ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്-19 പോസിറ്റീവ് ആയത് 11,502 പേർക്ക്. തുടർച്ചയായി മൂന്നാം ദിവസമാണ് രാജ്യത്ത് 11,000 ത്തിലേറെ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. നിയന്ത്രണങ്ങൾ ലഘൂകരിക്കുന്ന സാഹചര്യത്തിൽ രോഗബാധിതരുടെ എണ്ണം വർധിക്കുന്നത് അങ്ങേയറ്റം ആശങ്ക പരത്തുന്നു.
രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,32,424 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 325 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9,520 ആയി. 1,53,106 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,69,797 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത് മഹാരാഷ്‌ട്രയിലാണ്. ഏറ്റവും ഒടുവിൽ ലഭിച്ച കണക്കനുസരിച്ച് മഹാരാഷ്ട്രയില്‍ ഇതുവരെ 1,07,958 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മരണം 3,950 ആയിട്ടുണ്ട്.
രോഗവ്യാപനം മൂർധന്യാവസ്ഥയിലെത്തുമെന്ന് റിപ്പോർട്ട്
രാജ്യത്ത് കോവിഡ് മഹാമാരി അതിന്റെ രൂക്ഷഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്ന് പഠനം. കോവിഡ് കേസുകൾ അനിയന്ത്രിതമായ തരത്തിൽ വർധിക്കാൻ സാധ്യതയുള്ളതായി പഠനത്തിൽ പറയുന്നു. കോവിഡിന്റെ രൂക്ഷഘട്ടം വരാനിരിക്കുന്നതേയുള്ളൂ എന്നും നവംബറിൽ മൂർധന്യാവസ്ഥയിലെത്തുമെന്നുമാണ് ഐസിഎംആർ രൂപവത്‌കരിച്ച ഗവേഷകസംഘത്തിന്റെതാണ് പുതിയ പഠനം.
രാജ്യത്ത് ഇതുവരെ നടപ്പിലാക്കിയ സമ്പൂർണ അടച്ചുപൂട്ടലും ശക്തമായ ഇടപെടലുകളും കാരണമാണ് കോവിഡ് ഇതുവരെയും അതിരൂക്ഷ ഘട്ടത്തിലേക്ക് കടക്കാത്തതെന്നും പഠനത്തിൽ പറയുന്നു. നവംബർ പകുതിയോടെ കോവിഡ് കേസുകൾ വർധിക്കുമെന്നാണ് പഠനം. സമ്പൂർണ അടച്ചിടൽ നടപ്പാക്കിയതിനാൽ കോവിഡ് കേസുകൾ ഏറ്റവും കൂടുന്ന സമയം 34 മുതൽ 76 ദിവസംവരെ വൈകിപ്പിക്കാനായി. കോവിഡ് ബാധിതരുടെ എണ്ണം 69 മുതൽ 97 ശതമാനം വരെയും മരണം 60 ശതമാനവും കുറയ്ക്കാൻ സാധിച്ചെന്നും പഠനത്തിൽ പറയുന്നു.
ആരോഗ്യരംഗം നല്ല രീതിയിൽ പ്രവർത്തിച്ചതിനാലാണ് രോഗവ്യാപനം ഇതുവരെ പിടിച്ചുനിർത്താൻ സാധിച്ചതെന്നും പഠനത്തിൽ പറയുന്നു. അതേസമയം, പഠനത്തിൽ പിശകുകളുണ്ടെന്നും ഐസിഎംആർ ഇത് അംഗീകരിച്ചിട്ടില്ലെന്നുമാണ് വിവിധ ഉറവിടങ്ങളിൽ നിന്നു ലഭിക്കുന്ന റിപ്പോർട്ട്.
സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്
കോവിഡ് മഹാമാരിയെ തുടർന്ന് രാജ്യം നേരിടാനിരിക്കുന്നത് സങ്കീർണമായ ദിനങ്ങളെന്ന് കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അഞ്ച് സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം മുന്നറിയിപ്പ് നൽകിയത്. രോഗബാധിതരുടെ എണ്ണം അതിവേഗം വർധിക്കുമെന്നും ചികിത്സയ്‌ക്കായി കൂടുതൽ സജ്ജീകരണങ്ങൾ ഒരുക്കണമെന്നും കേന്ദ്രം നിർദേശിച്ചു. കൂടുതൽ ശ്രദ്ധയോടെ മുന്നോട്ടുനീങ്ങേണ്ട സാഹചര്യമാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്. മഹാരാഷ്‌ട്ര, തമിഴ്‌നാട്, ഡൽഹി, ഗുജറാത്ത്, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കോവിഡ് രോഗികളാൽ ഐസിയുകളും വെന്റിലേറ്ററുകളും നിറയുമെന്നും ആവശ്യമായ സജ്ജീകരണങ്ങൾ വേണമെന്നും കേന്ദ്രം അറിയിച്ചു.
ജൂൺ-ഓഗസ്റ്റ് മാസങ്ങൾക്കിടയിൽ രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവ് രേഖപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. മഹാരാഷ്‌ട്രയിലും തമിഴ്‌നാട്ടിലുമാണ് രോഗികളുടെ എണ്ണം അതിവേഗം വർധിക്കുന്നത്. ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ വെന്റിലേറ്ററുകളും ഐസിയുകളും നിറഞ്ഞ് കോവിഡ് ചികിത്സയില്‍ ഗുരുതരമായ സ്ഥിതിവിശേഷമാകും വരികയെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഹരിയാന, കര്‍ണാടക, ജമ്മു കശ്‌മീർ, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളോട് അടുത്ത രണ്ടു മാസത്തേക്ക് ആശുപത്രികളിൽ കൂടുതൽ സജ്ജീകരണമൊരുക്കാനും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.