ന്യൂഡൽഹി: ലോകത്താകമാനം പടർന്നു പിടിച്ച കൊറോണ വൈറസിൽ മരിച്ചവരുടെ എണ്ണം 37000 കടന്നിരിക്കുകയായിരുന്നു. ഉദ്ഭവകേന്ദ്രമായ ചൈനയിൽ നിന്ന് ഇപ്പോൾ യൂറോപ്പാണ് വൈറസിന്റെ ആഘാതം പേറുന്നത്. ഇറ്റലിയിലും സ്‌പെയിനിലും രോഗികളുടെ എണ്ണവും മരണനിരക്കും ദിനംപ്രതി വർധിക്കുകയാണ്. ഇപ്പോൾ അമേരിക്കയിലും അതിവേഗം വ്യാപിക്കുന്ന കൊറോണ വൈറസ് മൂലം ബ്രിട്ടനിലും മരണം 1400 ആയി.

കഴിഞ്ഞ 24 മണിക്കൂറിൽ സ്‌പെയിനിൽ മാത്രം മരിച്ചത് 913 ആയി. ഇതോടെ രാജ്യത്ത് ആകെ വൈറസ് ബാധമൂലം മരിച്ചത് 7716 ആണ്. രോഗവ്യാപനം വൈകാതെ ഉയര്‍ന്ന നിലയില്‍ എത്തുമെന്നും പിന്നീട് കേസുകള്‍ കുറയുമെന്നുമാണ് സ്‌പെയിനിലെ ആരോഗ്യ വിദഗ്ധരുടെ നിഗമനം.

ഇറ്റലിയിൽ ഇതുവരെ മരിച്ചത് 11951 ആളുകളാണ്. ഇന്നലെ മാത്രം 812 പേരുടെ മരണവും റിപ്പോർട്ട് ചെയ്തു. ഈസ്റ്റർ വരെ രാജ്യത്ത് ലോക്ക്ഡൗൺ നീട്ടിയിട്ടുണ്ട്. റോമില്‍ കര്‍ദിനാള്‍ എയ്ഞ്ചലോ ഡി ഡൊണോറ്റിസിന് രോഗംസ്ഥിരീകരിച്ചു. അദ്ദേഹം മാര്‍ര്‍പ്പാപ്പയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടില്ലെന്ന് വത്തിക്കാന്‍ അറിയിച്ചു.

ഇന്ത്യയിൽ ഇതുവരെ 1251 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 32 പേർക്ക് ഇതുവരെ ജീവൻ നഷ്ടമാവുകയും ചെയ്തു. ഇവരിൽ 1117 പേർ ചികിത്സയിലാണ്. 101 പേർക്ക് രോഗം ഭേദമായി. അതേസമയം രാജ്യത്ത് രോഗവ്യാപന നിരക്ക് കുറവാണെന്നും ദേശവ്യാപക ലോക്ക് ഡൗണും സാമൂഹിക അകലത്തിനുള്ള മാർഗനിർദേശങ്ങൾ ആളുകൾ കർശനമായി പാലിക്കുന്നതുമാണ് അതിന് കാരണമെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി പറയുന്നു. 12 ദിവസം കൊണ്ടാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണം 100ൽ നിന്ന് 1000ലേക്കുയർന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook