Coronavirus India Highlights: കോവിഡ് -19 വാക്സിനേഷനുള്ള പുതിയ മാർഗനിർദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. നാല് പ്രത്യേക വിഭാഗത്തിലുള്ള വ്യക്തികൾ കോവിഡ് -19 വാക്സിനേഷൻ മാറ്റിവയ്ക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് പോസിറ്റീവ് പരിശോധനാ ഫലം ലഭിച്ചവർ സുഖം പ്രാപിച്ച് മൂന്ന് മാസത്തിനു ശേഷമാണ് വാക്സിൻ സ്വീകരിക്കേണ്ടത്.
ആദ്യത്തെ വാക്സിൻ ഡോസ് ലഭിച്ചതിന് ശേഷം കോവിഡ് ബാധിച്ചവർ രോഗമുക്തി നേടി മൂന്ന് മാസത്തിന് ശേഷം രണ്ടാമത്തെ ഡോസ് സ്വീകരിക്കണം.
ആശുപത്രി പ്രവേശനമോ ഐസിയു പരിചരണമോ ആവശ്യമുള്ള മറ്റേതെങ്കിലും ഗുരുതരമായ പൊതു രോഗങ്ങളുള്ളവരും കോവിഡ് -19 വാക്സിൻ ലഭിക്കുന്നതിനായി നാല് മുതൽ എട്ട് ആഴ്ച വരെ കാത്തിരിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നൽകിപുതിയ മാർഗ്ഗനിർദ്ദേശങ്ങളിൽ ശുപാർശ ചെയ്യുന്നു. ക്യാൻസർ ഉൾപ്പെടെയുള്ള കഠിനമായ അനുബന്ധരോഗങ്ങൾ ഉള്ളവർ വാക്സിനേഷൻ മാറ്റിവയ്ക്കരുത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ, രോഗം ഗുരുതരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയോ ചികിത്സയ്ക്ക് വിധേയരാകുകയോ ചെയ്തവർ പ്രതിരോധ നീട്ടിവയ്ക്കണം.
മേൽപ്പറഞ്ഞ വിഭാഗങ്ങൾക്ക് പുറമേ, സാർസ്-2 മോണോക്ലോണൽ ആന്റിബോഡികളോ അല്ലെങ്കിൽ കോൺവാലസന്റ് പ്ലാസ്മയോ നൽകിയ കോവിഡ് -19 രോഗികൾക്ക് ഡിസ്ചാർജ് ചെയ്ത് മൂന്ന് മാസത്തിന് ശേഷം മാത്രമാണ് വാക്സിൻ നൽകാനാവൂ എന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.
യാത്രാവിലക്ക് പിൻവലിക്കാൻ യൂറോപ്യൻ യൂണിയനിൽ ധാരണ
കോവിഡ് രോഗവ്യാപനത്തെത്തുടർന്ന് പ്രഖ്യാപിച്ച യാത്രാ വിലക്ക് പിൻവലിക്കാൻ യൂറോപ്യൻ യൂണിയൻ ധാരണയിലെത്തി. യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാരുടെ വിലക്ക് ഒഴിവാക്കാനാണ് തീരുമാനമായത്. പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നാൽ കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ, ബ്രിട്ടണിൽ നിന്നും യുഎസിൽ നിന്നുമുള്ള യാത്രക്കാർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് പ്രവേശിക്കാൻ കഴിയും. സുരക്ഷിത രാജ്യങ്ങളിൽനിന്നുള്ള, വാക്സിനേഷൻ പൂർത്തിയാക്കിയ യാത്രക്കാർക്ക് പ്രവേശനം അനുവദിക്കണമെന്ന് യൂറോപ്യൻ കമ്മീഷൻ ഈ മാസം മൂന്നിന് ശുപാർശ ചെയ്തിരുന്നു.
കോവിഡ് കേസുകൾ കൂടുതൽ തമിഴ്നാട്ടിൽ, തെലങ്കാനയിൽ ലോക്ക്ഡൗൺ നീട്ടി
കോവിഡ് ബാധിച്ച് രാജ്യത്ത് 4,529 മരണം കൂടി. ഇതുവരെയുള്ള ഏറ്റവും ഉയർന്ന മരണനിരക്കാണിത്. മഹാരാഷ്ട്രയിൽ മാത്രം 1,300 മരണമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. കർണാടകയിൽ 525 മരണവും തമിഴ്നാട്ടിൽ 364 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇന്നു 2.67 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തമിഴ്നാട്ടിൽ മുപ്പത്തി മൂവായിരത്തിലധികം കേസുകളും കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിൽ മുപ്പതിനായിരത്തിലധികം കേസുകളുമുണ്ട്.
രാജ്യത്ത് സജീവ കേസുകളുടെ എണ്ണം 32.26 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി 200 ജില്ലകളിൽ കോവിഡ് കേസുകൾ കുറയുന്നതായി സർക്കാർ അറിയിച്ചു. തുടർച്ചയായി 13 ആഴ്ചകളിൽ കൂടിയശേഷമാണ് ഇപ്പോൾ കുറഞ്ഞത്.
മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും അമരാവതി ജില്ലയിൽ കേസുകൾ ഉയരുകയാണ്. രാജ്യത്ത് രണ്ടാം വ്യാപനം തുടങ്ങിയപ്പോൾ കോവിഡ് കേസുകൾ ആദ്യം റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിലെ ജില്ലകളിൽ ഒന്നാണ് അമരാവതി. മാർച്ചിൽ 10 ദിവസത്തെ ലോക്ക്ഡൗണിനുശേഷം കേസുകൾ കുറഞ്ഞിരുന്നു. പിന്നീട് പെട്ടെന്ന് കേസുകളുടെ എണ്ണം ഉയരുകയായിരുന്നു.
കോവിഡ് രോഗവ്യാപനത്തെത്തുടർന്ന് പ്രഖ്യാപിച്ച യാത്രാ വിലക്ക് പിൻവലിക്കാൻ യൂറോപ്യൻ യൂണിയൻ ധാരണയിലെത്തി. യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാരുടെ വിലക്ക് ഒഴിവാക്കാനാണ് തീരുമാനമായത്. പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നാൽ കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ, ബ്രിട്ടണിൽ നിന്നും യുഎസിൽ നിന്നുമുള്ള യാത്രക്കാർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് പ്രവേശിക്കാൻ കഴിയും.
സുരക്ഷിത രാജ്യങ്ങളിൽനിന്നുള്ള, വാക്സിനേഷൻ പൂർത്തിയാക്കിയ യാത്രക്കാർക്ക് പ്രവേശനം അനുവദിക്കണമെന്ന് യൂറോപ്യൻ കമ്മീഷൻ ഈ മാസം മൂന്നിന് ശുപാർശ ചെയ്തിരുന്നു.
സംസ്ഥാനത്ത് കണ്ടെത്തിയ പുതിയ വൈറസ് വകഭേദങ്ങളിൽ മൂന്നെണ്ണം വളരെ കൂടുതലായി വ്യാപിച്ചിച്ചുണ്ടെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. “പുതിയ വൈറസ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതില്‍ 3 എണ്ണം വളരെ കൂടുതലായി വ്യാപിച്ചിട്ടുണ്ട്. അത് കരുതിയിരിക്കണം എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്,” മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിനായി കേന്ദ്രം നല്കിയ വാക്സിന് തീര്‍ന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു ഈ കാര്യം നാളെ രാവിലെ പ്രധാനമന്ത്രി വിളിക്കുന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബ്ലാക്ക് ഫംഗസ് ബാധയെ രാജസ്ഥാനിൽ ഒരു പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു. കോവിഡ് രോഗമുക്തി നേടുന്ന ആളുകളെയാണ് പ്രധാനമായും മ്യൂകോമൈകോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗം ബാധിക്കുന്നത്. രാജസ്ഥാനിൽ നിലവിൽ സംസ്ഥാനത്ത് നൂറോളം ബ്ലാക്ക് ഫംഗസ് രോഗികളുണ്ട്. ചികിത്സയ്ക്കായി ജയ്പൂരിലെ സവായ് മൻ സിംഗ് (എസ്എംഎസ്) ആശുപത്രിയിൽ പ്രത്യേക വാർഡും ഉണ്ടാക്കിയിട്ടുണ്ട്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടത്തിയത് 20 ലക്ഷത്തിലധികം കോവിഡ് -19 പരിശോധനകൾ. ലോകത്ത് ആദ്യമായാണ് 24 മണിക്കൂറിനുള്ളിൽ ഇത്രയും കോവിഡ് പരിശോധന നടത്തുന്നത്. അതേസമയം രാജ്യത്ത് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 13.31 ശതമാനമായി കുറഞ്ഞു.
കർണാടകയിൽ ലോക്ക്ഡൗൺ കാരണം ബുദ്ധിമുട്ട് നേരിടുന്നവർക്കായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. 1,250 കോടി രൂപയുടെ കോവിഡ് ദുരിതാശ്വാസ പാക്കേജാണ് കർണാടക സർക്കാർ പ്രഖ്യാപിച്ചത്. കർഷകർ, ഓട്ടോ, ക്യാബ് ഡ്രൈവർമാർ, നിർമാണത്തൊഴിലാളികൾ, കലാകാരന്മാർ, അസംഘടിത മേഖലയിലെ വിവിധ തൊഴിലാളികൾ എന്നിവർക്കായാണ് 1,250 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചത്.
കോവിഡ് മരണങ്ങൾ വർധിക്കുകയും വാക്സിൻ നൽകുന്നത് കുറയുകയും ചെയ്യുമ്പോൾ കേന്ദ്ര സർക്കാർ മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. ഇന്ത്യയിലെ കോവിഡ് മരണനിരക്ക് കൂടുന്നതിന്റെയും വാക്സിൻ വിതരണം കുറയുന്നതിന്റെയും ഗ്രാഫ് പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്റെ വിമർശനം.
