ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്-19 പരിശോധന കുറവാണെന്ന് പറയാനാവില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). 24 പേരെ പരിശോധിക്കുമ്പോഴാണ് രാജ്യത്ത് ഒരാൾക്ക് കോവിഡ് പോസിറ്റീവ് ഫലം ലഭിക്കുന്നതെന്ന് ഐസിഎംആർ പകർച്ച വ്യാധി വിഭാഗം തലവൻ ഡോക്ടർ എംഎം ഗംഗഖേദർ പറഞ്ഞു. “ജപ്പാനിൽ 11.7 പേരെ പരിശോധിക്കുമ്പോഴാണ് ഒരാൾക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇറ്റലിയിൽ ഇത് 6.7 ആണ്, യുഎസിൽ ഇത് 5.3ും യുകെയിൽ 3.4ും ആണ്. ഇവിടെ നമുക്ക് ഒരു പോസിറ്റീവ് ഫലം ലഭിക്കുന്നത് 24 പേരെ പരിശോധിക്കുമ്പോഴാണ്. ഇവിടെ പരിശോധന കുറവാണെന്ന് പറയാനാവില്ല.”-ഗംഗഖേദർ പറഞ്ഞു.
റാപിഡ് ടെസ്റ്റിങ് കിറ്റുകൾ രോഗ ബാധ കണ്ടെത്താനല്ല നിരീക്ഷണത്തിനാണ് ഉപയോഗിക്കുകയെന്നും ഐസിഎംആർ പ്രതികരിച്ചു. ഹോട്ട്സ്പോട്ടുകളിലാണ് റാപിഡ് ടെസ്റ്റിങ് കിറ്റുകൾ പ്രധാനമായും ഈ ആവശ്യത്തിനുപയോഗിക്കുകയെന്നും കൗൺസിൽ വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ കോവിഡ് ബാധ സംശയിക്കുന്ന 2,86, 714 പേരിൽ നിന്നായി 3,02,956 സാംപിളുകൾ പരിശോധിച്ചതായും ഐസിഎംആർ അറിയിച്ചു.
Also Read: കൊറോണയ്ക്ക് പിന്നിൽ വവ്വാലും ഈനാംപേച്ചിയും; സംഭവിക്കുന്നത് 1000 വർഷത്തിൽ ഒരിക്കൽ
അതേസമയം രാജ്യത്ത് കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർക്കായി റെയിൽവേ 10,500 ഐസൊലേഷൻ കിടക്കകൾ ലഭ്യമാക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ 325 ജില്ലകളിൽ ആർക്കും കോവിഡ് ബാധയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ 170 ജില്ലകളെ കോവിഡ് ഹോട്ട് സ്പോട്ടുകൾ അഥവാ ചുവന്ന മേഖലകളാക്കി കേന്ദ്രസർക്കാർ തരം തിരിച്ചിരുന്നു. 207 ജില്ലകളെ ഹോട്ട്സ്പോട്ടുകളാവാൻ സാധ്യതയുള്ള ജില്ലകളായും കണ്ടെത്തിയിരുന്നു.
