ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം വലിയ രീതിയിൽ തുടരുന്നതായി കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിൽ എൺപതിനായിരത്തിലധികം കേസുകൾ കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ ആയിരത്തിലധികം കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,936,747. കോവിഡ് മൂലം 68.472 പേരാണ് രാജ്യത്ത് മരിച്ചത്. നിലവിൽ 831124 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. 3037151 പേർ രോഗമുക്തി നേടി. ദശലക്ഷത്തിൽ ഒരാൾ മാത്രമാണ് രാജ്യത്ത് കോവിഡ് ബാധിതരായി മരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Also Read: തുടരുന്ന ആശങ്ക; ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2.64 കോടി കടന്നു
ഇന്ത്യയിൽ മഹാരാഷ്ട്ര തന്നെയാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്നത്. ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ 62 ശതമാനവും ആന്ധ്രാപ്രദേശ്, ഡൽഹി, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ്. നിലവിലെ സ്ഥിതി തുടർന്നാൽ ആകെ രോഗികളുടെ എണ്ണത്തിൽ വരും ദിവസങ്ങളിൽ തന്നെ ഇന്ത്യ ബ്രസീലിനെ മറികടക്കുമെന്നാണ് കണക്കുകൾ പറയുന്നത്.
കോവിഡ് വ്യാപനം ലോകത്ത് തുടരുന്ന സാഹചര്യത്തിൽ ആശങ്കയും വർധിക്കുന്നു. വലിയ രീതിയിലാണ് ഇപ്പോഴും ലോകത്തിന്റെ പല ഭാഗങ്ങളിലായി കോവിഡ് വ്യാപനം തുടരുന്നത്. ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2.64 കോടിയും കടന്ന് കുതിക്കുകയാണ്. കൃത്യമായി പറഞ്ഞാൽ 26,456,951 പേർക്ക് കോവിഡ് രോഗബാധ കണ്ടെത്തി. ഇവരിൽ 18,646,422 പേർ രോഗമുക്തി നേടിയിട്ടുണ്ട്. മരണസംഖ്യയും ഉയരുകയാണ് 872,499 പേരാണ് കോവിഡ് മൂലം ഇതുവരെ ലോകത്ത് മരണപ്പെട്ടത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2.80 ലക്ഷത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വരും ദിവസങ്ങളിൽ ഇനിയും വർധിക്കാനുള്ള സാധ്യതയും കൂടുതലാണ്. കേരളത്തിലടക്കം ഒക്ടോബറിൽ രോവ്യാപനം കനക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രതിദിന കണക്കിൽ ഇന്ത്യ തന്നെയാണ് ഇപ്പോഴും മുന്നിൽ തുടരുന്നത്. ഇതും ഉയരാനുള്ള സാധ്യത കൂടുതലാണ്.
Also Read: സംസ്ഥാനത്ത് 1,553 പേർക്ക് കൂടി കോവിഡ്
രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്ക ഇപ്പോഴും ഒന്നാം സ്ഥാനത്താണ്. ഇന്നലെ രാജ്യത്ത് നാൽപ്പതിനായിരത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ നിലയിലാണ് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നത്. ഇതോടെ അമേരിക്കയിൽ മാത്രം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 63 ലക്ഷവും കടന്ന് മുന്നേറുകയാണ്. അമേരിക്കയിൽ മരണസംഖ്യയും കൂടുതലാണ്. രണ്ട് ലക്ഷത്തോളം പേർക്ക് ഇതുവരെ വൈറസ് ബാധമൂലം ജീവൻ നഷ്ടമായി.
ലാറ്റിനമേരിക്കൻ രാജ്യമായ ബ്രസീലിലും രോഗവ്യാപനം വലിയ രീതിയിൽ തന്നെ തുടരുന്നത് ആഗോള തലത്തിലും ആശങ്ക വർധിപ്പിക്കുന്നുണ്ട്. ബ്രസീലിൽ 40 ലക്ഷം പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 124729 പേർ വൈറബാധമൂലം മരണപ്പെട്ടുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.