പ്രതിദിനം ഇന്ത്യയിൽ കോവിഡ്-19 സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും മരണസംഖ്യയിലും വർധനവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ആശ്വാസകരമായി സ്ഥിതിയാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ. ഇതുവരെ കോവിഡ് മൂലം മരിച്ച വ്യക്തികളിൽ 73 ശതമാനവും മറ്റ് രോഗാവസ്ഥകളാൽ പ്രയാസപ്പെട്ടിരുന്നവരാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ വ്യക്തമാക്കി.

ഇന്ത്യയിൽ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായതായി അദ്ദേഹം വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. ഇതുവരെ 95527 പേർക്കാണ് കോവിഡ് ചികിത്സയിലൂടെ രോഗം ഭേദമായത്. ആകെ രോഗികളുടെ 48.07 ശതമാനം വരും ഇത്. അതേസമയം 8171 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തോട് അടുത്തു. 1.98 ലക്ഷം ആളുകൾക്ക് രോഗം ബാധിച്ചതായാണ് കണക്ക്. മരണസംഖ്യ 5598 ആയും വർധിച്ചു. നിലവിൽ 97,581 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

Also Read: കോവിഡിന്റെ പശ്ചാത്തലത്തിൽ എന്ത് തോന്ന്യാസം നടത്താം; ചീഫ് സെക്രട്ടറിയുടെയും ഡിജിപിയുടെയും ഹെലികോപ്ടർ യാത്രയ്‌‍ക്കെതിരെ ചെന്നിത്തല

അതേസമയം സമൂഹ വ്യാപനം എന്ന പദം ഉപയോഗിക്കുന്നതിന് പകരം രോഗം പടരുന്നതിന്റെ വ്യാപ്തി മനസ്സിലാക്കേണ്ടത് പ്രധാനമാണ്, മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മൾ എവിടെയാണ് നിൽക്കുന്നതെന്നും ചിന്തിക്കണമെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിലെ ശാസ്ത്രജ്ഞ നിവേദിത ഗുപ്ത പറഞ്ഞു. ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഒരു വലിയ കുതിപ്പ് ഒരുപാട് ദൂരെയാണെന്നും അവർ കൂട്ടിച്ചേർത്തു.

ഡൽഹിയിൽ ആശങ്ക വർധിപ്പിച്ച് സ്വകാര്യ ആശുപത്രിയിൽ 46കാരിയായ നഴ്സ് കോവിഡ്-19 ബാധിച്ച് മരിച്ച് ഒരാഴ്ചയാകുമ്പോൾ കൂടുതൽ ആശുപത്രി ജീവനക്കാരുടെ പരിശോധന ഫലം പോസിറ്റീവ്. ആശുപത്രിയിലെ തന്നെ എട്ടോളം നഴ്സുമാർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. മേയ് 29 വരെയുള്ള കണക്കാണിത്. മേയ് 24നാണ് മലയാളി നഴ്സ് ഡൽഹിയിൽ മരിക്കുന്നത്. ഇവരോടൊപ്പം ജോലി ചെയ്ത എട്ട് പേർക്കാണ് ഇപ്പോൾ വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. ഇവരിൽ മൂന്ന് പേർ ഇതേ ആശുപത്രിയിൽ തന്നെ ചികിത്സയിലാണ്.

Also Read: കേരളത്തിൽ ഒരു കോവിഡ് മരണം കൂടി; ഇന്ന് രോഗം സ്ഥിരീകരിച്ചത് 86 പേർക്ക്

കേരളത്തിലും രോഗികളുടെ എണ്ണത്തിൽ വലിയ വർധവാണ് ഇന്ന് രേഖപ്പെടുത്തിയത്. പ്രതിദിന കണക്കിൽ ഏറ്റവും ഉയർന്ന തോത് രേഖപ്പെടുത്തിയ ഇന്ന് 86 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കോവിഡ് മൂലം ഒരാൾ ഇന്ന് മരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ 11 ആയി. ഗുരുതരമായ ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് മരണമടഞ്ഞ നാലാഞ്ചിറ സ്വദേശിയായ ഫാ. കെജി വര്‍ഗീസിന് (77) കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹം മരിച്ചത്. അദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന് വ്യക്തമായിട്ടില്ല. മലപ്പുറം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ ആളുകൾക്ക് രോഗം കണ്ടെത്തിയത്, 15 പേര്‍ക്ക്.

ലോക്ക്ഡൗണിനുശേഷം രാജ്യത്തിന്റെ വളർച്ച തിരിച്ചുപിടിക്കുമെന്നും അൺലോക്ക് ഫെയ്സ്-1 ന്റെ പാതയിലാണ് രാജ്യമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ പ്രതിസന്ധി ഘട്ടത്തിൽ 150 രാജ്യങ്ങൾക്ക് ഇന്ത്യ മെഡിക്കൽ സഹായം നൽകി. വിശ്വസ്തനായ പങ്കാളിയെ ലോകം തിരയുന്നു, ഇന്ത്യയ്ക്ക് അതിനുളള കഴിവും ശക്തിയുമുണ്ട്. ലോകരാജ്യങ്ങൾക്ക് ഇപ്പോൾ ഇന്ത്യയിൽ വിശ്വാസമുണ്ടെന്നും മോദി പറഞ്ഞു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ത്യയിൽ നിർമ്മിച്ച’ എന്നാൽ ‘ലോകത്തിനായി നിർമ്മിച്ച’ ഉൽപ്പന്നങ്ങൾ ഇന്ത്യ ഇപ്പോൾ നിർമ്മിക്കേണ്ടതുണ്ട്. സ്വയം പര്യാപ്തമാകലാണ് രാജ്യത്തിന്റെ ലക്ഷ്യം. കൊറോണ വൈറസിനെതിരായ പോരാട്ടത്തിനൊപ്പം സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനാണ് മുൻഗണന നൽകുന്നതെന്നും മോദി അഭിപ്രായപ്പെട്ടു. കൊറോണ വൈറസിനെ തുടർന്ന് രാജ്യത്തിന്റെ വളർച്ച മന്ദഗതിയിലായിട്ടുണ്ട്. ഇന്ത്യ ഇപ്പോൾ ലോക്ക്ഡൗണിൽനിന്നും പതിയെ പുറത്തുവരികയാണ്. അതിന്റെ ഒന്നാം ഘട്ടത്തിലേക്ക് കടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook