മുംബൈ: ഓഹരി വിപണികളിലുണ്ടായ കനത്ത ഇടിവിനെ തുടർന്ന് ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ ആസ്തിയിൽ കുറവുണ്ടായതായി റിപ്പോർട്ട്. രണ്ടു മാസത്തിനിടെ 28 ശതമാനം അഥവാ 300 മില്യൺ യുഎസ് ഡോളർ കുറഞ്ഞ് മാർച്ച് 31 വരെ 48 ബില്യൺ ഡോളറായെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ വരുമാനത്തിൽ 19 ബില്യൻ യുഎസ് ഡോളറിന്റെ കുറവാണുണ്ടായത്. ആഗോളതലത്തിലെ സമ്പന്നരുടെ പട്ടികയിൽ എട്ടാം സ്ഥാനത്തുനിന്നും 17-ാം സ്ഥാനത്തേക്ക് അംബാനി എത്തിയതായി ഗ്ലോബൽ റിച്ച് ലിസ്റ്റ് പറയുന്നു.
അംബാനിക്കു പുറമേ ഗൗതം അദാനി (6 ബില്യൻ യുഎസ് ഡോളർ അതായത് 37 ശതമാനം കുറവ്), എച്ച്സിഎൽ ടെക്നോളജീസ് ശിവ് നാടാർ (5 ബില്യൻ യുഎസ് ഡോളർ അതായത് 26 ശതമാനം കുറവ്), ഉദയ് കൊട്ടക് (4 ബില്യൻ യുഎസ് ഡോളർ അതായത് 28 ശതമാനം) എന്നീ ഇന്ത്യൻ ബിസിനസുകാരുടെ വരുമാനത്തിലും കുറവുണ്ടായതായി പറയുന്നു. സമ്പന്നരായ 100 പേരുടെ പട്ടികയിൽനിന്നും ഇവർ മൂന്നുപേരും പുറത്തായെന്നും അംബാനി മാത്രമാണ് പട്ടകയിൽ ഇടം നിലനിർത്തിയ ഒരേയൊരു ഇന്ത്യക്കാരനെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 100 പേരുടെ പട്ടികയിൽനിന്നും മൂന്നു ഇന്ത്യക്കാർ പുറത്തായപ്പോൾ ചൈനയിൽനിന്നും ആറു സമ്പന്നർ ഇടം നേടിയെന്നും റിപ്പോർട്ടിലുണ്ട്.
”കോവിഡ്-19 നെ തുടർന്ന് കഴിഞ്ഞ രണ്ടു മാസത്തിനിടെ 25 ശതമാനത്തിന്റെ ഇടിവാണ് ഇന്ത്യൻ വിപണിയിൽ രേഖപ്പെടുത്തിയത്. ഓഹരി വിപണിയിലെ ഇടിവ് കാരണം ഇന്ത്യയിലെ പ്രമുഖ വ്യവസായ സംരംഭകർക്ക് 26 ശതമാനം കുറവാണുണ്ടായത്. ഡോളറിനെതിരെയുളള ഇന്ത്യയുടെ മൂല്യത്തിലുണ്ടായ ഇടിവ് കാരണം 5.2 ശതമാനം നഷ്ടമുണ്ടായി. മുകേഷ് അംബാനിയുടെ ആസ്തിയിൽ 28 ശതമാനത്തിന്റെ കുറവുണ്ടായി,” ഹുരുൺ റിപ്പോർട്ട് ഇന്ത്യ മാനേജിങ് ഡയറക്ടർ അനസ് റഹ്മാൻ പറഞ്ഞു.
Read Also: ലോക്ക്ഡൗൺ: 42 ശതമാനം തൊഴിലാളികൾക്ക് ഒരു ദിവസത്തേക്കുളള റേഷൻ പോലുമില്ലെന്ന് സർവേ
ആഗോള തലത്തിൽ ആസ്തിയിൽ രണ്ടാമതായി വലിയ കുറവുണ്ടായത് അംബാനിക്കാണ്. മറ്റൊരാൾ ഫ്രഞ്ച് ഫാഷൻ താരമായ എൽവിഎംഎച്ചിന്റെ ചീഫ് എക്സിക്യുട്ടീവ് ബർണാർഡ് അർനോൾട്ടാണ്. ഇദ്ദേഹത്തിന്റെ ആസ്തി 77 ബില്യൻ യുഎസ് ഡോളറിൽനിന്നും 30 ബില്യൻ യുഎസ് ഡോളറായി കുറഞ്ഞു, അതായത് 28 ശതമാനത്തിന്റെ ഇടിവുണ്ടായി.
കഴിഞ്ഞ രണ്ടു മാസത്തിനിടെ ബർക്‌ഷെയർ ഹാത്‌വേയുടെ വാറൻ ബഫറ്റിന്റെ ആസ്തിയിൽ 19 ബില്യൻ യുഎസ് ഡോളറിന്റെ കുറവുണ്ടായി. 19 ശതമാനത്തിന്റെ കുറവാണ് അദ്ദേഹത്തിനുണ്ടായതെന്ന് റിപ്പോർട്ട് പറയുന്നു. കാർലോസ് സ്ലിമ്മും കുടുംബവും, ബിൽ ഗേറ്റ്സ്, മാർക് സുക്കർബർഗ്, ലാറി പേജ്, സെർജി ബ്രിൻ, മൈക്കിൾ ബ്ലൂംബർഗ് എന്നിവരാണ് ആസ്തിയിൽ കുറവുണ്ടായ 10 പേരടങ്ങിയ പട്ടികയിലെ മറ്റളളവരെന്നും റിപ്പോർട്ട് പറയുന്നു.
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിൽ 131 ബില്യൻ യുഎസ് ഡോളറുമായി ഒന്നാം സ്ഥാനത്ത് ആമസോണിന്റെ ജെഫ് ബെസൂസ് തുടരുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ ആസ്തിയിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ 9 ശതമാനത്തിന്റെ കുറവ് മാത്രമാണുണ്ടായത്. തൊട്ടുപിന്നിൽ 91 ബില്യൻ യുഎസ് ഡോളറുമായി ബിൽ ഗേറ്റ്സുണ്ട്. ബഫറ്റ്, അർനോൾട്ട് എന്നിവരാണ് ബിൽ ഗേറ്റ്സിനു പിന്നിൽ.
Read in English: Coronavirus impact: Mukesh Ambani’s net worth drops 28% to $48 billion in two months