ബെയ്ജിങ്: ചൈനയിൽ ശനിയാഴ്ച 100 ഓളം പേർക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കോവിഡ് ഭീഷണിയിൽ നിന്ന് പുറത്തുകടന്നുകൊണ്ടിരിക്കുന്ന രാജ്യമാണ് ചൈന. 99 പേർക്കാണ് രാജ്യത്ത് ശനിയാഴ്ച രോഗ ബാധ സ്ഥിരീകരിച്ചതെന്ന് ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷൻ വ്യക്തമാക്കുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടയിൽ ഇതാദ്യമായാണ് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇത്രയും ഉയരുന്നത്.

വിദേശ രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തിയവരിലാണ് ചൈനയിൽ ഇപ്പോൾ രോഗബാധ കൂടുതലായി കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 99 ൽ 97പേരും വിദേശത്തുനിന്ന് മടങ്ങിയവരാണ്.

Also Read: കോവിഡ്-19: ഭേദമായാലും വീണ്ടും ബാധിക്കുമോ, ദക്ഷിണ കൊറിയയിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നതെന്ത്

വിദേശത്തു നിന്ന് അടുത്തിടെ നാട്ടിലെത്തിയവരോ, അവരുമായി അടുത്തിടപഴകിയവരോ ആയ 1,280 പേർക്ക് ചൈനയിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 481 പേർ രോഗമുക്തരായി, 799 പേർ ചികിത്സയിലാണ്. ഇതിൽ 36 പേരുടെ ആരോഗ്യസ്ഥിതി ഗുരുതരമാണ്. ആകെ 82,052 പേർക്കാണ് ചൈനയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 77,989 പേർ രോഗവിമുക്തരായി.

2019 ഡിസംബറിൽ ചൈനയിലെ വുഹാൻ നഗരത്തിലാണ് ലോകത്താദ്യമായി കോവിഡ് രോഗബാധ കണ്ടെത്തിയത്. വുഹാൻ ഉൾപ്പെടുന്ന ഹുബെയ് പ്രവിശ്യയിൽ 3219 പേർ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. നഗരത്തിൽ മൂന്നുമാസത്തോളമായി തുടർന്ന ലോക്ക്ഡൗൺ അടുത്തിടെ അവസാനിപ്പിച്ചിരുന്നു. കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ നിലവിൽ ആറാമതാണ് ചൈന.

റഷ്യയിൽ 24 മണിക്കൂറിനിടെ 2813 കോവിഡ് കേസുകൾ

റഷ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2813 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഒരു ദിവസത്തിനിടെയുണ്ടാവുന്ന ഏറ്റവും ഉയർന്ന വർധനവാണിത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15,770 ആയി വർധിച്ചു.

Also Read:കോവിഡ്-19: ലോക്ക്ഡൗണും സാമൂഹിക അകലവും കർശനമായി പാലിക്കുക, വുഹാൻ നഗരത്തിലെ ഒരു മലയാളിക്ക് പറയാനുള്ളത്

യുഎസിലാണ് ഏറ്റവും കൂടുതൽ രോഗികൾ. 5.3 ലക്ഷത്തിലധികം കോവിഡ് ബാധിതർ യുഎസിലുണ്ട്. സ്പെയിനിൽ 166,019 പേർക്കും, ഇറ്റലിയിൽ 152, 271 പേർക്കും രോഗം കണ്ടെത്തി. ഫ്രാൻസിൽ 130,730 പേർക്കും ജർമനിയിൽ 125, 452 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. 1,793, 224 പേർക്കാണ് ഇതുവരെ ലോകത്താകെ കോവിഡ് സ്ഥിരീകരിച്ചത്. 110,052 പേർ മരണപ്പെട്ടു. 412, 534 പേർ രോഗമുക്തരായി.

യുഎസിലാണ് ഏറ്റവും കൂടുതൽ മരണം.കോവിഡ് ബാധിച്ച് 20,000ൽ കൂടുതൽ ആളുകൾ യുഎസിൽ മരിച്ചതായാണ് കണക്കുകൾ. ഇറ്റലിയിൽ19,468 പേർ കോവിഡ് ബാധിച്ച് മരിച്ചു. 16,972 പേർ സ്പെയിനിലും, 13,832 പേർ ഫ്രാൻസിലും കോവിഡ് ബാധിച്ച് മരിച്ചു.

ബ്രിട്ടണിൽ മരണം 10,000 കടന്നു; ബോറിസ് ജോൺസൺ ആശുപത്രി വിട്ടു

ബ്രിട്ടണിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10,000 കടന്നു. 657 കോവിഡ് ബാധിതരാണ് ഇന്ന് മരിച്ചത്. 79885 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആശുപത്രി വിട്ടു. ലണ്ടനിലെ സെയ്ന്റ് തോമസ് ആശുപത്രിയിലായിരുന്നു ബോറിസ് ജോൺസനെ പ്രവേശിപ്പിച്ചിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook