാൾ (10), രാജസ്ഥാൻ (7), കർണാടക (5), തെലങ്കാന (4) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ മരണ സംഖ്യ.
അതേസമയം, മഹാരാഷ്ട്രയിൽ കഴിഞ്ഞ ഏതാനും ആഴ്ചയായി രോഗബാധിതരുടെ എണ്ണത്തിൽ നേരിയ കുറവുണ്ട്. എന്നാൽ തമിഴ്നാട്ടിലും ഡൽഹിയിലും സ്ഥിതി മറിച്ചാണ്. രണ്ടു സംസ്ഥാനങ്ങളിലും കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രണ്ടായിരത്തോളം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. രാജസ്ഥാനിലും മധ്യപ്രദേശിലും രോഗബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുന്നുണ്ട്. രോഗബാധിതർ കൂടുതലുളള 10 സംസ്ഥാനങ്ങളുടെ പട്ടികയിൽ കർണാടകയും ഹരിയാനയുമാണ് പുതുതായി ഇടം നേടിയത്.
Read Also: എന്താണ് ഒളിപ്പിക്കുന്നത്? പ്രധാനമന്ത്രിയുടെ മൗനം ചോദ്യം ചെയ്‌ത് രാഹുൽ ഗാന്ധി
ആഗോളതലത്തിൽ 8,155,266 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 441,505 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടമായി. 3,945,763 പേർ രോഗമുക്തി നേടി. യുഎസിലാണ് കോവിഡ് കൂടുതൽ നാശം വിതച്ചത്. 2,137,707 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 1,16,962 പേർ രോഗം ബാധിച്ച് മരിച്ചു.
ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിൽ ഇന്നലെ മാത്രം 16 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച മുതൽ ആകെ 137 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ബെയ്ജിങ്ങിൽ വീണ്ടും കോവിഡ്-19 റിപ്പോർട്ട് ചെയ്തത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ബെയ്ജിങ്ങിൽ വീണ്ടും കോവിഡ് റിപ്പോർട്ട് ചെയ്തതോടെ കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.