ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്-19 ബാധിതരുടെ എണ്ണം 60,000 ത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,320 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 95 പേരാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 1,981 ആയി. മഹാരാഷ്ട്രയിലാണ് രോഗബാധിതർ ഏറ്റവും കൂടുതലുളളത്. 19,063 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 731 ആയി.

രാജ്യത്ത് ലോക്ക്ഡൗൺ തുടരുമ്പോഴും കോവിഡ് ബാധിതരുടെ എണ്ണവും മരണവും കൂടുന്നത് ആശങ്കപ്പെടുത്തുന്നതാണ്. അതേസമയം, ഏറ്റവും മോശമായ സാഹചര്യത്തെയും നേരിടുന്നതിനുളള തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ പറഞ്ഞു. പല വികസിത രാജ്യങ്ങളിൽ ഉണ്ടായതുപോലുളള അതിഗുരുതര സാഹചര്യം ഇന്ത്യയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഇന്ത്യയിൽ മരണ നിരക്ക് 3.3 ശതമാനമാണ്. രോഗമുക്തി നേടുന്നവരുടെ നിരക്ക് 29.9 ശതമാനമായി ഉയർന്നിട്ടുണ്ട്. ഇത് നല്ല സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് രോഗികളെ ഡിസ്ചാർജ് ചെയ്യുന്നത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ കേന്ദ്ര മാർഗ നിർദേശം പുറത്തിറക്കിയിട്ടുണ്ട്. ഗുരുതര രോഗലക്ഷണങ്ങളുളളവർക്ക് കോവിഡ് പരിശോധന നടത്തിയാൽ മതി. എച്ച്ഐവി ബാധിച്ചവർ, അവയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവർ തുടങ്ങി ഗുരുതരാവസ്ഥയിലുളളവർക്ക് ടെസ്റ്റ് നടത്തണമെന്ന് മാർഗ നിർദേശത്തിൽ പറയുന്നു.

Read Also: കോവിഡ് ടെസ്റ്റ് ഗുരുതരാവസ്ഥയിലുളള രോഗികൾക്ക് മാത്രം; പുതിയ കേന്ദ്ര മാർഗ നിർദേശം

രോഗം ഭേദമായി ഇവരെ ഡിസ്ചാർജ് ചെയ്യുന്നതിനു മുൻപായി പരിശോധനം നടത്തണം. ഒറ്റതവണ പരിശോധന നടത്തിയാൽ മതി. നിലവിൽ രണ്ടു തവണയാണ് പരിശോധന നടത്തുന്നത്. രണ്ടിന്റെയും ഫലം നെഗറ്റീവാണെങ്കിൽ മാത്രമാണ് ഇവരെ നിലവിൽ ഡിസ്ചാർജ് ചെയ്യുന്നത്. ഈ മാർഗ നിർദേശത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇപ്പോൾ മാറ്റം വരുത്തിയത്.

അതുപോലെ, ചെറിയ രോഗലക്ഷണങ്ങൾ മാത്രമുളളവരുടെ പരിശോധന ഫലം നെഗറ്റീവ് ആകുന്നതിനു മുൻപേ ഡിസ്ചാർജ് ചെയ്യാം. മൂന്നു ദിവസം പനി ഇല്ലാത്തവരെ ടെസ്റ്റ് നടത്താതെ ഡിസ്ചാർഡ് ചെയ്യാം. ഡിസ്ചാർജ് ആകുന്നവർ വീട്ടിൽ 7 ദിവസം സമ്പർക്ക വിലക്കിൽ കഴിയണമെന്നും മാർഗ നിർദേശത്തിലുണ്ട്.

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷം കടന്നിട്ടുണ്ട്. 2,75,160 പേരാണ് രോഗം ബാധിച്ച് മരിച്ചത്. യുഎസ്സിലാണ് ഏറ്റവും കൂടുതൽ മരണം, 77,180. യുകെയിൽ 31,316 പേരും ഇറ്റലിയിൽ 30,201 പേരും മരിച്ചു. ബ്രസീലിൽ മരണസംഖ്യ 10,000 കടന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook