ന്യൂഡൽഹി: ചൈനയിലെ രണ്ടു കമ്പനികളിൽനിന്നു വാങ്ങിയ റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ തിരികെ നൽകാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ആവശ്യപ്പെട്ടു. പരിശോധന ഫലത്തിൽ രണ്ടു കമ്പനികളുടെയും ടെസ്റ്റ് കിറ്റുകൾ വലിയ വ്യത്യാസം കാണിക്കുന്നുവെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് നടപടി.

റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ നിലവാരത്തിൽ ചില സംസ്ഥാനങ്ങൾ സംശയം പ്രകടിപ്പിച്ചതായി സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് ഐസിഎംആർ അയച്ച കത്തിൽ പറയുന്നു. ഗുവാൻഷ്യൂ വോണ്ട്ഫോ ബയോടെക്, ഷുഹായ് ലിവ്സൺ ഡയഗ്നോസ്റ്റിക്സ് എന്നീ കമ്പനികളിൽ നിന്ന് വാങ്ങിയ റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ പരിശോധന ഫലത്തിൽ വലിയ വ്യത്യാസം കാണിക്കുന്നുണ്ട്. അതിനാൽ ഈ രണ്ടു കമ്പനികളുടെയും ടെസ്റ്റ് കിറ്റുകൾ ഉപയോഗിക്കുന്നത് സംസ്ഥാനങ്ങൾ നിർത്തണം. അവ എത്രയും വേഗം തിരികെ ഏൽപ്പിക്കണം. കമ്പനികൾക്ക് ടെസ്റ്റ് കിറ്റുകൾ അയച്ചുകൊടുക്കുമെന്നും കത്തിൽ പറയുന്നുണ്ട്.

Read Also: Covid-19 Live Updates: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു, മരണസംഖ്യ 900 കടന്നു

നിരീക്ഷണ ആവശ്യങ്ങൾക്കാണ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ചിരുന്നത്. രോഗനിർണയത്തിന് ഇവ ഉപയോഗിച്ചിരുന്നില്ല. ടെസ്റ്റ് കിറ്റുകളുടെ വിലയെ ചൊല്ലിയുണ്ടായ ചോദ്യങ്ങൾക്കും ഐസിഎംആർ വിശദീകരണം നൽകിയിട്ടുണ്ട്. ഇതുവരെ പണമിടപാട് നടത്തിയിട്ടില്ലെന്നും നിലവാരമില്ലാത്ത കിറ്റുകൾക്കായി ഒരു രൂപ പോലും ഇന്ത്യൻ സർക്കാർ വെറുതെ പാഴാക്കില്ലെന്നും ഐസിഎംആർ വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ വരെ 6,65,819 സാംപിളുകൾ പരിശോധിച്ചതായും ഐസിഎംആർ അറിയിച്ചിട്ടുണ്ട്.

അതിനിടെ, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് 60 പേരാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ ആകെ എണ്ണം 880 ആയി. ഇന്നലെ മാത്രം 1,463 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ എണ്ണം 28,380 ആയി ഉയർന്നു. ഇതിൽ 6,361 പേർ രോഗമുക്തി നേടി.

അതേസമയം, നേരത്തെ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത 16 ജില്ലകളിൽ കഴിഞ്ഞ 28 ദിവസത്തിനിടെ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ 14 ദിവസത്തിനിടെ 85 ജില്ലകളിൽ പുതിയ കോവിഡ് കേസുകൾ ഉണ്ടായിട്ടില്ല.

Read in English: Coronavirus breakdown: ICMR tells states to return rapid test kits

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook