ന്യൂഡൽഹി: ലോകത്താകമാനം കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. വിവിധ രാജ്യങ്ങളിലായി ഒരു കോടി മൂന്ന് ലക്ഷത്തിലധികം പേർക്കാണ് ഇതുവരെ വൈറസ് പിടിപ്പെട്ടത്. കോവിഡ് മരണസംഖ്യയും ഉയരുകയാണ്. 505881 പേർ കോവിഡ് മൂലം മരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. 56.45 ലക്ഷം പേര്‍ രോഗമുക്തി നേടി.
കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ കോവിഡ് -19 ന്റെ ഏറ്റവും മോശം അവസ്ഥ ഇനിയും വരാനിരിക്കുന്നതേയുളളൂവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ആഗോള പ്രതിസന്ധിയാണ് കൊറോണ വൈറസ് മഹാമാരിയെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞു.
സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണത്തിൽ, യുഎസ്, ബ്രസീൽ, റഷ്യ, സ്പെയിൻ, യുകെ എന്നിവയാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട അഞ്ച് രാജ്യങ്ങൾ. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 26.75 ലക്ഷം കവിഞ്ഞു. 1,28,437 പേരാണ് അമേരിക്കയില്‍ ഇതുവരെ മരിച്ചത്. 24 മണിക്കൂറിനിടെ 315 പേരാണ് അമേരിക്കയില്‍ മരിച്ചത്.
Read Also: ഇന്ത്യയുടെ കോവിഡ് വാക്സിൻ അടുത്ത ഘട്ടത്തിലേക്ക്; കോവാക്സിൻ മനുഷ്യരിൽ പരീക്ഷിയ്ക്കാൻ അനുമതി
ബ്രസീലാണ് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകളുള്ള രണ്ടാമത്തെ രാജ്യം. ഇന്നലെ വരെ 1345254 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 57658 പേർക്കാണ് മഹാമാരിയിൽ ജീവൻ നഷ്ടമായത്. രോഗം ഭേദമാകുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വർധനവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും അതോടൊപ്പം മരണസംഖ്യയും പുതിയ കേസുകളും വർധിക്കുന്നത് ആശങ്കയിലാക്കുന്നുണ്ട്.
രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള റഷ്യയിൽ ഇതുവരെ 634437 പേർക്ക് രോഗം പിടിപ്പെട്ടപ്പോൾ 9073 പേർക്ക് മാത്രമാണ് ജീവൻ നഷ്ടമായത്. എന്നാൽ ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 15301 പേർ മരണപ്പെട്ടപ്പോൾ 28637 പേർ രോഗമുക്തരായി.