Covid-19 Live Updates: തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒൻപത് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ചികിത്സയിലുള്ള 13 പേർക്ക് കോവിഡ് ഫലം നെഗറ്റീവ് ആയെന്നും മുഖ്യമന്ത്രി ഇന്നത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ നാല് പേർ വിദേശത്തു നിന്ന് എത്തിയവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക്ഡൗൺ നീട്ടുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര തീരുമാനത്തിനു കാത്ത് കേരളം. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന തീരുമാനത്തിനായി കാത്തിരിക്കാമെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനം നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ഇന്നു ചേർന്ന മന്ത്രിസഭായാേഗം ചർച്ചയ്ക്കെടുത്തില്ല. കേന്ദ്ര തീരുമാനം അറിഞ്ഞ ശേഷം വീണ്ടും സംസ്ഥാനമന്ത്രിസഭാ യോഗം ചേരും. അതേസമയം, കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഒറ്റയടിക്ക് പിൻവലിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയതായി ബിജെഡി നേതാവ് പിനകി മിശ്ര. പ്രതിപക്ഷ നേതാക്കളും മറ്റു പാർട്ടി നേതാക്കളും തമ്മിലുളള സംഭാഷണത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചതെന്ന് ബിജെഡി നേതാവ് പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 508 പുതിയ കോവിഡ്-19 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5,194 ആയി. 149 പേർ മരണപ്പെട്ടപ്പോൾ 353 പേർ രോഗം മാറി ജീവിതത്തിലേക്ക് മടങ്ങിയെത്തി.
Also Read: ഒരു രോഗബാധിതനിൽ നിന്ന് എത്ര പേർക്ക് രോഗം പകരാം? ഞെട്ടിക്കുന്ന കണക്കുകൾ
മഹാരാഷ്ട്രിയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്, 1097. തമിഴ്നാട്ടിൽ 709 പേർക്കും ന്യൂഡൽഹിയിൽ 597 പേർക്കും രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് മാത്രം ആയിരത്തിലേറെ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ധാരാവി ചേരിയിൽ ഉൾപ്പെടെ അതീവ ജാഗ്രത തുടരുകയാണ്. കോവിഡ് സാമൂഹ്യവ്യാപനത്തിലേക്ക് കടന്നിട്ടുണ്ടോ എന്ന ആശങ്കയിലാണ് ആരോഗ്യവിദഗ്ധർ.
കോവിഡ് പ്രതിരോധത്തിനായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗണ്‍ ഒറ്റയടിക്ക് പിൻവലിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതായി സൂചന. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞതെന്നാണ് റിപ്പോർട്ട്. ചർച്ചയിൽ പങ്കെടുത്ത നേതാക്കളിൽ ചിലരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോവിഡിനെതിരായ പോരാട്ടത്തിൽ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമെന്നും പ്രധാനമന്ത്രി രാഷ്ട്രീയകക്ഷി നേതാക്കളുടെ യോഗത്തിൽ പറഞ്ഞു. ലോക്ക് ഡൗണ്‍ ഒറ്റയടിക്ക് പിൻവലിക്കാൻ സാധിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞതായി ബിജെഡി നേതാവ് പിനകി മിശ്ര പറഞ്ഞു. കൊറോണക്ക് മുൻപും പിൻപും ഉള്ള ജനജീവിതം വ്യത്യാസപ്പെട്ടിരിക്കുമെന്നും യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞതായി ബിജെഡി നേതാവ് പറഞ്ഞു. ലോക്ക് ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുടെ അഭിപ്രായങ്ങൾ കൂടി കേന്ദ്രം ആരായും.
