വാഷിങ്ടൺ: കൊറോണ വൈറസ് പിടിമുറുക്കിയിരിക്കുന്ന അമേരിക്കയിൽ രോഗ ബാധിതരുടെ എണ്ണവും മരിക്കുന്നവരുടെ എണ്ണവും ദിനംപ്രതി വർധിക്കുകയാണ്. ഇന്നലെ മാത്രം 1919 പേരാണ് അമേരിക്കയിൽ കൊറോണ വൈറസ് മൂലം മരിച്ചത്. ഇതിൽ നാല് മലയാളികളും ഉൾപ്പെടുന്നു. തൊടുപുഴ, കോഴഞ്ചേരി സ്വദേശികളാണ് മരിച്ചത്. ഇതോടെ കേരളത്തിന് പുറത്ത് മരിച്ചവരുടെ എണ്ണം 24 ആയി.
അമേരിക്കയിൽ മാത്രം കോവിഡ്-19 മൂലം മരിച്ചവരുടെ എണ്ണം 12000 കടന്നതായാണ് റിപ്പോർട്ടുകൾ. നാല് ലക്ഷത്തിനടുത്ത് ആളുകൾക്കാണ് അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചത്. ലോകത്താകെ 1.4 ദശലക്ഷം ആളുകളിലാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. അമേരിക്കയ്ക്ക് പുറമെ ഇറ്റലി, യുകെ, ഫ്രാൻസ്, സ്പെയിൻ, ബെൽജിയം എന്നീ രാജ്യങ്ങളാണ് കോവിഡ്-19 മൂലമുള്ള ഭീകരത ഏറ്റവുമധികം അറിഞ്ഞത്.
ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം വർധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 508 പുതിയ കോവിഡ്-19 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4789 ആയി. 124 പേർ മരണപ്പെട്ടപ്പോൾ 353 പേർ രോഗം മാറി ജീവിതത്തിലേക്ക് മടങ്ങിയെത്തി.
ഇറ്റലിക്കുശേഷം കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച രണ്ടാമത്തെ രാജ്യമാണു സ്പെയിന്. ഇവിടെ പുതുതായി വൈറസ് ബാധിച്ചവരുടെ എണ്ണം 4.1 ശതമാനം ഉയര്‍ന്ന് മൊത്തം രോഗികള്‍ 140,510 ആയി. പുതിയ കേസുകളുടെ എണ്ണത്തിലെ വര്‍ധന തിങ്കളാഴ്ച 3.3 ശതമാനമായിരുന്നു. കഴിഞ്ഞ നാലുദിവസങ്ങളില്‍ മരണനിരക്ക് കുറഞ്ഞിരുന്നെങ്കിലും ഇന്ന് വര്‍ധിച്ചു. ഇന്ന് 743 പേരാണു മരിച്ചത്. ഇതോടെ മൊത്തം മരണനിരക്ക് 13,798 ആയി.
മൂന്നു മാസത്തിനിടെ ആദ്യമായി പുതുതായി മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നതു ചൈനയ്ക്കു വലിയ ആശ്വാസം നല്‍കുന്നതാണ്. ദേശീയ ആരോഗ്യ കമ്മിഷനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് മുതല്‍ ചൈനയിലെ കേസുകള്‍ കുറഞ്ഞുവരികയാണ്. എന്നാല്‍ വിദേശത്ത് നിന്ന് എത്തിയ രണ്ടാമത്തെ വൈറസ് ബാധ തരംഗത്തെ ചൈന അഭിമുഖീകരിക്കുകയാണ്. ഇത്തരത്തിലുള്ള ആയിരത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.