അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് സിവിൽ ഹോസ്പിറ്റലിൽ കോവിഡ് -19 രോഗികളെ വ്യത്യസ്ത വാർഡുകളിൽ പ്രവേശിപ്പിച്ചിരിക്കുന്നത് മതം അടിസ്ഥാനമാക്കിയെന്ന് വെളിപ്പെടുത്തൽ. സർക്കാർ നിർദേശമനുസരിച്ചാണ് ഒരു വാർഡ് ഹിന്ദുക്കൾക്കും മറ്റൊരു വാർഡ് മുസ്‌ലിമുകൾക്കുമായി ക്രമപ്പെടുത്തിയതെന്ന് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോ.ഗുൺവന്ത് എച്ച്.റാത്തോഡ് പറഞ്ഞു. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് അറിയില്ലെന്നാണ് ഗുജറാത്ത് ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായ നിതിൻ പട്ടേലിന്റെ പ്രതികരണം.

Also Read: ഗുജറാത്തിൽ എംഎൽഎയ്‌ക്ക് കോവിഡ്; മുഖ്യമന്ത്രിയുമായി സമ്പർക്കം പുലർത്തി

1200 ത്തോളം രോഗികളെ കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള ആശുപത്രിയിൽ കോവിഡ് ബാധിതരെയും നിരീക്ഷണത്തിൽ കഴിയുന്നവരെയും പ്രവേശിപ്പിച്ചിട്ടുണ്ട്. സാധാരണ ഗതിയിൽ സ്ത്രീകൾക്കും പുരുഷൻമാർക്കുമാണ് വെവ്വേറെ വാർഡുകളുണ്ടാവുകയെന്നും എന്നാൽ ഇവിടെ അത് ഹിന്ദുക്കളും മുസ്‌ലിമുകളുമായ രോഗികൾ എന്ന രീതിയിലാണ് ക്രമപ്പെടുത്തിയതെന്നും ഡോ.റാത്തോഡ് പറയുന്നു. എന്തുകൊണ്ടാണ് ഇത്തരമൊരു വേർതിരിവെന്ന് ചോദിച്ചപ്പോൾ അത് സർക്കാർ തീരുമാനമാണെന്നും അത് അവരോട് ചോദിക്കണമെന്നും റാത്തോഡ് പ്രതികരിച്ചു.

കോവിഡ് ബാധിതരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനുള്ള ചട്ടം അനുസരിച്ച് രോഗം സ്ഥിരീകരിച്ചവരെയും പരിശോധനാ ഫലം കാത്തിരിക്കുന്നവരെയും വേർതിരിച്ചാണ് വാർഡുകളിലേക്ക് മാറ്റേണ്ടത്. അഹമ്മദാബാദ് ആശുപത്രിയിൽ കോവിഡുമായി ബന്ധപ്പെട്ട് പ്രവേശിപ്പിച്ച 186 പേരിൽ 150ഓളം പേരും കോവിഡ് പോസിറ്റീവ് ഫലം ലഭിച്ചവരാണ്. പോസിറ്റീവ് ഫലം ലഭിച്ച 150 പേരിൽ ചുരുങ്ങിയത് 40 പേർ മുസ്‌ലിമുകളാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

അതേസമയം, ഇത്തരമൊരു അവസ്ഥയെക്കുറിച്ച് അറിയില്ലെന്ന് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പ്രതികരിച്ചു. സാധാരണ ഗതിയിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും എന്ന തരത്തിലാണ് വാർഡുകൾ ക്രമീകരിക്കുകയെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്നും പട്ടേൽ പറഞ്ഞു,

അഹമ്മദാബാദ് കലക്ടർ കെ.കെ.നിരാലയും ഈ വിഷയത്തെക്കുറിച്ച് അറിയില്ലെന്ന് പ്രതികരിച്ചു. തങ്ങളുടെ പക്കൽ നിന്ന് അത്തരത്തിലുള്ള നിർദേശങ്ങളൊന്നും നൽകിയിട്ടില്ലെന്നും അത്തരമൊരു സർക്കാർ നിർദേശത്തെക്കുറിച്ച് ധാരണയില്ലെന്നും കലക്ടർ പറഞ്ഞു.

Also Read: കോവിഡ്-19 സെപ്റ്റംബര്‍ വരെ തുടരും; ലോക്ക്ഡൗണ്‍ നീട്ടാനാകില്ല: അമരീന്ദര്‍ സിങ്‌

ഞായറാഴ്ച രാത്രി തങ്ങളെ ആദ്യം പ്രവേശിപ്പിച്ചിരുന്ന വാർഡുകളിൽ നിന്ന് മാറ്റിയിരുന്നെന്നും ഇരു സമുദായങ്ങളെയും അസ്വസ്ഥരാക്കാതിരിക്കാനുള്ള നടപടിയാണെന്നാണ് അക്കാര്യത്തിൽ വിശദീകരണം ലഭിച്ചതെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളിലൊരാൾ പറഞ്ഞു.

“ഞായറാഴ്ച രാത്രി ആദ്യത്തെ വാർഡിൽ (നാല്-എ) പ്രവേശിപ്പിച്ചിരുന്ന 28 പുരുഷൻമാരുടെ പേര് വിളിക്കുകയും പിന്നീട് മറ്റൊരു വാർഡിലേക്ക് (സി-നാല്) മാറ്റുകയും ചെയ്തു. എന്തുകൊണ്ടാണ് മാറ്റുന്നതെന്ന് ഞങ്ങളോട് പറഞ്ഞില്ല. പുതിയ വാർഡിലേക്ക് മാറ്റിയ എല്ലാവരും ഒരേ സമുദായത്തിൽ പെട്ടവരായിരുന്നു. എന്തുകൊണ്ടാണ് മാറ്റിയതെന്ന് ഒരു ആശുപത്രി ജീവനക്കാരനോട് ചോദിച്ചപ്പോൾ രണ്ടു സമുദായങ്ങൾക്കും പ്രശ്നമൊന്നും ഉണ്ടാവാതിരിക്കാനാണെന്നായിരുന്നു മറുപടി ലഭിച്ചത്”- കോവിഡ് വാർഡിൽ കഴിയുന്ന രോഗി പറഞ്ഞു.

മാർച്ച് അവസാന വാരത്തിലാണ് സിവിൽ ഹോസ്പിറ്റലിന്റെ പുതിയ ബ്ലോക്ക് അഹമ്മദാബാദ്- ഗാന്ധിനഗർ മേഖലയിലെ കോവിഡ്-19 ചികിത്സാ കേന്ദ്രമായി പ്രഖ്യാപിച്ചത്.

Read More: Hospital in Ahmedabad splits COVID wards on faith, says govt decision

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook