ന്യൂഡൽഹി: ഏറ്റവുമധികം കോവിഡ് രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്. റഷ്യയെ മറികടന്നാണ് ഇന്ത്യ നാലാം സ്ഥാനത്തു നിന്നും മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി (ജെഎച്ച്യു) കണക്കുകൾ പ്രകാരം, ഞായറാഴ്ച വൈകുന്നേരത്തോടെ റഷ്യയില്‍ 6,81,251 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇന്ത്യയില്‍ 6,87,760 പേര്‍ക്കും. ഇന്ത്യയ്ക്ക് തൊട്ടുമുന്നിലുള്ള ബ്രസീലിൽ 15 ലക്ഷത്തിലധികം കേസുകളും യുഎസിൽ 28 ലക്ഷത്തിലധികം കേസുകളുമുണ്ട്.

ഇന്ത്യയിൽ 13856 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കനത്ത മഴക്കാലത്തിനിടെ രാജ്യത്തിന്റെ പടിഞ്ഞാറൻ, തെക്കൻ ഭാഗങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതോടെ മരണസംഖ്യ 19,268 ആയി ഉയർന്നു. കോവിഡ് ഏറ്റവുമധികം നാശം വിതച്ച മഹാരാഷ്ട്രയിൽ 7,000 പുതിയ കേസുകളും തമിഴ്‌നാട്ടിലും ഡൽഹിയിലും യഥാക്രമം 4,200, 2,500 കേസുകളും റിപ്പോർട്ട് ചെയ്തു.

Read More: കോവിഡ് വാക്സിൻ: സംശയങ്ങളിൽ വിശദീകരണവുമായി ഐസിഎംആർ

വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് മാർച്ച് മാസത്തിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും കർശനമായ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നുവെങ്കിലും സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് അടുത്ത ആഴ്ചകളിൽ ഇത് ഘട്ടംഘട്ടമായി ലഘൂകരിക്കപ്പെട്ടു.

നഗരങ്ങളിലെ സ്കൂളുകൾ, മെട്രോ ട്രെയിനുകൾ, സിനിമാ തിയേറ്ററുകൾ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ എന്നിവ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് അധികാരികൾ നിർബന്ധമാക്കിയിട്ടുണ്ട്. അതേസമയം, വലിയ സമ്മേളനങ്ങൾ നിരോധിക്കുകയും കടകളിലും മറ്റ് പൊതുസ്ഥാപനങ്ങളിലും സാമൂഹിക അകലം കർശനമായി പാലിക്കുകയും ചെയ്യേണ്ടതുണ്ട്.

കഴിഞ്ഞ വർഷം ചൈനയിലെ വുഹാനിൽ നിന്ന് ആരംഭിച്ച കോവിഡ് പ്രതിസന്ധി നേരിടാൻ വാക്സിനുകൾ വേഗത്തിൽ വികസിപ്പിച്ചെടുക്കാൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

കോവിഡ് പ്രതിരോധ മരുന്നായ ‘കോവാക്സിൻ’ ഓഗസ്റ്റ് 15ന് പുറത്തിറക്കുമെന്ന പ്രഖ്യാപനം സംബന്ധിച്ച് ആശങ്കളുടെ ആവശ്യമില്ലെന്ന് ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിൽ (ഐസിഎംആർ) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. “ഫാസ്റ്റ് ട്രാക്ക് വാക്സിൻ വികസനത്തിനുള്ള ആഗോളതലത്തിൽ അംഗീകരിച്ച മാനദണ്ഡങ്ങൾക്കനുസൃതമായാണ്” രാജ്യത്ത് കോവിഡ് വാക്സിൻ വികസനം മുന്നോട്ട് പോവുന്നതെന്ന് ഐസിഎംഐർ പ്രസ്താവനയിൽ വിശദീകരിച്ചിരുന്നു. വാക്സിൻ പ്രഖ്യാപനത്തെക്കുറിച്ച് ശാസ്ത്ര രംഗത്തുനിന്നുള്ളവർ സംശയങ്ങളുന്നയിക്കുന്നതിനിടെയാണ് ഐസിഎംആർ പുതിയ വിശദീകരണവവുമായി രംഗത്തെത്തിയത്.

പ്രഖ്യാപിച്ച സമയപരിധിക്കുള്ളിൽ വാക്സിൻ പുറത്തിറക്കുന്നതിനായി അതിന്റെ ഗുണ നിലവാരത്തിലും ഫലപ്രാപ്തി നൽകുന്നതിനുള്ള കഴിവിലും വിട്ടുവീഴ്ച ചെയ്യാൻ സാധ്യതയുണ്ടെന്ന തരത്തിലും ആശങ്കകൾ പ്രചരിച്ചിരുന്നു. പൂനെയിലെ ഐസിഎംആർ ലബോറട്ടറിയായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഹൈദരാബാദ് ആസ്ഥാനമായ മരുന്നു കമ്പനിയായ ഭാരത് ബയോടെക്കിന്റെ സഹായത്തോടെ വികസിപ്പിച്ചെടുത്ത കോവാക്സിൻ എന്ന കാൻഡിഡേറ്റ് വാക്സിനാണ് കോവിഡ് മരുന്ന് പരീക്ഷണത്തിനായി ഉപയോഗിക്കുന്നത്. ഓഗസ്റ്റ് 15ന് മരുന്ന് പൊതുജനങ്ങൾക്കായി ലഭ്യമാക്കണമെന്ന് കോവാക്സിൻ ക്ലിനിക്കൽ ട്രയലുകൾ നടത്താൻ തിരഞ്ഞെടുത്ത 12 ആശുപത്രികൾക്ക് ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ എഴുതിയ കത്തിൽ പരാമർശിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook