തിരുവനന്തപുരം: രാജ്യത്ത് കൊറോണ വൈറസ് കേസുകൾ ദിനംപ്രതി കൂടുന്ന സാഹചര്യത്തിൽ ആൽക്കഹോൾ അടങ്ങി സൈനിറ്റൈസറുകളുടെ കയറ്റുമതി സർക്കാർ നിരോധിച്ചു. പ്രാദേശിക മാർക്കറ്റുകളിൽ സാനിറ്റൈസറുകൾ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് സർക്കാർ നടപടി. അതേസമയം ഇന്ത്യയിൽ കോവിഡ്-19 ബാധിതരുടെ എണ്ണം അമ്പതിനായിരത്തിലേക്ക് അടുക്കുകയാണ്. ഏറ്റവും ഒടുവിൽ ലഭ്യമാകുന്ന കണക്കുകൾ പ്രകാരം 49391 പേർക്കാണ് രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിൽ 33514 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 14182 പേർക്ക് രോഗം ഭേദമായപ്പോൾ 1694 പേർ വൈറസ് ബാധമൂലം മരിച്ചു.
സംസ്ഥാനത്ത് ഇന്ന് ആർക്കും കോവിഡ് ബാധയില്ല; ഏഴ് പേർക്ക് നെഗറ്റീവ്
കേരളത്തിനും ഇന്നും ആശ്വാസദിനമാണ്. സംസ്ഥാനത്ത് ഇന്ന് ആർക്കും കോവിഡ് ബാധയില്ല. ചികിത്സയിലുള്ള ഏഴ് പേരുടെ പുതിയ ഫലം നെഗറ്റീവ് ആയി. ഇതോടെ സംസ്ഥാനത്ത് ഇപ്പോൾ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 30 ആയി കുറഞ്ഞു. സംസ്ഥാനത്ത് ആകെ 502 പേർക്കാണ് ഇതുവരെ കോവിഡ് പോസിറ്റീവ് ആയത്. കോട്ടയം ജില്ലയിൽ ആറ് പേർക്കും (ഇതിൽ ഒരാൾ ഇടുക്കി സ്വദേശി) പത്തനംതിട്ടയിൽ ഒരാൾക്കുമാണ് ഇന്ന് കോവിഡ് ഫലം നെഗറ്റീവ് ആയത്. ഇന്ന് മാത്രം 58 പേരെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. ഉന്നതതലയോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
കേരളത്തിൽ ആറു ജില്ലകളിലാണ് കോവിഡ് ബാധിതര്‍ ഇപ്പോഴുള്ളത്. 14,670 പേര് നിരീക്ഷണത്തിലുണ്ട്. 14,402 പേര് വീടുകളിലും 268 പേര് ആശുപത്രികളിലുമാണ്. ബുധനാഴ്ച 1154 സാമ്പിളുകള്‍ പരിശോധന നടത്തി. മുന്‍ഗണനാ വിഭാഗത്തിലെ 2947 സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഫലം ലഭിച്ച 2147 സാമ്പിളുകള്‍ നെഗറ്റീവാണ്.സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട്സ്പോട്ടുകൾ ഒന്നും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
85 ബിഎസ്എഫ് ജവാന്മാർക്ക് കോവിഡ്
ബുധനാഴ്ച മാത്രം 85 ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് കോവിഡ്-19 സ്ഥിരീകരിച്ചത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഇതോടെ രോഗം സ്ഥിരീകരിച്ച ബിഎസ്എഫ് ജവാന്മാരുടെ എണ്ണം 152 ആയി വർധിച്ചു. ഡൽഹിയിൽ ഒരു പൊലീസ് കോൺസ്റ്റബിൽ വൈറസ് ബാധമൂലം മരണപ്പെട്ടിട്ടുമുണ്ട്.
കേരളത്തിൽ നാളെ എത്തുക രണ്ടു വിമാനങ്ങൾ; ആദ്യ വിമാനം കൊച്ചിയിൽ
അതേസമയം പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുളള വന്ദേ ഭാരത് മിഷന്റെ ഭാഗമായി കേരളത്തിൽ വ്യാഴാഴ്ച രണ്ടു വിമാനങ്ങൾ എത്തും. നാലു വിമാനങ്ങളാണ് ആദ്യം എത്തുമെന്ന് അറിയിച്ചിരുന്നതെങ്കിലും രണ്ടു വിമാനങ്ങളുടെ യാത്ര നീട്ടിവച്ചു. പുതിയ തീരുമാന പ്രകാരം കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ ഓരോ വിമാനങ്ങളാണ് എത്തുക.
അബുദാബി-കൊച്ചി, ദുബായ്-കോഴിക്കോട് എന്നീ രണ്ടു വിമാനങ്ങളാണ് നാളെ എത്തുക. റിയാദ്-കോഴിക്കോട് വിമാനം വെളളിയാഴ്ചയും ദോഹ-കൊച്ചി വിമാനം ശനിയാഴ്ചയും ആണ് എത്തുക. നാളെ രാത്രി 9.40 നാണ് അബുദാബിയിൽനിന്നുളള വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുക. 176 യാത്രക്കാരാണ് ഈ വിമാനത്തിൽ കൊച്ചിയിലെത്തുക. ദുബായിൽനിന്നുളള രണ്ടാമത്തെ വിമാനം രാത്രി 10.30 ഓടെ കരിപ്പൂരിൽ എത്തുമെന്നാണ് വിവരം.
വിദേശത്തുനിന്നും മടങ്ങിയെത്തുന്ന മലയാളികൾക്ക് 14 ദിവസം ക്വാറന്റൈന് നിര്‍ബന്ധം
വിദേശത്തുനിന്നും മടങ്ങിയെത്തുന്ന മലയാളികൾക്ക് 14 ദിവസം ക്വാറന്റൈന് നിര്‍ബന്ധമാക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. മടങ്ങിയെത്തുന്നവര്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ക്വാറന്റൈന് കേന്ദ്രങ്ങളില്‍ രണ്ടാഴ്ച കഴിഞ്ഞതിനു ശേഷം മാത്രമേ വീടുകളിലേക്ക് മടക്കൂ. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്റൈനിലും തുടര്‍ന്ന് ഏഴ് ദിവസം വീട്ടില്‍ ക്വാറന്റൈനിലും എന്നായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ തന്നെ 14 ദിവസം ക്വാറന്റൈന് നിര്‍ബന്ധമാക്കണമെന്ന് കേന്ദ്രം കര്‍ശന നിര്‍ദേശം നല്കി. ഇതോടെയാണ് തീരുമാനത്തില്‍ മാറ്റമുണ്ടായത്.
മേയ് 17ന് ശേഷം എന്ത്? കേന്ദ്രത്തോട് കോൺഗ്രസ്
കോവിഡ്-19 പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മേയ് 17ന് അവസാനിക്കാനിരിക്കെ, തുടര്‍ന്നുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളെ കുറിച്ചും നിയന്ത്രണങ്ങൾ നീക്കിയതിനു ശേഷമുള്ള നടപടികളെ കുറിച്ചും വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ്.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പാർട്ടി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി നടത്തിയ യോഗത്തിലാണ് ചോദ്യമുയർന്നത്. “മേയ് 17ന് ശേഷം എന്താണ്, എങ്ങനെയാണ്? ലോക്ക്ഡൗണ്‍ തുടരാനുള്ള തീരുമാനം എന്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ കൈകൊള്ളുന്നത്,” മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിൽ സോണിയ ഗാന്ധി യോഗത്തിൽ ചോദിച്ചതായി പാർട്ടി വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.
രാജ്യത്ത് പൊതുഗതാഗതം ഉടൻ പുനഃസ്ഥാപിക്കുമെന്ന് കേന്ദ്രം
രാജ്യത്ത് പൊതുഗതാഗതം ഉടൻ പുനഃസ്ഥാപിക്കുമെന്ന് കേന്ദ്രം. പൊതുഗതാഗതം പുനഃസ്ഥാപിക്കുന്നതിനെ കുറിച്ച് കേന്ദ്രം ആലോചിക്കുകയാണെന്നും അതിനായുള്ള മർഗരേഖ ഉടൻ തയ്യാറാക്കുമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. സാമൂഹിക അകലം പാലിച്ചും ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയും പൊതുഗതാഗതം പുനഃസ്ഥാപിക്കുന്നതിനെ കുറിച്ചാണ് കേന്ദ്രം ആലോചിക്കുന്നതെന്നും അതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും മാർഗനിർദേശങ്ങൾ പുറത്തിറക്കുക എന്നും ഗഡ്കരി വ്യക്തമാക്കി.
“ആളുകളെ കൂടുതൽ ബോധവാൻമാരാക്കി വേണം പൊതുഗതാഗതം അടക്കമുള്ള കാര്യങ്ങളിൽ സാധാരണ നിലയിലാക്കാൻ. സാമൂഹിക അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യം അവരെ ബോധ്യപ്പെടുത്തണം. ഹാൻഡ് വാഷ്, സാനിറ്റെെസർ, മുഖാവരണം എന്നിവയുടെ പ്രധാന്യം ജനങ്ങൾ മനസിലാക്കണം. ബസിലും കാറിലും അടക്കം എല്ലാ സ്വകാര്യ വാഹനങ്ങളിലും ഇതെല്ലാം കർശനമാക്കണം. പൊതുഗതാഗതത്തിൽ ആശ്രയിച്ചു ജീവിക്കുന്നവർക്കായി സർക്കാർ എല്ലാ സഹായങ്ങളും നൽകും. ഇങ്ങനെയൊരു കഠിന സമയത്തിലൂടെ കടന്നു പോകുമ്പോഴും രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥ മോശമാകാതിരിക്കാൻ കഠിനാധ്വാനം ചെയ്യുന്ന പ്രധാനമന്ത്രിയും ധനമന്ത്രിയുമായി എപ്പോഴും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.” ഗഡ്കരി പറഞ്ഞു.