രാജ്യത്ത് ഇതുവരെ 12,759 പേർക്കാണ് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 10,824 പേർ ഇപ്പോൾ ചികിത്സയിലാണ്. 1514 പേർക്ക് രോഗം ഭേദമായി. 420 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയിൽ മാത്രം 3202 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 194 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ഡൽഹിയിൽ 1640 പേർക്കാണ് കോവിഡ് രോഗബാധ കണ്ടെത്തിയത്. വ്യാഴാഴ്ച 62 പുതിയ കേസുകൾ സ്ഥിരീകരിച്ചു. 38 പേരാണ് നഗരത്തിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
രോഗബാധിതരുടെ എണ്ണത്തിൽ തമിഴ് നാടാണ് മൂന്നാമത്.1267പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ച മാത്രം 25 പേർക്ക് രോഗം സ്ഥിരീകരിച്ചു. 15 പേർ സംസ്ഥാനത്ത് ഇതുവരെ മരണപ്പെട്ടു. 180 പേർ രോഗവിമുക്തരായി. മദ്ധ്യപ്രദേശിൽ വ്യാഴാഴ്ച 182 പേർക്കുകൂടി കോവിഡ് കണ്ടെത്തി. ഇതോടെ രോഗബാധിതരുടെ എണ്ണം 1120 ആയി ഉയർന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ച ദിവസമാണിത്. 53 പേരാണ് മദ്ധ്യപ്രദേശിൽ കോവിഡ് ബാധിച്ച് മരിച്ചത്. 70 പേർ രോഗവിമുക്തരായി. രാജസ്ഥാനിൽ ഇതുവരെ 1104 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 11 പേർ മരിച്ചു. ഗുജറാത്തിൽ 929 പേർക്കാണ് ആകെ കോവിഡ് സ്ഥിരീകരിച്ചത്, 36 പേർ മരണപ്പെട്ടു. യുപിയിൽ 773 പേർക്കും, തെലങ്കാനയിൽ 700 പേർക്കും, ആന്ധ്രാ പ്രദേശിൽ 534 പേർക്കും ഇതുവരെ കോവിഡ് കണ്ടെത്തി.
കേരളത്തിൽ വ്യാഴാഴ്ച പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 27 പേർക്ക് രോഗം ഭേദമാവുകയും ചെയ്തു. കണ്ണൂർ ജില്ലയിൽ നാല് പേർക്കും കോഴിക്കോട് രണ്ട് പേർക്കും കാസർഗോഡ് ജില്ലയിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേർ വിദേശത്ത് നിന്നെത്തിയവരാണ്, രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്.
Also Read: കോവിഡ് -19: സംസ്ഥാനത്തെ ജില്ലകളെ നാലു മേഖലകളാക്കും; മേഖലകൾ ഏതെല്ലാം? നിയന്ത്രണങ്ങൾ എന്തെല്ലാം?
ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം 21 ലക്ഷം കടന്നു. 185 രാജ്യങ്ങളിലായി 21,13,226 പേർക്ക് രോഗം സ്ഥിരീകരിച്ചതായി ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കോവിഡ് ട്രാക്കറിൽനിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. യുഎസിലാണ് രോഗബാധിതർ കൂടുതൽ. 648, 788 പേർക്ക് യുഎസിൽ കോവിഡ് സ്ഥിരീകരിച്ചു. സ്പെയിനിൽ 182,816 പേർക്കും, ഇറ്റലിയിൽ 168,961 പേർക്കും, ജർമനിയിൽ 135,663 പേർക്കുമാണ് കോവിഡ് ബാധ കണ്ടെത്തിയത്. ഫ്രാൻസിൽ 134, 598 പേർക്കും ബ്രിട്ടനിൽ 194, 135 പേർക്കും രോഗം ബാധിച്ചു.
ലോകത്ത് ആകെ 140, 371 പേർ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. യുഎസിൽ മാത്രം 33,460 പേരാണ് മരിച്ചത്. ഇറ്റലിയിൽ 22,170 പേരും, സ്പെയിനിൽ 19,130 പേരും, ഫ്രാൻസിൽ 17, 167 പേരും, ബ്രിട്ടനിൽ 13,729 പേരും കോവിഡ് ബാധിച്ച് മരിച്ചു. 537,475 പേർ ഇതുവരെ രോഗവിമുക്തരായി. ഇതിൽ 78, 401 പേർ ആദ്യമായി കോവിഡ് രോഗബാധ കണ്ടെത്തിയ ചെെനയിലാണ്. ജർമനിയിൽ 77,000 പേരും, സ്പെയിനിൽ 74, 797 പേരും യുഎസിൽ 53, 229 പേരും ഇറാനിൽ 52,229 പേരും രോഗ വിമുക്തരായി.