ആരോഗ്യപ്രവർത്തകർക്കൊപ്പം സമയം ചെലവഴിച്ച് നടൻ മോഹൻലാൽ. ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിശ്ചിത ദിവസം സേവനമനുഷ്ഠിച്ച ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റിതര ആരോഗ്യജീവനക്കാർ എന്നിവരുമായാണ് മോഹൻലാൽ വീഡിയോ കോൺഫറൻസ് വഴി സംവദിച്ചത്. ഇവരെല്ലാം വീടുകളിൽ നിർബന്ധിത നിരീക്ഷണത്തിൽ കഴിയുകയാണ്. അവർക്ക് മാനസിക പിന്തുണ നൽകുന്നതിനുവേണ്ടിയാണ് മോഹൻലാൽ രംഗത്തെത്തിയതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശെെലജ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
കോവിഡ്-19 ടെസ്റ്റ് സ്വകാര്യ ലാബുകൾ സൗജന്യമായി ചെയ്യണമെന്ന് സുപ്രീം കോടതി. ഇക്കാര്യത്തിൽ കോടതി പിന്നീട് ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കും. സ്വകാര്യ ലാബുകൾ ടെസ്റ്റിന് അമിത നിരക്ക് ഈടാക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ ഉറപ്പു വരുത്തണമെന്നും ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എസ്.രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബഞ്ച് നിർദേശിച്ചു
കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഏപ്രിൽ 14 ന് അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തും. ഏപ്രിൽ 11 നാണ് മുഖ്യമന്ത്രിമാരുമായി മോദി വീഡിയോ കോൺഫറൻസ് നടത്തുകയെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു
ന്യൂഡൽഹി: കോവിഡ് -19 രോഗവ്യാപനം 40 കോടിയോളം ഇന്ത്യക്കാരെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടാൻ സാധ്യതയുള്ളതായി യുഎൻ റിപോർട്ട്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ ആഗോള പ്രതിസന്ധിയായ കോവിഡ് വ്യാപനത്തിന്റെ പരിണിത ഫലമായി ഇന്ത്യയിൽ അനൗപചാരിക മേഖലയിലെ (Informal Sector) 40 കോടിയോളം തൊഴിലാളികൾ കടുത്ത ദാരിദ്ര്യത്തിലേക്ക് പോവുന്നതിനുള്ള ഭീഷണി നിലനിൽക്കുന്നതായി യുഎൻ ഏജൻസിയായ അന്താരാഷ്ട്ര തൊഴിൽ സഭയുടെ (ഐഎൽഒ) റിപോർട്ടിൽ പറയുന്നു. 134 കോടിയോളമാണ് ഇന്ത്യയിലെ ആകെ ജനസംഖ്യ. ഇതിൽ മൂന്നിലൊന്നോളം ആളുകളെ കടുത്ത ദാരിദ്ര്യം ബാധിക്കുമെന്നാണ് യുഎന്നിന്റെ റിപോർട്ട് വ്യക്തമാക്കുന്നത്. Read More
തിരുവനന്തപുരം: കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുന്നതിന് 273 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ 300 കിടക്കകളോടു കൂടിയ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, ഒപി., ഐപി സേവനങ്ങളോട് കൂടിയ ആശുപത്രി പ്രവര്‍ത്തനക്ഷമമാക്കുന്നതിനാണ് തസ്തിക സൃഷ്ടിച്ചത്. ഈ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് പ്രതിവര്‍ഷം 14.61 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാസര്‍ഗോഡ് കോവിഡ് ആശുപത്രിയ്ക്കായി 50 ശതമാനം തസ്തികകളില്‍ ഉടന്‍ നിയമനം നടത്താനും ബാക്കിയുള്ളവ ആശുപത്രി ബ്ലോക്ക് സജ്ജമാക്കുന്ന മുറയ്ക്ക് നിയമനം നടത്താനുമുള്ള അനുമതിയാണ് നല്‍കിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. Read More
കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഒറ്റയടിക്ക് പിൻവലിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയതായി ബിജെപി നേതാവ് പിനകി മിശ്ര. പ്രതിപക്ഷ നേതാക്കളും മറ്റു പാർട്ടി നേതാക്കളും തമ്മിലുളള സംഭാഷണത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചതെന്ന് ബിജെപി നേതാവ് പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 5000 കടന്നതോടെ 21 ദിവസത്തെ ലോക്ക്ഡൗൺ നീട്ടണമെന്ന വിവിധ സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്രസർക്കാർ പരിഗണിക്കും. കേന്ദ്രസർക്കാരും ലോക്ക്ഡൗൺ നീട്ടുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. പക്ഷേ വിദഗ്ധരുമായുളള ചർച്ചകൾക്കും എല്ലാ വശങ്ങളും പരിഗണിച്ചശേഷവും പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ലോകം മുഴുവൻ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിലാണ് ഇപ്പോൾ. സർക്കാരും ആരോഗ്യപ്രവർത്തരും മുന്നോട്ട് വയ്ക്കുന്ന ജാഗ്രതാനിർദേശങ്ങൾ പാലിച്ചും ലോക്ഡൗണിനോട് സഹകരിച്ചും മുന്നോട്ടുപോവുകയാണ് ജനങ്ങൾ. കൊറോണ വൈറസ് പ്രതിരോധപ്രവർത്തനങ്ങൾക്കായി പ്രധാനമന്ത്രിയുടെയും സംസ്ഥാന മുഖ്യമന്ത്രിമാരുടെയും റിലീഫ് ഫണ്ടിലേക്ക് സംഭാവനകൾ നൽകാനായി സൂപ്പർതാരങ്ങളും രംഗത്തുവന്നുകൊണ്ടിരിക്കുകയാണ്.
ഏറ്റവും കൂടുതൽ കേസുകൾ മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 5000 കവിഞ്ഞു. മഹാരാഷ്ട്രിയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്, 1097. തമിഴ്നാട്ടിൽ 709 പേർക്കും ന്യൂഡൽഹിയിൽ 597 പേർക്കും രോഗം സ്ഥിരീകരിച്ചു.
ഏകദേശം മൂന്ന് മാസത്തിന് ശേഷം ചൈനയിലെ വുഹാനിൽ പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗൺ അവസാനിപ്പിച്ചു. ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിന്റെ ഉത്ഭവം ഇവിടെനിന്നായിരുന്നു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ മൂന്നു പുതിയ കേസുകൾ മാത്രമാണ് വുഹാനിൽ റിപ്പോർട്ട് ചെയ്തത്. ജനുവരി മുതൽ ചൈനയിൽ കോവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇതോടെയാണ് ലോക്ക്ഡൗൺ പിൻവലിക്കാൻ ഭരണകൂടം തീരുമാനിച്ചത്.
കൊറോണയുടെ പശ്ചാത്തലത്തിൽ രാജ്യം ലോക്ഡൗണിലേക്ക് പോയതോടെ ആഘോഷങ്ങളോ പാർട്ടികളോ ഒന്നുമില്ലാതെ വീടുകളിൽ തന്നെ അടച്ചിരിപ്പാണ് ആളുകൾ. തന്റെ ആരാധികയ്ക്കായി ആയുഷ്മാൻ ഖുറാന ചെയ്ത ഒരു സ്നേഹപ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ആയുഷ്മാന്റെ വലിയൊരു ആരാധികയായ മോണ ഷായുടെ 49-ാം ജന്മദിനമായിരുന്നു ഇന്നലെ. ലോക്ഡൗൺ കാരണം പുറത്തിറങ്ങാനോ ജന്മദിനം സുഹൃത്തുകൾക്കൊപ്പം ആഘോഷിക്കാനോ മോണയ്ക്ക് സാധിച്ചില്ലെങ്കിലും, തന്റെ പ്രിയപ്പെട്ട താരം നൽകിയ പിറന്നാൾ സമ്മാനത്തിന്റെ സന്തോഷത്തിലാണ് മോണ.
പാക്കിസ്ഥാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 577 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 4,005 ആയെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. പഞ്ചാബ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ, 2,004 പേർ.
ഇന്ത്യയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 4,463 ആയി. കോവിഡ് ബാധിച്ച് 149 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. 401 പേർ രോഗമുക്തി നേടി.