ഇതര സംസ്ഥാന തൊഴിലാളികൾക്കു നാട്ടിലേക്കു പോകാനുള്ള ട്രെയിൻ സർവീസ് നിർത്തിവച്ച് കർണാടക
ലോക്ക്ഡൗണ്‍ മൂലം സംസ്ഥാനത്ത് കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾക്കു നാട്ടിലേക്കു തിരിച്ചുപോകാനുള്ള ട്രെയിൻ സർവീസ് കർണാടക നിർത്തിവച്ചു. മറ്റു സംസ്ഥാനങ്ങളിലേക്ക് പോകാനുള്ള ട്രെയിൻ സർവീസുകളാണ് യെഡിയൂരപ്പ സർക്കാർ താൽക്കാലികമായി റദ്ദാക്കിയത്. ഇതര സംസ്ഥാന തൊഴിലാളികളോട് കർണാടകയിൽ തന്നെ തുടരാൻ സർക്കാർ ആവശ്യപ്പെടുകയും ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് ഇങ്ങനെയൊരു തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.
മേയ് 13 മുതൽ സംസ്ഥാനത്തെ കള്ള്ഷാപ്പുകൾ തുറക്കാൻ അനുമതി
മേയ് 13 മുതൽ സംസ്ഥാനത്തെ കള്ള്ഷാപ്പുകൾ തുറക്കാൻ അനുമതി. ചെത്തുതൊഴിലാളികൾക്ക് നേരത്തെ തന്നെ അനുമതി നൽകിയിട്ടുണ്ടെന്നും മേയ് 13 മുതൽ കള്ള്ഷാപ്പുകൾ തുറക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് മദ്യനിരോധനത്തെ കുറിച്ച് ആലോചിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, മദ്യശാലകൾ ഉടൻ തുറക്കില്ല. മേയ് 17 നു ശേഷം മാത്രമേ മദ്യശാലകൾ തുറക്കുന്നതിനെ കുറിച്ച് ആലോചിക്കൂ. കോവിഡ് നിയന്ത്രണം തുടരുന്നതിനാലാണ് മദ്യശാലകൾ തുറക്കാൻ അനുമതി നൽകാത്തത്. ഗ്രീൻ സോണുകളിൽ മദ്യശാലകൾ തുറക്കാൻ കേന്ദ്ര അനുമതിയുണ്ടെങ്കിലും തൽക്കാലം വേണ്ടന്നുവച്ചിരിക്കുകയാണ് സംസ്ഥാനം.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മേയ് 21നും 29നും ഇടയിൽ
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മേയ് മാസം അവസാനത്തോടെ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി. പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകൾ മേയ് 21 നും 29 നും ഇടയിൽ നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. പൂർത്തിയായ പരീക്ഷകളുടെ മൂല്യനിർണയവും മേയ് 13 മുതൽ ആരംഭിക്കും.
സ്കൂൾ തുറക്കാൻ വൈകിയാലും ജൂൺ ഒന്ന് മുതൽ ‘വിക്ടേഴ്സ്’ ചാനലിൽ അധ്യയനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊറോണ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്ലസ് ടു വിദ്യാർഥികൾക്ക് രണ്ട് പരീക്ഷകളും എസ്എസ്എൽസി വിദ്യാർഥികൾക്ക് മൂന്ന് പരീക്ഷകളുമാണ് ബാക്കിയുള്ളത്.
Explained: എന്തുകൊണ്ട് കേരളത്തിന്റെ അയൽ സംസ്ഥാനമായ തമിഴ്നാട് ഉത്കണ്ഠയുടെ പുതിയ കാരണമാകുന്നു?
കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും കുറയുകയും രോഗം ഭേദമായവരുടെ എണ്ണം കൂടുകയും ചെയ്തത് ആശ്വാസകരമാണെങ്കിലും ഇന്ത്യയിൽ പുതിയതായി കോവിഡ്-19 സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് ആശങ്കജനകമാണ്. പ്രത്യേകിച്ച് കേരളത്തിന്റെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ വലിയ വർധനവാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കുള്ളിൽ രേഖപ്പെടുത്തിയത്. ഇന്ത്യയുടെ ആകെ കണക്കിൽ വലിയൊരു പങ്കും തമിഴ്നാട്ടിൽ നിന്നാണ്.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഏപ്രിൽ മാസം അവസാനിക്കുമ്പോൾ 2058 ആയിരുന്നു രോഗം സ്ഥിരീകരിച്ചവരുടെ എണ്ണമെങ്കിൽ ഇന്നലെ ഇത് 4058 ആണ്. കഴിഞ്ഞ രണ്ട് ദിവസവും 500ലധികം കേസുകൾ വീതമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയ്ക്ക് ശേഷം ഒരു ദിവസം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനമായും തമിഴ്നാട് മാറി.