ചൈനയിൽ ശീതീകരിച്ച സമുദ്രവിഭവങ്ങളുടെ പാക്കേജിൽ കൊറോണ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയതായി റിപ്പോർട്ട്. ഇറുക്കുമതി ചെയ്ത പാക്കറ്റുകളിലാണ് ചൈനീസ് അധികൃതർ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയതെന്ന് റോയിറ്റേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ജൂലൈ മാസത്തിന് ശേഷം ഇത് രണ്ടാം തവണയാണ് ചൈനയിൽ ഇറക്കുമതി ചെയ്ത സമുദ്രവിഭവ പാക്കേജിൽ കൊറോണ വൈറസ് സാന്നിദ്ധ്യം കണ്ടെത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
തുറമുഖ നഗരമായ ഡാലിയനിൽ നിന്ന് എത്തിച്ച പാക്കേജുകളിലാണ് വൈറസ് സാന്നിദ്ധ്യം. വടക്കുകിഴക്കൻ പ്രവിശ്യയായ ലിയോണിംഗിലെ പ്രധാന തുറമുഖ നഗരമായ ഡാലിയനിൽ അടുത്തിടെ കോവിഡ്-19 കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു.
Read More: Covid-19 Vaccine: ലോകത്തെ ആദ്യത്തെ കോവിഡ്-19 വാക്‌സിന് റഷ്യ അനുമതി നല്‍കി
കിഴക്കൻ ഷാൻഡോംഗ് പ്രവിശ്യയിലെ തുറമുഖ നഗരമായ യാൻതായിയിലെ മൂന്ന് കമ്പനികൾ വാങ്ങിയ ഉൽപന്നങ്ങളുടെ പുറം പാക്കേജിംഗിലാണ് വൈറസ് കണ്ടെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഡാലിയൻ തുറമുഖത്ത് എത്തിയ ഇറക്കുമതിചെയ്ത ഉൽപന്നത്തിലാണ് വൈറസ് സാന്നിദ്ധ്യമെന്ന് യാൻതായ് നഗര ഭരണകൂടം പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ അത് എവിടെ നിന്നാണ് ഉത്ഭവിച്ചതെന്ന് അറിയില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
ജൂലൈയിൽ, ഇക്വഡോറിൽ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച ചെമ്മീനുകളുടെ പാക്കേജിംഗിൽ കോവിഡ് വൈറസ് സാന്നിദ്ധ്യം ഡാലിയനിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. തുടർന്ന് ഇക്വഡോറിൽ നിന്നുള്ള മൂന്ന് ചെമ്മീൻ ഉൽപാദകരിൽ നിന്നുള്ള ഇറക്കുമതി ചൈന നിർത്തിവയ്ക്കുകയും ചെയ്തിരുന്നു.
Read More: ന്യൂസീലൻഡിൽ 102 ദിവസത്തിനു ശേഷം സമ്പർക്കത്തിലൂടെ കോവിഡ് രോഗബാധ
യാൻതായിയിലുള്ള കമ്പനികൾ വാങ്ങിയ സമുദ്രവിഭവ പാക്കറ്റുകളിൽ ചിലത് കയറ്റുമതിക്കായി പ്രോസസ്സ് ചെയ്തിട്ടുണ്ട്, ബാക്കിയുള്ളവ കോൾഡ് സ്റ്റോറേജിൽ സൂക്ഷിക്കുകയാണെന്നും കമ്പോളത്തിൽ എത്തിയിട്ടില്ലെന്നും പ്രാദേശിക ഭരണകൂടത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
അതേസമയം, കമ്പനികളിൽ നിന്ന് ഏതെങ്കിലും പാക്കേജ് കയറ്റുമതി ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കാൻ പ്രാദേശിക സർക്കാർ വിസമ്മതിച്ചു.
ജൂലൈ അവസാനത്തിലാണ്, ഡാലിയൻ നഗരത്തിൽ ആദ്യമായി വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. ഒരു സീഫുഡ് പ്രോസസ്സിംഗ് കമ്പനിയിൽ ജോലി ചെയ്യുന്ന വ്യക്തിക്കായിരുന്നു രോഗബാധ. ഓഗസ്റ്റ് 9 ഓടെ നഗരത്തിൽ 92 കേസുകൾ റിപ്പോർട്ട് ചെയ്തു.
വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയ ഉൽപന്നങ്ങൾ അധികൃതർ സീൽ ചെയ്തതായി പ്രാദേശിക സർക്കാർ അറിയിച്ചു. ഉൽപന്നങ്ങൾ കൈകാര്യം ചെയ്ത എല്ലാവരും ക്വാറന്റൈന് വിധേയരാണെന്നും കോവിഡ് പരിശോധനയിൽ നെഗറ്റീവ് ഫലം ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം നവംബറിൽ ചൈനയിലെ വുഹാനിലാണ് ആദ്യമായി കോവിഡ് രോഗ ബാധ കണ്ടെത്തിയത്.
Read More: Coronavirus found on frozen seafood package in China for second time