അമേരിക്കയിൽ മാത്രം കോവിഡ്-19 മൂലം മരിച്ചവരുടെ എണ്ണം 12000 കടന്നതായാണ് റിപ്പോർട്ടുകൾ. നാല് ലക്ഷത്തിനടുത്ത് ആളുകൾക്കാണ് അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചത്. ലോകത്താകെ 1.4 ദശലക്ഷം ആളുകളിലാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. അമേരിക്കയ്ക്ക് പുറമെ ഇറ്റലി, യുകെ, ഫ്രാൻസ്, സ്പെയിൻ, ബെൽജിയം എന്നീ രാജ്യങ്ങളാണ് കോവിഡ്-19 മൂലമുള്ള ഭീകരത ഏറ്റവുമധികം അറിഞ്ഞത്.
കൊറോണ വൈറസ് പിടിമുറുക്കിയിരിക്കുന്ന അമേരിക്കയിൽ രോഗ ബാധിതരുടെ എണ്ണവും മരിക്കുന്നവരുടെ എണ്ണവും ദിനംപ്രതി വർധിക്കുകയാണ്. ഇന്നലെ മാത്രം 1919 പേരാണ് അമേരിക്കയിൽ കൊറോണ വൈറസ് മൂലം മരിച്ചത്. ഇതിൽ നാല് മലയാളികളും ഉൾപ്പെടുന്നു. തൊടുപുഴ, കോഴഞ്ചേരി സ്വദേശികളാണ് മരിച്ചത്. ഇതോടെ കേരളത്തിന് പുറത്ത് മരിച്ചവരുടെ എണ്ണം 24 ആയി.
ലോകത്താകമാനം പടർന്നുപിടിച്ച കൊറോണ വൈറസ് ഇന്ത്യയിലും വ്യാപിക്കുകയാണ്. രാജ്യത്ത് ഏർപ്പെടുത്തിയ 21 ദിവസത്തെ ലോക്ക്ഡൗണാണ് രോഗം അൽപ്പമെങ്കിലും കൂടുതൽ ആളുകളിലേക്ക് പകരുന്നതിൽ നിന്ന് പിടിച്ചു നിർത്തിയത്. ഏപ്രിൽ 14ന് അവസാനിക്കുന്ന ലോക്ക്ഡൗണിന്റെ അവസാന ആഴ്ചയിലേക്ക് കടക്കുമ്പോൾ കൂടുതൽ ആളുകളിൽ കോവിഡ് പരിശോധന നടത്താനാണ് സർക്കാർ തീരുമാനം. ഈ പരിശോധന ഫലങ്ങളായിരിക്കും ലോക്ക്ഡൗൺ നീട്ടണോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്ക് സർക്കാരിനെ നയിക്കുക.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം ആയിരം കടന്നു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് മാത്രം ആയിരത്തിലേറെ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയിൽ ആകെ കേസുകളുടെ എണ്ണം 1,018 ആയി. സംസ്ഥാനത്ത് ഇന്നുമാത്രം 150 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 116 കേസുകളും മുംബെെയിലാണ്. ധാരാവി ചേരിയിൽ ഉൾപ്പെടെ അതീവ ജാഗ്രത തുടരുകയാണ്. കോവിഡ് സാമൂഹ്യവ്യാപനത്തിലേക്ക് കടന്നിട്ടുണ്ടോ എന്ന ആശങ്കയിലാണ് ആരോഗ്യവിദഗ്ധർ.
ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 508 പുതിയ കോവിഡ്-19 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4789 ആയി. 124 പേർ മരണപ്പെട്ടപ്പോൾ 353 പേർ രോഗം മാറി ജീവിതത്തിലേക്ക് മടങ്ങിയെത്തി.
കൊറോണ വൈറസ് ലോകത്താകമാനം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മറ്റൊരു വാർത്ത ദിനത്തിലേക്ക് കടക്കുകയാണ് നമ്മൾ. മഹാമാരി സംബന്ധിച്ച ഏറ്റവും പുതിയ വാർത്തകൾ കൃത്യതയോടെ അറിയാൻ ഇന്ത്യൻ എക്സപ്രസ് മലയാളത്തിന്റെ ഈ തത്സമയ വിവരണത്തോടൊപ്പം തുടരുക.