scorecardresearch
Latest News

ഗുജറാത്തിൽ എംഎൽഎയ്‌ക്ക് കോവിഡ്; മുഖ്യമന്ത്രിയുമായി സമ്പർക്കം പുലർത്തി

ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് റൂപാണിയുമായി കോവിഡ് ബാധിതനായ എംഎൽഎ സമ്പർക്കം പുലർത്തിയിട്ടുണ്ട്

ഗുജറാത്തിൽ എംഎൽഎയ്‌ക്ക് കോവിഡ്; മുഖ്യമന്ത്രിയുമായി സമ്പർക്കം പുലർത്തി

അഹമ്മദാബാദ്: ഗുജറാത്തിലെ ഒരു എംഎൽഎയ്‌ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അഹമ്മദാബാദിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ഇമ്രാൻ ഖെഡവാലക്കിനാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെയാണ് എംഎൽഎയുടെ പരിശോധനാഫലം ലഭിച്ചത്. എംഎൽഎയ്‌ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഗുജറാത്ത് സെക്രട്ടറിയേറ്റ് വലിയ ആശങ്കയിലായി.

കോവിഡ് ബാധിതനായ എംഎൽഎ മറ്റു എംഎൽഎമാരുമായും മന്ത്രിമാരുമായും സമ്പർക്കം പുലർത്തിയിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാണിയുമായി ഈ എംഎൽഎ സമ്പർക്കം പുലർത്തിയിട്ടുണ്ട്. അഹമ്മദാബാദിലെ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് ഇദ്ദേഹവും പങ്കെടുത്തത്. പരിശോധനഫലം ലഭിക്കുന്നതിനു മുൻപാണ് യോഗം നടന്നത്.

Read Also: കോവിഡ്-19: കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 3,000 ത്തിലേറെ പോസിറ്റീവ് കേസുകൾ

ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, സംസ്ഥാന മന്ത്രി പ്രദീപ്‌സിൻ ജഡേജ എന്നിവരുമായും എംഎൽഎ ഇടപഴകിയിട്ടുണ്ട്. മറ്റ് എംഎൽഎമാർക്കിടയിൽ ഇത് ആശങ്ക പരത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന യോഗത്തിലാണ് കോൺഗ്രസ് എംഎൽഎ പങ്കെടുത്തത്.

പ്രതിരോധ മാർഗങ്ങൾ ഒന്നും ഉപയോഗിക്കാതെ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്ത എംഎൽഎക്കെതിരെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ കോൺഗ്രസ് എംഎൽഎയെ വിമർശിച്ച് രംഗത്തെത്തി.

ഗുജറാത്തില്‍ ഇതുവരെ 650 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 59 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 28 പേര്‍ മരിച്ചു.

അതേസമയം, കോവിഡ്-19 നെ പ്രതിരോധിക്കാൻ രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകുമ്പോഴും വെെറസ് ബാധിതരുടെ എണ്ണം അതിവേഗം വർധിക്കുന്നത് ആശങ്ക സൃഷ്‌ടിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രാജ്യത്ത് 3,000 ത്തിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏപ്രിൽ 12, 13, 14 ദിവസങ്ങളിലായി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 3,286 പേരിലാണ്. രാജ്യത്ത് ആകെ സ്ഥിരീകരിച്ച പോസിറ്റീവ് കേസുകളുടെ 30 ശതമാനവും കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയാണ്.

Read Also: Horoscope Today April 15, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ഇന്നലെ മാത്രം രാജ്യത്ത് സ്ഥിരീകരിച്ചത് 1,463 പോസിറ്റീവ് കേസുകളാണ്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഏപ്രിൽ 12 നു 918 പോസിറ്റീവ് കേസുകൾ ഉണ്ടായിരുന്നു. ഏപ്രിൽ 13 ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് 905 പേരിലാണ്. ഇന്നലെ മാത്രം കോവിഡ് ബാധിച്ച് 29 പേർ മരിച്ചു. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 10,815 ആയി. രോഗം ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 353 ആയി.

മഹാരാഷ്ട്രയിലാണ് കോവിഡ്-19 ഏറ്റവും കൂടുതല്‍ ദുരിതം വിതച്ചിരിക്കുന്നത്. 2,337 കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുംബെെയിലാണ് ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ. ഡൽഹിയിൽ 1,510 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിൽ 1,173 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്നലെ മാത്രം 20,000 ത്തിലേറെ സാംപിളുകൾ പരിശോധിച്ചു. ഇതുവരെ രാജ്യത്ത് രണ്ടരലക്ഷത്തോളം സാംപിളുകൾ പരിശോധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Coronavirus gujarat congress mla tests positive had met cm his deputy

Best of Express