“വാക്സിൻ വിതരണം കുറയുന്നു. കോവിഡ് മരണങ്ങൾ കൂടുന്നു. കേന്ദ്ര സർക്കാരിന്റെ നയം – ശ്രദ്ധ തിരിക്കുക, അസത്യം പ്രചരിപ്പിക്കുക, വസ്തുതകൾ മറച്ചുവെച്ച് ബഹളമുണ്ടാക്കുക” ഹിന്ദിയിൽ രാഹുൽ ട്വീറ്റ് ചെയ്തു.
വാക്സിൻ സ്വീകരിക്കാൻ കഴിയുന്നവർക്കെല്ലാം ഈ വർഷം നവംബർ, ഒക്ടോബർ മാസവസാനത്തോടെ വാക്സിൻ നല്കാൻ ഉദ്ദേശിക്കുന്നതായി കർണാടക സർക്കാർ. എല്ലാ ജനങ്ങൾക്കും ഈ വർഷം അവസാനത്തോടെ വാക്സിൻ നൽകാനാണ് ശ്രമിക്കുന്നതെന്ന് കർണാടക ആരോഗ്യ മന്ത്രി കെ.സുധാകർ പറഞ്ഞു.
തെലങ്കാനയിൽ ലോക്ക്ഡൗൺ നീട്ടി. മേയ് 30 വരെയാണ് നീട്ടിയത്. മേയ് 12 വരെയായിരുന്നു ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്.
മലപ്പുറം, കോട്ടയം ജില്ലകളിലും ബ്ലാക്ക് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തു. മലപ്പുറം ജില്ലയിൽ ആദ്യമായാണ് ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിക്കുന്നത്. മലപ്പുറത്ത് തിരൂർ ഏഴൂർ സ്വദേശിയായ അറുപതി രണ്ടുകാരനാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഇടത് കണ്ണ് നീക്കം ചെയ്തു. കണ്ണ് നീക്കം ചെയ്തില്ലെങ്കില്‍ മസ്തിഷ്കത്തിലേക്ക് ഫംഗസ് പടരാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് ശസ്ത്രക്രിയയിലൂടെ കണ്ണ് നീക്കം ചെയ്തത്.
ബിജെപി എംഎൽഎ ഗോതം ലാൽ മീന കോവിഡ് ബാധിച്ചു മരിച്ചു. കോവിഡ് ബാധിതനായി ഉദയ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 56 വയസ്സായിരുന്നു. രാജസ്ഥാനിലെ ദാരയ്വാദ് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎയാണ്.
പതിമൂന്ന് ആഴ്ചക്കാലം കൊണ്ട് കുതിച്ചുയർന്ന കോവിഡ് നിരക്കിൽ കഴിഞ്ഞ ഒരാഴ്ചയായി കുറവുണ്ടായതായി കേന്ദ്രം. 200 ജില്ലകളിൽ കഴിഞ്ഞ രണ്ടാഴ്ചക്കാലമായി പുതിയ കേസുകളിൽ കുറവ് രേഖപ്പെടുത്തിയതായി സർക്കാർ പറഞ്ഞു.
“കോവിഡ് മഹാമാരിയുടെ കർവ് സ്ഥിരത കൈവരിക്കുന്നു”, റീപ്രൊഡക്ഷൻ നമ്പർ (R) ഒന്നിൽ താഴെയായി കുറഞ്ഞു, ഇന്ത്യയുടെ കോവിഡ് ടാസ്ക് ഫോഴ്സ് തലവൻ കെ.വി പോൾ പറഞ്ഞു. കോവിഡ് വ്യാപനം ചുരുങ്ങുന്നു എന്നതാണ് ഇതിൽ നിന്നും വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം, മേയ് 11 മുതൽ 17 വരെ ശരാശരി 18.45 ലക്ഷം ടെസ്റ്റുകൾ ചെയ്തതിൽ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 16.9 ശതമാനമാണ്. ഫെബ്രുവരി 16-22 ന് ശേഷം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറവ് പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണിതെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു.
വാക്സിൻ നിർമ്മാണത്തിനുളള ലൈസൻസ് കൂടുതൽ പ്രാദേശിക കമ്പനികൾക്ക് നൽകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. വാക്സിൻ ആവശ്യം കൂടുതലാണ്, ഉത്പാദനം കുറവും. ഈ സാഹചര്യം ഗൗരവമേറിയതാണ്. അതിനാൽ 10 കമ്പനികൾക്കു കൂടി വാക്സിൻ നിർമ്മാണത്തിനുളള അനുമതി നൽകുമെന്ന് മന്ത്രി പറഞ്ഞു.
കോവിഡ് ബാധിച്ച് ഇന്ത്യയിൽ ഇന്നലെ 4,529 മരണം കൂടി. ഏറ്റവും ഉയർന്ന മരണനിരക്കാണിത്. മഹാരാഷ്ട്രയിൽ 1,300 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കർണാടകയിൽ 525 മരണവും തമിഴ്നാട്ടിൽ 364 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇന്നു 2.67 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തമിഴ്നാട്ടിൽ 33,000 ത്തിലധികം കേസുകളും കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിൽ 30,000 ത്തിലധികം കേസുകളുമുണ്ട്.